Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമിക്കണം ഡോക്ടറമ്മയെ; ഈ കൈകളിലേക്ക് പിറന്നു വീണത് പതിനായിരത്തിലധികം കുഞ്ഞുങ്ങൾ

bhakti-yadav

ഡോക്ടർ ദൈവതുല്യനാണ്. ദൈവം പോലുമാണ്. സങ്കീർണമായ ഒരു ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിക്കുമ്പോൾ... ആറ്റുനോറ്റിരുന്ന കൺമണിയെ കയ്യിൽ തരുമ്പോൾ...

ജീവിതത്തിലെ എത്രയോ സന്ദർഭങ്ങളിൽ എത്ര നന്ദി പറഞ്ഞാലും മതിവരാതെ ആ മുഖത്തേക്കു നോക്കിനിൽക്കാൻ തോന്നും. ദൈവമല്ലെങ്കിൽ ദൈവത്തിന്റെ പ്രതിനിധിയെങ്കിലുമാണു ഡോക്ടർ. അങ്ങനെ വിശ്വസിക്കുന്ന എത്രയോ പേരുണ്ട്. ഭക്തി യാദവ് എന്ന ഡോക്ടറെ പരിചയപ്പെടാം. ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ 64 വർഷത്തെ സേവനകാലത്തിനിടെ പതിനായിരത്തോളം നവജാതശിശുക്കളെ ജീവിതത്തിലേക്കു നയിച്ചവർ. 

ഭക്തി യാദവ് ജനിക്കുന്നതു മഹിദ്പൂറിലെ ഉജ്ജയിനിയിൽ. 1926 ഏപ്രിൽ മൂന്നിന്. എംബിബിഎസ് എടുക്കുന്നത് ഇൻഡോറിലെ മഹാത്മാ ഗാന്ധി സ്മാരക മെഡിക്കൽ കോളജിൽനിന്ന്. ഇന്ത്യയിലെതന്നെ ആദ്യത്തെ എംബിബിഎസ് നേടിയ ഡോക്ടർ. സമർപ്പണം എന്ന വാക്കിന്റെ പ്രതിരൂപമായിരുന്നു ഭക്തി യാദവ്. ഒരു ഡോക്ടറാകാൻ ജനിച്ചവർ.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷമായപ്പോൾ 1948–ൽ തുടങ്ങി ഭക്തി യാദവിന്റെ സേവനകാലം. തന്റെ ജോലി പൂർണമനസ്സോടെ അവർ ചെയ്തു. അതും സൗജന്യമായി. സ്വാഭാവിക പ്രസവം അവർ എപ്പോഴും പ്രോത്സാഹിപ്പിച്ചു. ഭക്തി യാദവ് സൃഷ്ടിച്ച ചരിത്രം ഇന്ത്യൻ വൈദ്യശാസ്ത്രചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട അധ്യായമാണ്. ഭാവിയിലും ഡോക്ടർമാർ അനുവർത്തിക്കേണ്ട മാതൃക. 

സേവനകാലത്തിനിടെ ഒട്ടേറെ പുരസ്കാരങ്ങളും ഭക്തി യാദവിനെത്തേടിയെത്തി. അംഗീകാരങ്ങൾക്കു തിലകം ചാർത്തി പത്മശ്രീയും. ആരോഗ്യമുള്ള ചെറുപ്പകാലത്തെപ്പോലെ വാർധക്യത്തിലും അവർ സേവനം തുടർന്നു. പ്രായത്തിനും ആവേശത്തെ കുറയ്ക്കാനായില്ല. 91–ാം വയസ്സിലും ഉപദേശങ്ങളും നിർദേശങ്ങളും നൽകിയും ഭക്തി യാദവ് സജീവമായിരുന്നു. അപൂർവമായ ആ ജീവിതം അവസാനിക്കുന്നത് ഈ വർഷം ഓഗസ്റ്റ് 14 ന്. ഒരുപക്ഷേ ഇന്ത്യകണ്ട ഏറ്റവും മികച്ച ഡോക്ടർമാരിലൊരാളെ അന്നു രാജ്യത്തിനു നഷ്ടപ്പെട്ടു. വൈദ്യശാസ്ത്രത്തെ ജീവിതത്തിന്റെ തുടർച്ചയ്ക്കുവേണ്ടി ഉപയോഗിച്ച മഹാമനസ്കയെ. 

രോഗിയെ ചികിത്സിക്കോമ്പോഴല്ല, രോഗിയുമായി ആത്മബന്ധം സ്ഥാപിക്കുമ്പോൾ മാത്രമേ ഡോക്ടർ ആ പേരിന് അർഹയാകൂ എന്നു പറയുമായിരുന്നു ഭക്തി യാദവ്. അമ്മ തന്റെ കുട്ടികളെ രക്ഷിക്കുന്നതുപോലെ ഡോക്ടറും നൂറുകണക്കിനു കുട്ടികളെ രക്ഷിക്കുന്നു. ജീവിതത്തിലേക്കു നയിക്കുന്നു.

രോഗിയെ മനസ്സിലാക്കുകയാണ് ചികിൽസയുടെ അടിസ്ഥാനം എന്ന വലിയ പാഠം പഠിപ്പിച്ച ഭക്തി യാദവ് ലോകത്തിനുതന്നെ മാതൃകയായിരുന്നു. സ്നേഹവും ദയയും എപ്പോഴും ഡോക്ടർക്ക് ഉണ്ടാകണമെന്നും അവർ പറയുമായിരുന്നു.

വൈദ്യശാസ്ത്രത്തിലെ ഉന്നതമൂല്യങ്ങൾ സംരക്ഷിക്കുന്ന ഡോക്ടർമാർ ഇനിയുമുണ്ടാകണമെന്നും ലോകം അങ്ങനെ ആരോഗ്യത്തോടെ മൂന്നോട്ടുപോകണമെന്നും ആഗ്രഹിച്ചു ഭക്തി യാദവ്– അധികമൊന്നും പുകഴ്ത്തപ്പെടാതെ, ആഘോഷിക്കപ്പെടാതെ പോയ വനിതാ ഡോക്ടർ.