Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

48 മണിക്കൂറിന്റെ കഷ്ടപ്പാടിൽ തീർത്ത രംഗോലി നശിപ്പിച്ചവരോട് ദീപികയുടെ മറുപടി

rangoli

പ്രമുഖ ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ‘പത്മാവതി’ സിനിമയെ അധികരിച്ചു  രംഗോലി തയാറാക്കാൻ കരൺ.കെ എന്ന കലാകാരനു വേണ്ടിവന്നതു 48 മണിക്കൂറുകൾ. പക്ഷേ ഏതാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ അക്രമികൾക്ക് ആ രംഗോലി തകർക്കാൻ. ഏതു കലാകാരന്റെയും ഹൃദയം തകർത്ത പ്രവൃത്തി. തന്റെ കലയെ വികൃതമാക്കിയ സംഭവം കരൺ തന്നെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. 

ചിത്രത്തിന്റെ നായിക ദീപിക പദുക്കോണിനു  ക്ഷോഭം അടക്കാനായില്ല.ട്വിറ്ററിൽ കടുത്ത ഭാഷയിൽ ദീപിക അക്രമത്തെ അപലപിച്ചു. നടപടി എടുത്തേ തീരുവെന്ന് അഭിപ്രായം എഴുതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ദീപിക സന്ദേശം അയച്ചു. സംഭവം വിവാദമായതിനെത്തുടർന്നു കേന്ദ്രമന്ത്രി ഇടപെട്ടതോടെ അഞ്ചു പേർ പിടിയിലായി. കർണി സേനയിലെ അംഗങ്ങളാണു നാലുപേർ.ഒരാൾ വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനും. 

സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയുടെ ട്രെയ്‍ലർ പുറത്തിറങ്ങിയതിനെത്തുടർന്ന് ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. പക്ഷേ കണി സേന ചിത്രത്തിന്റെ റിലീസ് തടയാൻ എല്ലാവിധ അക്രമങ്ങളും നടത്തുന്നു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ അനുവദിക്കില്ലെന്നാണു സേനയുടെ നിലപാട്. റിലീസിനു മുമ്പ് ചിത്രം തങ്ങളെ കാണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. 

സൂറത്തിലെ ഉംറ പ്രദേശത്തെ രാഹുൽ രാജ് മാളിൽ പ്രാദേശിക കലാകാരൻ കരൺ വരച്ച രംഗോലിയാണു കഴിഞ്ഞ 16ന് ഒരു സംഘം നശിപ്പിച്ചത്. പത്മാവതിക്കുവേണ്ടി ഒരുക്കിയ സെറ്റ് നേരത്തെ സേനാ പ്രവർത്തകർ നശിപ്പിച്ചിരുന്നു. ചിത്രീകരണം തടസ്സമില്ലാതെ തുടർന്നപ്പോൾ രംഗോലിക്കെതിരെയായി ആക്രമണം. ചിത്രം റീലീസ് ചെയ്യുന്ന തിയറ്ററുകൾ കത്തിക്കുമെന്നും ഭീഷണി നിലവിലുണ്ട്. 

വിവാദങ്ങൾക്കിടെ ഡിസംബർ ഒന്നിനാണ് പത്മാവതിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.