Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''എനിക്കിപ്പോഴും ഭര്‍ത്താവുണ്ടെന്ന കാര്യം പോലും ആളുകള്‍ അത്ഭുതത്തോടെയാണ് നോക്കുന്നത്''

shalini-saraswathi ശാലിനി സരസ്വതി.

വര്‍ഷം 2013 . വിവാഹജീവിതത്തിന്റെ വാര്‍ഷികം ആഘോഷിച്ച് കംബോഡിയായില്‍ നിന്ന്  ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരില്‍ മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ ശാലിനി സരസ്വതി. അപ്പോഴേക്കും അവളെ ഗുരുതരമായ പനി ബാധിച്ചു. സാധാരണനിലയില്‍ നിന്ന്  ഗുരുതരാവസ്ഥയിലേക്ക് പനി മാറിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം എല്ലാവരും പകച്ചുനിന്നു പോയി. ആദ്യത്തെ കുഞ്ഞ് അവളുടെ ഉദരത്തില്‍ ജീവന്‍ വച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

പനി രൂക്ഷമാകുന്നതിനൊപ്പം  അപൂര്‍വമായ ബാക്ടീരിയ ഇന്‍ഫെക്ഷനും ശാലിനിയെ ബാധിച്ചു.വരാനിരിക്കുന്ന ദുരിതകാലം വായ് പിളര്‍ത്തുകയാണെന്ന് അപ്പോഴൊന്നും ആരും ഓര്‍ത്തതേയില്ല. പക്ഷേ സംഭവിച്ചത് അതായിരുന്നു. ഐ സിയുവിലെ ആ ദിനങ്ങളില്‍ അവള്‍ക്ക് തന്റെ കുഞ്ഞിനെ എന്നേയ്ക്കുമായി നഷ്ടമായി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അവളതിനെ ഇന്നും കാണുന്നു. രോഗവുമായി കടുത്തപോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇടതു കരം അണു ബാധയെതുടര്‍ന്ന് നിര്‍ജ്ജീവമായെന്നും അതു മുറിച്ചുകളയുക മാത്രമേ പോംവഴിയുള്ളൂവെന്നും ഡോക്ടേഴ്‌സ് അവളോട് പറഞ്ഞത്. 

ഇടതുകരം മുട്ടുകള്‍ക്ക് താഴെ വച്ച് നഷ്ടപ്പെട്ടതിന്റെ വേദനയില്‍ കഴിയുമ്പോള്‍ത്തന്നെ വലതു കരവും നിര്‍ജ്ജീവമായിതുടങ്ങി. ഇരുകരങ്ങള്‍ക്കു പിന്നാലെ അണുബാധ കാലുകളിലേക്കും വ്യാപിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും ഡോക്ടേഴ്‌സിന് മുമ്പില്‍ വഴി കണ്ടില്ല. കാലുകള്‍ മുറിച്ചുനീക്കുക തന്നെ. പക്ഷേ ഇത്തവണ ശാലിനി ധൈര്യം കണ്ടെത്തിയിരുന്നു. യഥാർഥ പോരാളി  പതറിപ്പോകരുതെന്ന് അവളോട് മനസ്സിലിരുന്ന് ആരോ പറഞ്ഞു. അതുകൊണ്ട് കാലു മുറിച്ചുകളയുന്ന ദിവസം അവള്‍ പര്‍പ്പിള്‍ നെയില്‍ പോളിഷിട്ടാണ്  ഹോസ്പിറ്റലിലേക്ക് പോയത്. കാലുകള്‍ മുറിച്ചുകളയുകയാണെങ്കിലും അത് സ്‌റ്റെലായിത്തന്നെ പോകട്ടെയെന്നായിരുന്നു ശാലിനിയുടെ അതേക്കുറിച്ചുള്ള പ്രതികരണം. 

അതിജീവനമാണ് ജീവിതത്തിന് വിജയം നേടിക്കൊടുക്കുന്നതെന്ന്  ശാലിനി പതിയെ മനസ്സിലാക്കിതുടങ്ങുകയായിരുന്നു. കാലുകളും കൈകളും നഷ്ടപ്പെട്ട അവള്‍  പ്രോസ്‌ത്തെറ്റിക് കാലുകളുടെ സഹായത്തോടെ അടുത്തവര്‍ഷം മുതല്‍ നടന്നുതുടങ്ങി. ഇക്കാലയളവില്‍ അവള്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. സമൂഹം തന്നെ തള്ളിക്കളഞ്ഞേക്കാന്‍ സാധ്യതയുണ്ടെന്ന്.. 

പക്ഷേ അവള്‍ക്ക് അവളോട് തന്നെ പൊരുതിയേ മതിയാകുമായിരുന്നുള്ളൂ. ഒരു ഓട്ടക്കാരിയായിത്തീരണം എന്നതായിരുന്നു അവളുടെ തീരുമാനം. കാലുകള്‍ നഷ്ടപ്പെട്ട കൈകള്‍ നഷ്ടപ്പെട്ട ഒരുവള്‍ ഓട്ടക്കാരിയാവുകയോ?  സമൂഹം നെറ്റിചുളിച്ചു. 

എന്നാല്‍ അതിനെ പുഞ്ചിരിയോടെ നേരിടാന്‍ ശാലിനി തയ്യാറായി. അവള്‍ക്കൊപ്പം നിൽക്കാന്‍ കോച്ച് ബിബി അയ്യപ്പയും. അവിടെ  പുതിയൊരു അധ്യായം രചിക്കപ്പെടുകയായിരുന്നു. ശാലിനി എല്ലാ ദിവസവും രാവിലെ 90 മിനിറ്റ് നടക്കാനും അനുബന്ധ വര്‍ക്കൗട്ടുകള്‍ ചെയ്യാനും തുടങ്ങി. രണ്ടുവര്‍ഷത്തെ നീണ്ട പോരാട്ടമായിരുന്നു അത്. ഒടുവില്‍ രണ്ടുവര്‍ഷത്തെ ചോര ചിന്തിയ പരിശീലനത്തിന് ശേഷം 10 കിലോമീറ്റര്‍ മാരത്തോണില്‍ അവള്‍ പങ്കെടുത്തു. അയ്യപ്പയുടെ ആശയമായിരുന്നു അത്. ഭര്‍ത്താവ് പ്രശാന്ത ഗൗഡപ്പ എല്ലാവിധ പിന്തുണയുമായി അവള്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു.

എനിക്കെന്റെ ജീവിതം  തിരികെ ക്രമപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൃത്രിമക്കാലുകള്‍ കിട്ടിയതോടെ എനിക്ക് നടക്കണമെന്നും തോന്നി. ആ പഴയകാലത്തെക്കുറിച്ച് ശാലിനി പറയുന്നു. ടിസിഎസ് 10 K അടക്കം നിരവധി മത്സരങ്ങളില്‍ ശാലിനി പുതിയ ചരിത്രം രചിച്ചുതുടങ്ങുകയായിരുന്നു. ഞാന്‍ സന്തോഷവതിയായിരിക്കുന്നത് ജനങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

അവര്‍ അത്ഭുതത്തോടെയാണ് എന്നെ നോക്കുന്നത്. ഞാന്‍ കഴിഞ്ഞ ദിവസം എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് ക്ലബില്‍ പോയി. വിടര്‍ന്ന ചിരിയോടെ.. പക്ഷേ ആളുകള്‍ എന്നെ സഹതാപത്തോടെയാണ് നോക്കുന്നത്. അടുത്ത ദിവസം  ഫേസ്ബുക്കില്‍ എനിക്കൊരു മെസേജ് കിട്ടി. അവിടെ വെച്ച് എന്നെ കണ്ട അയാള്‍ക്ക് സങ്കടം തോന്നിയെന്ന്. പക്ഷേ എനിക്ക് സങ്കടപ്പെട്ടിരിക്കാന്‍ സമയമില്ല. എനിക്കിപ്പോഴും ഭര്‍ത്താവുണ്ടെന്ന കാര്യം പോലും ആളുകള്‍ അത്ഭുതത്തോടെയാണ് നോക്കുന്നത്.. അദ്ദേഹമെന്നെ നന്നായി കെയര്‍ ചെയ്യുന്നു. സമൂഹത്തിന്റെ മനോഭാവം ഒരുപാട് മാറേണ്ടതായിട്ടുണ്ട്. ശാലിനി പറയുന്നു. 

കൈകൾ നഷ്ടമായതിനു ശേഷമാണ് ശാലിനി ബ്ലോഗ് എഴുതിതുടങ്ങിയത്. ബ്ലോഗെഴുത്തില്‍ തന്റെ സങ്കടങ്ങളെക്കുറിച്ച് ഒരിക്കലും എഴുതാറില്ല ശാലിനി. മറിച്ച് നല്ല കാര്യങ്ങള്‍ മാത്രം. ഇന്ന് നല്ലൊരു മോട്ടിവേഷനല്‍ സ്പീക്കര്‍ കൂടിയാണ് ശാലിനി സരസ്വതി. ജീവിതം എന്റെ കൈകാലുകള്‍ എന്നില്‍ നിന്നും  പറിച്ചെടുത്തുകൊണ്ടുപോയപ്പോള്‍ ഞാന്‍ ഓടാന്‍ പഠിച്ചു.. ആദ്യമാദ്യം എനിക്കെന്റെ അവസ്ഥയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കര്‍മ്മഫലമാണോ ഞാന്‍ അനുഭവിക്കുന്നത്..ഞാന്‍ എന്നോടു തന്നെ ചോദിച്ചു. പക്ഷേ എനിക്കിപ്പോള്‍ മനസ്സിലായി എന്റെ തീരുമാനങ്ങളാണ് എന്റെ ജീവിതം നിശ്ചയിക്കുന്നതെന്ന്.

ഇന്ന് 37 കാരിയായ ശാലിനി ലോകത്തോട് വിളിച്ചുപറയുന്നതും അതുതന്നെ. ജീവിതത്തില്‍ സഹിക്കാനാവാത്തതും തിരികെയെടുക്കാന്‍ കഴിയാത്തതുമായ പല നഷ്ടങ്ങളും സംഭവിച്ചേക്കാം. ഒന്നുകില്‍ നമുക്ക് അതിനോട് പൊരുത്തപ്പെടാതെ വിധിയെ പഴിച്ച്  ജീവിതം തള്ളിനീക്കാം. അല്ലെങ്കില്‍ എന്റെ ഇനിയുള്ള ജീവിതത്തിന്റെ ഗതിവിഗതികള്‍ ഞാന്‍ തന്നെ തീരുമാനിക്കും എന്ന് ഉറപ്പിച്ച്  പുതിയ പരീക്ഷണങ്ങള്‍ക്കായി ജീവിതത്തെ വിട്ടുകൊടുക്കാം. ഏതുവേണം തിരഞ്ഞെടുക്കേണ്ടതെന്നത് ആ വിധിയിലൂടെ കടന്നുപോകുന്നവരുടെ മാത്രം തീരുമാനമാണ്.