Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഉത്തരത്തിലുണ്ട് കേരളത്തിൽ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയായ ആർ. ശ്രീലേഖയുടെ വ്യക്തിത്വം

sreerekha-1.jpg.image.470.246 ആർ. ശ്രീലേഖ. ഐപിഎസ്.

കേരള കേഡറിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ  നാലു വർഷം മുമ്പ് ഒരു സാങ്കൽപിക ചോദ്യം നേരിട്ടു. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപി ആകുമ്പോൾ വനിതകൾക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്നായിരുന്നു ചോദ്യം. വനിതാപൊലീസ്  ഉണ്ടെങ്കിലും സ്‌റ്റേഷനിലെത്തി പരാതി നൽകാൻ ഇപ്പോഴും സ്‌ത്രീകൾക്കു കഴിയുന്നില്ല.

ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്‌പി, സിഐ, എസ്‌ഐ റാങ്കിലെല്ലാം സ്‌ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്‌ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസർമാർക്കു സാധിക്കൂ. ഇപ്പോൾ സ്‌ത്രീ കുറ്റവാളികളെ അറസ്‌റ്റുചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്‌ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ. 

ഈ ഉത്തരത്തിലുണ്ട് കേരളത്തിൽ ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിതയായ ആർ. ശ്രീലേഖയുടെ വ്യക്തിത്വം. 

ശരിയെന്നു തോന്നുന്നതു പറയുക. പറഞ്ഞതു നടപ്പാക്കാൻവേണ്ടി ആത്മാർഥമായി പരിശ്രമിക്കുക: ഈ രണ്ടു ഗുണങ്ങളാണ് കേരളത്തിൽ നിയമനം ലഭിച്ച  ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസറെ വ്യത്യസ്തയാക്കുന്നും ഒരുപരിധി വരെ വിവാദനായികയാക്കുന്നതും. പക്ഷേ, വിവാദങ്ങളെ ഭയന്നോ ഇമേജ് പേടിച്ചോ സുരക്ഷിതത്വത്തിന്റെ മാളത്തിലൊളിക്കാൻ സർവീസ് കാലത്തൊരിക്കലും ശ്രീലേഖ തയ്യാറായിട്ടില്ല. വ്യക്തിത്വത്തിലെ ഗുണവിശേഷങ്ങൾ എന്നും കാത്തുസൂക്ഷിച്ചയാളെത്തേടി ഇപ്പോഴിതാ ഉന്നതപദവിയുമെത്തിയിരിക്കുന്നു: ഡിജിപി തസ്തിക. 

ഉന്നത സ്ഥാനങ്ങളിലെത്തിയാൽ സത്യം മറച്ചുപിടിച്ച് നിലവിലെ വ്യവസ്ഥയെ പിന്തുണച്ചു സംസാരിക്കുന്നതാണു പല പ്രമുഖരുടെയും രീതി. കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്നു നടിക്കുക.പകരം സ്വന്തം സുരക്ഷിതത്വം കാത്തുസൂക്ഷിക്കുക. കേരളത്തിൽ ഈ പതിവിനു മാറ്റം വരുത്തിയതിൽ ആർ.ശ്രീലേഖയ്ക്ക് വലിയ പങ്കുണ്ട്. ഒരു വർഷം മുമ്പ് ഒരു ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ സ്ത്രീ സുരക്ഷയെക്കുറിച്ച് അപ്പോൾ എഡിജിപി ആയിരുന്ന ശ്രലേഖ പറഞ്ഞത് ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർ ഇഷ്ടപ്പെടാത്ത സത്യം.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി അഞ്ചു വർഷം മുൻപുണ്ടാക്കിയ നിർഭയ സെൽ ഇപ്പോൾ ചാരമായി തീർന്നതായി അന്നവർ പറഞ്ഞു. നിർഭയയ്ക്കു പുനർജീവനം വേണമെന്നും ആവശ്യപ്പെട്ടു. ഒദ്യോഗിക ഭരണ സംവിധാനത്തിന്റെ ഭാഗമായി ഇരിക്കുമ്പോഴാണ് ശ്രീലേഖ ഇക്കാര്യം പറഞ്ഞത്. താൻ പറയുന്നത് ആർക്കൊക്കെ ഇഷ്ടപ്പെടുമെന്ന് അവർ അപ്പോൾ ആലോചിച്ചില്ല. 

സമൂഹത്തിൽ നിന്ന് അപ്രത്യക്ഷരാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം കൂടുകയാണ്. ഓരോ വർഷവും അതിക്രമങ്ങളും കൂടിവരുന്നു. സ്‌ത്രീ സുരക്ഷയ്‌ക്കായി ഉണ്ടാക്കിയ നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.ഇതിനായി പുതിയൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. അറിഞ്ഞിട്ടും എത്രയോ പേർ പുറത്തുപറയാതിരുന്ന സത്യമാണ് അന്ന് ശ്രീലേഖ പറഞ്ഞത്. ആ വാക്കുകളിലെ സത്യസന്ധവും ആത്മാർഥതയും തിരിച്ചറിഞ്ഞതിനാലാകണം അന്നതു വിവാദമാകാതിരുന്നത്. 

പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തിനു മാറ്റം വരുത്താൻ സാമൂഹിക അവബോധം വേണം. പൊലീസ് സേനയിൽ ഇന്നു വനിതാ പൊലീസുകാരുടെ എണ്ണം രണ്ടായിരത്തോളം മാത്രമാണ്. ഇത്രയും പേരെ ഉപയോഗിച്ചു സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സുരക്ഷാ സമിതികൾ ഉണ്ടാക്കാനാകില്ല. അതിനു വനിതാ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും  ശ്രീലേഖ പറഞ്ഞു. 

കേരളത്തിലെ സ്ത്രീ സമൂഹം പ്രതിക്ഷയോടെ കേട്ട വാക്കുകൾ. ഇങ്ങനെയുള്ള ഉദ്യോഗസ്ഥരാണു തലപ്പത്തു വേണ്ടതെന്നും അന്നു പലരും അടക്കം പറഞ്ഞു. താൽക്കാലിക തിരിച്ചടികൾ ഉണ്ടായാലും സത്യത്തിന്റെയും നീതിയുടെയും ഭാഗത്തുനിൽക്കുന്നവരെതേടി ഉന്നത പദവികൾ എത്തുകതന്നെ ചെയ്യുമെന്ന് ഇപ്പോഴിതാ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്. ഓഫീസറായി ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിനെക്കുറിച്ചും വ്യത്യസ്ത വീക്ഷണമായിരുന്നു അവർക്കുണ്ടായിരുന്നത്.

ഒരു ചോദ്യത്തിനു മറുപടിയായി തന്റെ പദവിയെ അവർ വിലയിരുത്തിയതിങ്ങനെ.  എനിക്ക് മുമ്പും കേരളത്തിൽ ഐ.പി.സ്. നേടിയ വനിതകളുണ്ട്. നിർഭാഗ്യവശാൽ അവർക്കൊന്നും ഇവിടെ പോസ്‌റ്റിങ് കിട്ടിയില്ല. എന്നെ സംബന്ധിച്ച് അൽപംകൂടി ഉയർന്ന റാങ്ക് ഉണ്ടായിരുന്നതുകൊണ്ട് സ്വന്തം നാട്ടിൽ തന്നെ പോസ്‌റ്റു ചെയ്‌തു എന്നുമാത്രം. പിന്നെ എനിക്ക് പറയാനുള്ളത് കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ എന്ന നിലയിലല്ല എന്നെ വിലയിരുത്തേണ്ടത്. ഞാനൊരു നല്ല ഓഫീസറാണോ അല്ലയോ എന്ന തരത്തിലാണ്. ഞാൻ ചെയ്യുന്ന കൃത്യങ്ങൾ ഡിപ്പാർട്ട്‌മെന്റിനും ജനങ്ങൾക്കും ഗുണകരമാകുന്നുണ്ടോ എന്നു മാത്രം നോക്കിയാൽ മതി. മറ്റുള്ളതിലൊന്നും വലിയ കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല.

നിയമങ്ങളുടെ അപര്യാപ്‌തതയല്ല മറിച്ച്, അവ നടപ്പാക്കുന്നതിൽ വരുന്ന പാളിച്ചകളാണ് നമ്മുടെ നാട്ടിലെ പ്രധാനപ്രശ്നം എന്നു തുറന്നു പറഞ്ഞ ഉദ്യോഗസ്ഥ ഇപ്പോൾ കേരളത്തിലെ ഉന്നതപദവിയിൽ അവരോധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ സമൂഹത്തിന് ഈ ഔദ്യോഗിക പദവി നൽകുന്ന സുരക്ഷിതത്വവും സമാധാനവും വളരെ വലുതാണ്; പ്രതീക്ഷയും. തങ്ങളെ അറിയുന്ന, തങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന ഒരാൾ ഡിജിപി ആയതിൽ അഭിമാനിക്കുന്നുണ്ട് നാട്ടിലെ സ്ത്രീസമൂഹം.

വാക്കുകളെ പ്രവൃത്തിയിലേക്കു പരിവർത്തനം ചെയ്യാനും അങ്ങനെ ഒരു പുതിയ സംസ്കാരം രൂപപ്പെടുത്താനുമുള്ള അവസരം. സാക്ഷരതയുൾപ്പെടെയുള്ള കാര്യങ്ങളിൽ ലോകത്തിനുതന്നെ മാതൃകയായ കേരളം വനിതാ മുന്നേറ്റത്തിലും പുതിയ ചരിത്രം കുറിക്കുന്നു. അമരത്ത് ആ അപൂർവ പദവി അലങ്കരിക്കാൻ എന്തുകൊണ്ടും യോഗ്യയായ ഒരാളും ! അതേ,  കേരളം വളരുന്നു; വനിതകൾക്ക് അഭിമാനമായും , വ്യക്തിത്വത്തെ തിരിച്ചറിഞ്ഞതിനു ലഭിച്ച അപൂർവ പദവിയുമായി ആർ.ശ്രീലേഖയും.