Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ വിവാഹാലോചനകൊണ്ട് ജീവിതം മാറിമറിഞ്ഞ പെൺകുട്ടി ; 15–ാം വയസ്സിൽ സെലിബ്രിറ്റിയുമായി

priya പ്രിയ.

സ്കൂൾ വിട്ടു വന്ന മകളോട് അമ്മയ്ക്കു പറയാൻ അന്നൊരു പുതിയ വിശേഷമുണ്ടായിരുന്നു. ചേച്ചിയുടെ കല്യാണത്തിനൊപ്പം അവളുടെയും വിവാഹം നിശ്ചയിച്ചുവെന്ന്. ശൈശവ വിവാഹം ഉത്തരേന്ത്യയിൽ ഒരു പുതിയമയല്ലാത്തതുകൊണ്ട് ആ വാർത്തകേട്ട് അവൾ ഞെട്ടിയില്ല. ജയ്പൂരിലെ പ്രിയ എന്ന പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഒറ്റ വിവാഹാലോചനകൊണ്ടായിരുന്നു. വിവാഹത്തേക്കാൾ അവൾ ഭയന്നത് തനിക്കു നന്നായി പാചകം ചെയ്യാനറിയില്ല എന്നതിനെയായിരുന്നു. കാരണം അന്നോളം ആ നിഷ്കളങ്കയായ പെൺകുട്ടിക്ക് ശൈശവ വിവാഹം കുറ്റകരമാണെന്നറിയില്ലായിരുന്നു.

അടുത്ത ദിവസം സ്കൂളിൽ പോയപ്പോൾ അമ്മ പങ്കുവെച്ച വിശേഷത്തെക്കുറിച്ച് അവൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെപ്പറഞ്ഞു. പ്രിയയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത അധ്യാപകർ ഉടൻ തന്നെ വിവരം നൊബേൽസമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ ബച്പൻ ബചാവോ ആന്ദോളനിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്കൂളിലെത്തിയ പ്രവർത്തകർ പെൺകുട്ടിയെ മണിക്കൂറുകളോളം ഉപദേശിച്ചു.

ശൈശവവിവാഹം കുറ്റകരമാണെന്നും അതു നടത്തിയാൽ തന്റെ അച്ഛൻ ജയിലിലാവുമെന്നുമൊക്കെ കേട്ടപ്പോൾത്തന്നെ അവൾ ഭയന്നു. വീട്ടിൽ വന്ന് തന്റെ അച്ഛനോടുകൂടി സംസാരിക്കുവാൻ അവൾ പ്രവർത്തകരോടപേക്ഷിച്ചു. ആദ്യമൊന്നും അവരുടെ വാക്കുകൾ പെൺകുട്ടിയുടെ അച്ഛൻ കേട്ടതായിപ്പോലും ഭാവിച്ചില്ല.നിശ്ചയിച്ച കല്യാണം മുടക്കാൻ താൻ തയാറല്ലെന്ന വാദത്തിൽ അച്ഛൻ ഉറച്ചു നിന്നു. പക്ഷേ പിന്മാറാൻ അവൾ ഒരുക്കമല്ലായിരുന്നു. അവൾ വീണ്ടും വീണ്ടും അച്ഛനെ നിർബന്ധിച്ചു. 

വിവാഹം നടന്നുകാണണമെന്ന് തന്നേക്കാൾ കൂടുതൽ ആഗ്രഹം മുത്തശ്ശിക്കാണെന്നും അവരുടെ മനസ്സുമാറിയാൽ വിവാഹം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഒടുവിൽ അച്ഛൻ അറിയിച്ചു. തുടർന്ന് മുത്തശ്ശിയുടെ മനസ്സുമാറ്റാനായി അവളുടെ ശ്രമം. ഒടുവിൽ അവളുടെ കണ്ണീരിനു മുന്നിൽ മുത്തശ്ശിയുടെ മനസ്സലിഞ്ഞു. അങ്ങനെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വിവാഹം വേണ്ടെന്നു വെച്ചു.

ശൈശവ വിവാഹത്തിനെതിരെയുള്ള പോരാട്ടത്തിൽ വീട്ടിൽ അവൾ വിജയിച്ചെങ്കിലും നാട്ടിൽ അവളുടെ കുടുംബം ഒറ്റപ്പെട്ടു. എങ്കിലും തളരാൻ അവൾ ഒരുക്കമല്ലായിരുന്നു. ബച്പൻ ബചാവോ ആന്ദോളിന്റെ പ്രവർത്തകയായി മാറുകയും സമപ്രായക്കാരായ കുട്ടികളെ ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപെടുത്തുകയും അവർക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്തു.

2015 ൽ കൈലാഷ് സത്യാർഥിക്കൊപ്പം  അമേരിക്ക സന്ദര്‍ശിക്കാനും  ഒബാമയെയും മിഷേലിനെയും നേരിട്ട് കാണാനും പ്രിയക്ക് അവസരം ലഭിച്ചു. ഗ്രാമത്തിലെ സാധാരണ പെൺകുട്ടിയെ ലോകമറിഞ്ഞതോടെ ഉപേക്ഷിച്ച നാട്ടുകാർ തന്നെ അവളോടു കൂട്ടുകൂടാൻ ശ്രമിച്ചു. നാട്ടിലൊരു സെലിബ്രിറ്റി ഇമേജുള്ള ആ പെൺകുട്ടി ഇപ്പോൾ ഗ്രാമത്തിന്റെ അഭിമാനമാണ്. ശൈശവ വിവാഹത്തിൽ നിന്നു പിന്മാറിയതോടെ അവൾക്ക് പഠനവും തുടരാൻ സാധിച്ചു. ഇപ്പോൾ 11–ാം ക്ലാസ് വിദ്യാർഥിനിയാണ് പ്രിയ.