Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തട്ടിപ്പുകേസിൽ പ്രതിയായ അമ്മ കോടതിയിൽ; വിശന്നുകരഞ്ഞ കുഞ്ഞിനെ പാലൂട്ടി പൊലീസ് ഉദ്യോഗസ്ഥ

salute

അമ്മ എന്ന വാക്ക് എത്ര മഹത്തരമാണെന്നു പറയാതെ പറയുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രം. പൊലീസ് യൂണിഫോമിൽ കുഞ്ഞിനു മുലയൂട്ടുന്ന ഒരു അമ്മയുടെ ചിത്രമാണത്. എന്നാൽ ആ അമ്മ പാലൂട്ടുന്നത് സ്വന്തം കുഞ്ഞിനല്ല. കോടതിയിൽ വിചാരണ നേരിടുന്ന ഒരു സ്ത്രീയുടെ കുഞ്ഞിനാണെന്നറിയുമ്പോഴാണ് എഴുന്നേറ്റു നിന്ന് ആ അമ്മയ്ക്കൊരു സല്യൂട്ട് നൽകുവാൻ ലോകത്തിനു തോന്നിയത്.

സെന്‍ട്രല്‍ ചൈനയിലെ ഷാന്‍സി ജിന്‍സോങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോര്‍ട്ടിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു ഹൃദയങ്ങളെ സ്പർശിച്ചുകൊണ്ട് ചർച്ചയായത്. നാലുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പൊലീസ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചാണ് തട്ടിപ്പുകേസിൽ പ്രതിയായ യുവതി വിചാരണയ്ക്കായി കോടതിയ്ക്കുള്ളിൽ പ്രവേശിച്ചത്.

അമ്മ പോയി അൽപ്പം കഴിഞ്ഞ ശേഷം ആ കുഞ്ഞുണർന്നു വാവിട്ടു കരയാൻ തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ പൊലീസ് ഉദ്യോഗസ്ഥർ കുഴങ്ങി. അപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയായ ഹവോലിന ധീരമായ ഒരു തീരുമാനവുമായി മുന്നോട്ടു വന്നത്. കുഞ്ഞിന്റെ അമ്മയുടെ അനുവാദം വാങ്ങിയ ശേഷം കോടതിവരാന്തയുടെ ഒഴിഞ്ഞ മൂലയിലിരുന്ന് അവർ ആ കുഞ്ഞിനെ മുലയൂട്ടി.

സംഭവത്തെക്കുറിച്ച് ഹവോ ലിന പറയുന്നതിങ്ങനെ. ഞാനും ഈ അടുത്ത് അമ്മയായ ഒരു സ്ത്രീയാണ്. കുഞ്ഞിനെ ഇങ്ങനെയൊരു അവസ്ഥയിൽ വിട്ടിട്ടു പോകുമ്പോഴുള്ള ഒരമ്മയുടെ മനസ്സിന്റെ പിടപ്പ് എനിക്കു നന്നായറിയാം. എന്നാലാവും വിധം കുഞ്ഞിനെ സ്വാന്തനപ്പെടുത്തണം എന്ന ചിന്ത മാത്രമേ അപ്പോഴെന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. 

സഹപ്രവർത്തകയായ പൊലീസ് ഉദ്യോഗസ്ഥ ചിത്രങ്ങൾ പകർത്തുകയും കോടതി ഈ ചിത്രങ്ങൾ ഒഫിഷ്യൽ വെബ്സൈറ്റിലും സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തതോടെയാണ് ഈ നല്ല വാർത്തയെക്കുറിച്ച് ലോകമറിഞ്ഞത്. സംഭവമറിഞ്ഞ് അഭിനന്ദിക്കാനെത്തുന്നവരോട് വിനയത്തോടെ  ഹവോ ലിന പറയുന്നതിങ്ങനെ. എന്റെ സ്ഥാനത്ത് വേറെ ഏതൊരു പൊലീസ് ഉദ്യോഗസ്ഥ ആയിരുന്നെങ്കിലും ഇതു തന്നെ ചെയ്യുമായിരുന്നു.ഞാനും ഒരമ്മയാണ്. നാളെ എന്റെ കുഞ്ഞിനരുകിൽ ഞാനില്ലാത്ത ഒരവസ്ഥയുണ്ടായാൽ ആ കുഞ്ഞിനെ സഹായിക്കാനും ഇതുപോലെ ആരെങ്കിലുമുണ്ടാവുമെന്ന് ​ഞാൻ പ്രതീക്ഷിക്കുന്നു.

കുഞ്ഞിനു വേണ്ടി പൊലീസ് ഉദ്യോഗസ്ഥർ ചെയ്ത നന്മ കുഞ്ഞിന്റെ അമ്മയുടെ ഹൃദയത്തെ സ്പർശിച്ചുവെന്നും. പൊലീസ് ഉദ്യോഗസ്ഥയോട് എങ്ങനെ നന്ദി പറയണമെന്നറിയാതെ കരഞ്ഞുകൊണ്ടാണ് ആ അമ്മ കോടതിക്കു പുറത്തിറങ്ങിയതെന്നും അധികൃതർ പറയുന്നു.