Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിംഗയുദ്ധകഥകളിലെ കരുവാകി പ്രചോദനമായി; സുനിത യോദ്ധാവായി

sunitha

കലിംഗ യുദ്ധത്തിനൊടുവിൽ മനഃപരിവർത്തനം വന്ന അശോക ചക്രവർത്തിയുടെ അപദാനങ്ങളുണ്ട് ചരിത്രപുസ്തകത്തിൽ. അശോകനെപ്പോലെയല്ലെങ്കിലും കലിംഗയുദ്ധകഥകളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സുനിത എന്ന യുവതി യോദ്ധാവായി മാറിയതും പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വയം സംരക്ഷണ മുറകളിൽ പരിശീലനം കൊടുക്കുന്നതും.

സുനിതയുടെ നേതൃത്വത്തിലുള്ള കന്യ പൈക അഖാഡ ഇന്ന് ഒഡീഷയുടെ അഭിമാനസ്ഥാപനമാണ്; രാജ്യത്തിനുതന്നെ മാതൃകയും. ഇരുപത്തിമൂന്നുകാരി സുനിത ബെഹ്റയാണ് രാജ്യത്തുതന്നെ ആദ്യത്തെ സ്ത്രീ അഖാഡയുടെ അമരക്കാരി. ഒഡിഷയുടെ പാരമ്പര്യ ആയോധന മുറയുടെ പ്രചാരകയായും മാറിയിരിക്കുന്നു സുനിത. അഖാഡയിലെ പരിശീലനം സുനിതയുടെ ചിന്താഗതി മാറ്റി, ജീവിതരീതി മാറ്റി, രാജ്യത്തിനുതന്നെ വഴികാട്ടിയായി സുനിതയെ മാറ്റി. 

പ്രതികൂല സാഹചര്യങ്ങളിൽ തളർന്നുപോകുന്ന സ്ത്രീകളുടെ കഥകളാണു പൊതുവെ കേൾക്കുന്നത്. ഇതിന് അവസാനം കുറിക്കണമെന്നു തീരുമാനിച്ചു സുനിത. ചെറുപ്പത്തിൽ ലജ്ജാലുവായിരുന്നു സുനിതയും. പക്ഷേ അഖാഡയിലെ പരിശീലനം സുനിതയിൽ ആത്മവിശ്വാസം നിറച്ചു. ധൈര്യവതിയാക്കി.

നൂറുകണക്കിനു പെൺകുട്ടികളും സ്ത്രീകളും അഖാഡയിലെ പരിശീലനത്തിൽനിന്ന് കരുത്തുള്ളവരായി മാറിയിരിക്കുന്നു. രണ്ടു ടീമുകളാക്കി തിരിച്ചാണ് അഖാഡയിൽ പരിശീലനം നടക്കുന്നതെന്നു പറയുന്നു സുനിത. 12 ഉം ഏഴും അംഗങ്ങളുണ്ട് ഓരോ സംഘത്തിലും. പെൺകുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുകയാണ് ലക്ഷ്യം. ഉള്ളിലെ കരുത്തും ശക്തിയും അവരെ ബോധ്യപ്പെടുത്തുക. എത്ര ശക്തരായ എതിരാളികളെയും തോൽപ്പിക്കാനുള്ള വൈദഗ്ധ്യം ആർജിക്കുക. 

കലിംഗയുദ്ധകഥകളിലെ ഒരു സ്ത്രീകഥാപാത്രമാണ് സുനിതയിൽ ഊർജം നിറച്ചത്. കരുവാകി എന്ന ആ കഥാപാത്രത്തെപ്പോലെ മൽസ്യബന്ധനം ഉപജീവനമായി സ്വീകരിച്ച കുടുംബത്തിലാണു സുനിതയുടെ ജനനവും. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചതോടെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം സുനിതയിലുണ്ടായി. അങ്ങനെ കലിഗയുദ്ധത്തിലെ കരുവാകിയെ സുനിത ജീവിതത്തിൽ പകർത്തി. 

ഒഡിഷയ്ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സുനിതയുടെ നേതൃത്വത്തിലുള്ള കലിംഗ കന്യാ പൈക അഖാഡ പ്രവർത്തകർ തങ്ങളുടെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. സുനിതയിലൂടെ ഒഡിഷയുടെ പാരമ്പര്യ ആയോധന കലയും പുനർജീവിതം തേടുകയാണ്.