Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തോ, സ്ത്രീകൾക്ക് ഇഷ്ടമാണ് ഹർദിക് പാണ്ഡ്യയെ

hardik-parinneti ഹർദ്ദിക് പാണ്ഡ്യ, പരിനീതി ചോപ്ര.

ബോളിവുഡ് താരങ്ങൾക്കു തുല്യമോ ചിലപ്പോൾ അതിനു മേലെയോ ആരാധിക്കപ്പെടാറുണ്ട് ചില കായിക താരങ്ങൾ. കളിക്കളത്തിലെ മികച്ച പ്രകടനം കൊണ്ടു മാത്രമല്ല നല്ല ലുക്കും സ്റ്റൈൽ സ്റ്റേറ്റ്മെൻറും ഒക്കെ വിലയിരുത്തിയ ശേഷമാണ് ആരാധകർ അവരെ നെഞ്ചിലേറ്റുന്നത്. തങ്ങൾക്കു ലഭിക്കുന്ന പ്രശസ്തി നന്നായി ആസ്വദിക്കുന്നുമുണ്ട് കായികലോകത്തെ യുവതാരങ്ങൾ. ക്രിക്കറ്റ്താരം ഹർദ്ദിക് പാണ്ഡ്യയെക്കുറിച്ചു പറയുകയാണെങ്കിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് അദ്ദേഹത്തിന്റെ ആരാധകർ.

ആസ്ട്രേലിയക്കെതിരെയുള്ള ഉഗ്രൻ പോരാട്ടത്തിനു ശേഷം സമൂഹമാധ്യമങ്ങളിലും ഈ 23 വയസ്സുകാരന് നിറയെ ആരാധകരുണ്ട്. ബോളിവുഡ് നടിമാർ,ടെലിവിഷൻ അവതാരകർ അങ്ങനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവർ മുതൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾ വരെ ആരാധകരുടെ പട്ടികയിൽപ്പെടും. ആരാധകരുടെ അഭിനന്ദനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കാനും ഹർദ്ദിക്കിന് മടിയില്ല. 

ട്വിറ്ററിലൂടെ തനിക്കു സന്ദേശമയച്ച ടെലിവിഷൻ അവതാരക ഷിബാനി ദണ്ഡേദ്ക്കറിന് ഹർദ്ദിപ് മറുപടി നൽകിയത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒട്ടുമിക്ക ക്രിക്കറ്റ്കളിക്കാരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഷിബാനി ഗ്യാങ്സ്റ്റർ എന്ന് വിശേഷിപ്പിച്ചാണ് ഹർദ്ദിക്കിനെ അഭിനന്ദിച്ചത്. മകന് സ്ത്രീ ആരാധകരാണല്ലോ കൂടുതൽ എന്ന ചോദ്യത്തിന് ഹർദ്ദിക്കിന്റെ അച്ഛൻ ഹിമൻഷു പാണ്ഡ്യ നൽകിയതും വളരെ രസകരമായ മറുപടിയാണ്.

'' കളിക്കളത്തിലെ അവന്റെ സ്റ്റൈലും പ്രകടനവുമാവാം പെൺകുട്ടികളെ ആകർഷിക്കുന്നത്. അവൻ അവന്റെ ജോലിയും ജീവിതവും ആസ്വദിക്കട്ടെ. ടിവി അവതാരകയുമായുള്ള ട്വീറ്റിനെപ്പറ്റി ചോദിച്ചപ്പോഴും ആ മനുഷ്യൻ കൂളായി മറുപടി പറഞ്ഞു. ലൈംലൈറ്റിലെത്തുന്ന എല്ലാ ക്രിക്കറ്റേഴ്സിനും എല്ലാമേഖലയിൽ നിന്നും ശ്രദ്ധ ലഭിക്കാറില്ലേ അത്രേയുള്ളൂ ഇതും. ആരാധകരിൽ ഭ്രമിച്ച് അവൻ ഉത്തരവാദിത്തങ്ങൾ മറക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മാനസീകമായി നല്ല കരുത്തുള്ളയാളാണ് എന്റെ മകൻ. കളിക്കളത്തിലെ അവന്റെ മികച്ച പ്രകടനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു''.

ഹർദിക്കും പരിനീതി ചോപ്രയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഇടയ്ക്കുയർന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ പരിനീതി പങ്കുവെച്ച ഒരു ചിത്രത്തെത്തുടർന്നാണ് ഗോസിപ്പ് ബലപ്പെട്ടത്. ''ഇവിടുത്തെ വായുവിനു പോലും പ്രണയത്തിന്റെ ഗന്ധമാണ്. ഉത്തമപങ്കാളിയുമായുള്ള യാത്ര'' എന്ന അടിക്കുറിപ്പോടെ ഒരു സൈക്കിളിന്റെ ചിത്രമാണ് പരിനീതി പങ്കുവെച്ചത്. ആ പങ്കാളി ആരാണെന്ന ആശയക്കുഴപ്പത്തിൽ ആരാധകരിരിക്കുമ്പോഴാണ് 'അതാരാണെന്നു പറയട്ടെ' എന്ന ചോദ്യത്തോടെ ഹർദ്ദിക് ആ ചിത്രത്തിന്റെ താഴെ കമന്റിട്ടത്. 'ചിലപ്പോൾ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ ആയിരിക്കാം, ചിലപ്പോൾ അല്ലായിരിക്കാമെന്നും ആ ചിത്രത്തിൽത്തന്നെ ഒരു ക്ലൂവുണ്ടെന്നുമായിരുന്നു' പരിനീതിയുടെ മറുപടി.

ക്രിക്കറ്റ്താരമായത് ജീവിതത്തെ മാറ്റിയിട്ടുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ' ഞാനിപ്പോഴും പഴയ ഹർദ്ദിക് എന്നുതന്നെയാണെന്നും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വഭാവത്തിൽ അൽപ്പം ശാന്തത കൈവന്നുവെന്നതുമാത്രമാണ് മാറ്റമായി തോന്നുന്നതെന്നുമായിരുന്നു' അദ്ദേഹത്തിന്റെ മറുപടി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഹർദ്ദിക്കിനെക്കുറിച്ചും രാഹുലിനെക്കുറിച്ചും കോച്ച് രവി ശാസ്ത്രി പറഞ്ഞതിതാണ്. '' ഈ കാലഘട്ടത്തിലെ പ്ലയേഴ്സ് ഓഫ് ഫീൽഡിൽ അവർക്കിഷ്ടമുള്ളതെല്ലാം ചെയ്യും. പക്ഷേ കളിക്കളത്തിലിറങ്ങിയാൽ അവരുടെ മുഴുവൻ ശ്രദ്ധയും ക്രിക്കറ്റിലായിരിക്കും. ജോലിയിലെ എത്തിക്സ് വിട്ടുള്ള ഒരു കളിക്കും അവർ തയാറാവുകയുമില്ല''.

വിരാട് കോഹ്‌ലിയുമായി നല്ലൊരു റാപ്പോ ഹർദ്ദിക്കിനുണ്ടെന്ന് ആളുകൾക്കറിയാം. വിരാടിന്റെ വിജയങ്ങളെ മാതൃകയാക്കി സ്വന്തം കരിയറിലും വിജയങ്ങൾ ഒന്നൊന്നായി സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.