Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകന്റെ കുടിലിൽനിന്നു കലക്ടറുടെ കസേരയിലെത്തിയ രോഹിണി; 170 വർഷത്തെ ചരിത്രം തിരുത്തിയ വനിത

rohini-ias രോഹിണി ഐഎഎസ്. ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

രോഹിണിക്കു 10 വയസ്സുപോലുമായിട്ടില്ല. അന്ന് അവളുടെ ഏറ്റവും വലിയ ദുഖം അച്ഛനായിരുന്നു. പരാതികളും ആവശ്യങ്ങളുമായി എന്നും പുറത്തുപോയി നിരാശനായി തിരിച്ചെത്തുന്ന അച്ഛൻ. കഷ്ടപ്പാടുകളും ദുരിതങ്ങളും താങ്ങാനാകാതെ സഹായം ചോദിച്ചാണ് അച്ഛൻ പുറത്തുപോകുന്നത്. വെറുംകയ്യോടെ എന്നും തിരിച്ചുവരുന്നു. സർക്കാരിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നു അദ്ദേഹത്തിനു കിട്ടേണ്ട ആനുകൂല്യങ്ങൾ. ഒരുദിവസം രോഹിണി അച്ഛനോടു ചോദിച്ചു:ആരാണച്ഛാ നമ്മുടെ കഷ്ടപ്പാടിന്റെ ഉത്തരവാദി ? ആരു വിചാരിച്ചാൽ നമ്മുടെ ദുരിതങ്ങൾ തീരും ?

ജില്ലാ കലക്ടർ എന്ന് അച്ഛൻ മറുപടി പറഞ്ഞപ്പോൾ തന്നെ ആ കൊച്ചുപെൺകുട്ടി ഒരുകാര്യം തീരുമാനിച്ചു:വലുതാകുമ്പോൾ കലക്ടറാകണം. തളർന്നു വീഴുന്ന കർഷകരെ സഹായിക്കണം. ചുവപ്പുനാടയുടെ കെട്ടഴിച്ച് ആനുകൂല്യങ്ങൾ അർഹർക്കു ലഭ്യമാക്കണം. ഓഫിസുകളിൽ കയറിയിറങ്ങി നടന്നു കർഷകരുടെ കാലു തേയരുത്. വലുതാകുന്നതനുസരിച്ചു രോഹിണിയുടെ മനസ്സിൽ ആ സ്വപ്നവും വളർന്നുകൊണ്ടിരുന്നു. ദാരിദ്ര്യവും പ്രയാസങ്ങളും പിന്നോട്ടടിക്കുമ്പോഴും മുന്നോട്ടു കുതിക്കാൻ ഊർജം സംഭരിച്ച സ്വപ്നം. വർഷങ്ങൾക്കുശേഷം സ്വപ്നം സാക്ഷാത്‍കരിക്കപ്പെട്ടിരിക്കുന്നു. അതും ചരിത്രം സൃഷ്ടിച്ചുകൊണ്ട്. 

തമിഴ്നാട്ടിലെ സേലം ജില്ലയുടെ ആദ്യ വനിതാ കലക്ടറായിരിക്കുന്നു രോഹിണി. ജില്ലയുടെ 170 വർഷം നീണ്ട ചരിത്രത്തിലെ ആദ്യ വനിതാ കലക്ടർ. മഹാരാഷ്ട്രയിൽനിന്നുള്ള ഒരു പാവം കർഷകന്റെ മകൾ രോഹിണി ഭാജിബകരെ ഇത്രനാളും ഉന്നതകുലജാതരായ പുരുഷൻമാർ കുത്തകയാക്കിവച്ചിരുന്ന കലക്ടറുടെ കസേരയിൽ എത്തിയിരിക്കുന്നു:രോഹിണി ബിദരി എന്ന പേരിൽ. 

രോഹിണിയുടെ സ്കൂൾ വിദ്യാഭ്യാസം സർക്കാർ വിദ്യാലയത്തിൽ. സർക്കാർ കോളജിൽനിന്നുതന്നെ എൻജിനീയറങ്ങിൽ ബിരുദം. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനത്തിനു പോകാതെ സിവിൽ സർവീസ് പരീക്ഷയിൽ വിജയവും. രോഹിണി മുന്നേറിയത് കഠിനാധ്വാനത്തിന്റെ വഴിയിലൂടെ. എളുപ്പവഴികൾ തേടിയില്ല. യാദൃച്ഛികതയ്ക്കു വേണ്ടിയോ ഭാഗ്യത്തിനോവേണ്ടി കാത്തുനിന്നില്ല. ആഗ്രഹിച്ചയിടത്തേക്ക് ഇച്ഛാശകിതിയുടെ കരുത്തിലേറി കുതിച്ചു. 

rohini-002 രോഹിണി ഐഎഎസ്. ചിത്രത്തിന് കടപ്പാട്; യുട്യൂബ്.

ഇന്ന് ഉന്നതപദവിയിൽ ഇരിക്കുമ്പോൾ കടന്നുവന്ന വഴികൾ രോഹിണി മറന്നിട്ടില്ല. പദവിയുടെ ഔന്നത്യത്തിൽ അഭിരമിക്കുന്നതിനുപകരം തനിക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് ഗ്രാമങ്ങളുടെ മുഖം മാറ്റാനാണ് കലക്ടർ എന്ന നിലയിൽ രോഹിണിയുടെ പ്രഥമപരിഗണന. സേലത്തെ ഒരു വിദൂരഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കഴിഞ്ഞദിവസം എത്തിയപ്പോൾ സ്ഥലത്തെ സർക്കാർ സ്കൂൾ സന്ദർശിക്കാൻ രോഹിണി തീരുമാനിച്ചു. അറിയിപ്പു കൊടുക്കാതെ ഒരു മിന്നൽ സന്ദർശനം. 

കരുതരാജപാളയത്തെ ഗ്രാമീണ വിദ്യാലയത്തിൽ എത്തിയപ്പോൾ രോഹിണി കണ്ടത് ക്ലാസ് സമയത്ത് ഓടിക്കളിച്ചു നടക്കുന്ന കുട്ടികളെ. തിരക്കിയപ്പോൾ അധ്യാപകർ ക്ലാസെടുക്കാൻ വരാത്തതുകൊണ്ടാണ് കളിച്ചുനടക്കുന്നതെന്നു പറഞ്ഞു കുട്ടികൾ. അധ്യാപകരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുകയായിരുന്നു അധ്യാപകർ. സമയം കളയാതെ രോഹിണി ക്ലാസ് മുറിയിലേക്കു കയറി. കുട്ടികളെ ക്ലാസിലേക്കു വിളിച്ചു. ഒന്ന്,രണ്ട്, മൂന്നു ക്ലാസുകളിൽ തമിഴും ഇംഗ്ലീഷും പഠിപ്പിക്കാൻ തുടങ്ങി.സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് രോഹിണി കുട്ടികളെ ഉപദേശിച്ചു. ക്ലാസ് സമയത്ത് അധ്യാപകർ ക്ലാസിലെത്തുന്നുണ്ടെന്നു ഉറപ്പാക്കാൻ കലക്ടർ എന്ന നിലയിൽ  വിദ്യാഭ്യാസ അധികൃതർക്കു നിർദേശവും നൽകി. 

വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്ന അഡീഷണൽ കലക്ടറായും മധുര ജില്ലയുടെ ഗ്രാമീണ വികസന അതോറിറ്റിയുടെ പ്രോജക്ട് ഓഫിസറായും പ്രവർത്തിച്ചതിനുശേഷമാണു രോഹിണി കലക്ടറാകുന്നത്. അഭിമാനാർഹമായ നേട്ടത്തിന്റെ വഴിയിൽ ഈ വനിതാ ജില്ലാ കലക്ടർക്ക് എന്നും താങ്ങും തണലുമായി നിൽക്കുന്നതു രണ്ടു പുരുഷൻമാർ: അച്ഛൻ രാമദാസും ഭർത്താവ് വിജയേന്ദ്ര ബിദരിയും. മധുരയിലെ പൊലീസ് സൂപ്രണ്ടാണ് വിജയേന്ദ്ര. ഭാര്യയെക്കുറിച്ചു പറയുമ്പോൾ അഭിമാനം തുളുമ്പുന്നു വിജയേന്ദ്രയുടെ വാക്കുകളിൽ: പോസിറ്റീവായ മനോഭാവത്തിന്റെ ഉടമയാണു രോഹിണി. വനിതകൾ സമൂഹത്തിന്റെ മുൻനിരയിലേക്കു കൂടുതലായി വരണമെന്നും ആഗ്രഹിക്കുന്നയാൾ – വിജയേന്ദ്ര പറയുന്നു. 

with-husband ഭർത്താവിനൊപ്പം.

ഉന്നതപദവികൾ വഹിക്കുന്നവരാണു രണ്ടു പേരുമെങ്കിലും വീട്ടിൽ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജോലികൾ പങ്കുവച്ചും ജീവിക്കുന്നു രോഹിണിയും വിജയേന്ദ്രയും. 

എന്റെ ഭർത്താവിന്റെ ഏറ്റവും വലിയ ഗുണം അദ്ദേഹം എപ്പോഴും എന്നെ പിന്തുണയ്ക്കുന്നു എന്നതാണ്. വീട്ടിലും എനിക്കൊരു ബുദ്ധുമുട്ടും വരാതെ അദ്ദേഹം എല്ലാക്കാര്യങ്ങളും നോക്കുന്നു. വിദഗ്ധയായ പാചകക്കാരിയല്ല ഞാൻ. പക്ഷേ അതൊരിക്കലും അദ്ദേഹം ഒരു പ്രശ്നമാക്കാറില്ല. ജോലിയിൽനിന്നു ഞാൻ താമസിച്ചുവരുന്നതും  വിഷയമാകാറില്ല.ഞാൻ യാത്രയിലായിരിക്കുമ്പോൾ മകനെ നോക്കുന്നതും അദ്ദേഹം തന്നെ: രോഹിണി പറയുന്നു.

with-son മകനൊപ്പം.

മധുരയിൽ എത്തിയപ്പോൾ രോഹിണി ആദ്യം ചെയ്തത് പ്രാദേശിക ഭാഷ നന്നായി പഠിക്കുകയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഭാഷാപഠനം.ഇന്ന് നാട്ടിലെ ഒരാളായി, നാട്ടുകാർക്കൊപ്പം നിന്ന് സങ്കടങ്ങളിൽ താങ്ങായും സഹായങ്ങൾ വേഗമെത്തിച്ചും വികസനത്തിനു വേഗം കൂട്ടിയും രോഹിണി മുന്നേറുന്നു. ഇനിയുമേറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. ആത്മവിശ്വാസം വേണ്ടുവോളമുള്ളപ്പോൾ, ഇച്ഛാശക്തിക്കു കുറവില്ലാത്തപ്പോൾ കർഷകന്റെ കുടിലിൽനിന്നു കലക്ടറുടെ കസേരയിലെത്തിയ രോഹിണിക്ക് ഇനിയും പലതും ചെയ്യാനാകും. നാട്ടുകാർ ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു;ആത്മവിശ്വാസത്തോടെ ഈ വനിതാ കലക്ടറും.