Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിക്കാനൊന്നുമില്ലാത്ത വീട്ടിലെ പെണ്ണ് എന്ന് പരിഹസിച്ചവർ കേൾക്കണം; ജയിച്ചു നിൽക്കുന്ന ജെന്നിഫെറിന്റെ കഥ

jennifer-mehta ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

വീട്ടിൽ കഴിക്കാൻ ഒന്നുമില്ലേ ? അമ്മ ഭക്ഷണമൊന്നും തരാറില്ലേ ? കുട്ടിയായിരുന്നപ്പോൾ ജെന്നിഫർ ഏറ്റവും കൂടുതൽ കേട്ട ചോദ്യങ്ങൾ. ഇതിനുപുറമെ വേറെയും പരിഹാസങ്ങൾ. കളിയാക്കലുകൾ. അപമാനം. കാരണം ഒന്നേയുള്ളൂ– കണ്ടാൽ ആർക്കും സഹതാപം തോന്നുമായിരുന്നു ജെന്നിഫറിന്റെ രൂപം. അത്രയ്ക്കു മെലിഞ്ഞ്. എല്ലും തൊലിയും മാത്രം. 

ഈ കുട്ടി എങ്ങനെ ജീവിക്കും. മുന്നോട്ടുപോകും എന്നൊക്കെ ചിന്തിച്ചിട്ടുണ്ട് എല്ലാവരും. പക്ഷേ, സഹതാപം തോന്നിപ്പിച്ച രൂപത്തിൽനിന്നു ജെന്നിഫർ ഏറെ മാറി. സ്വന്തം കാലിൽനിന്നു ജീവിക്കാൻ തുടങ്ങി. സഹതപിച്ചവരെ നോക്കി ചിരിച്ച് വിജയകഥയെഴുതി. ഒരു വ്യവസായ സംരക്ഷകയുമായി. വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ എന്ന ഇന്നത്തെ ജെന്നിഫർ മേഹ്തയായി. 

സ്കൂളിൽ പഠിക്കുന്ന കാലം. കളിക്കുമ്പോൾ കുട്ടികളാരും ജെന്നിഫറിനു നേരെ പന്തെറിയില്ല. തനിയെ നിൽക്കാൻ ശേഷിയില്ലാത്ത കുട്ടി എങ്ങനെ പന്തു പിടിക്കാൻ. സ്വതവേ മെലിഞ്ഞ ശരീര പ്രകൃതിക്കൊപ്പം ഡെങ്കു കൂടി ബാധിച്ചതോടെ തീരെ ക്ഷീണിതയായിരുന്നു ജെന്നിഫർ. ‘9–ാം  ക്ലാസിൽ പഠിക്കുന്ന കാലം. ഒരുദിവസം കൂട്ടുകാർ ശക്തിയോടെ പന്ത് എനിക്കു നേരെ എറിഞ്ഞു. പന്തു ഞാൻ പിടിച്ചു.ഒപ്പം താഴേക്ക് വീഴ്ചയും.’ കൂട്ടുകാർ ചിരിച്ചു തുടങ്ങിയപ്പോഴേക്കും ജെന്നിഫർ ശുചിമുറിയിലേക്ക് ഓടി. 

തീരെ ആത്മവിശ്വാസമില്ലായിരുന്നു അന്നു ജെന്നിഫറിന്. പുറത്തിറങ്ങാൻപോലും മടി. കണ്ണടയുമുണ്ട്. മറ്റു കുട്ടികൾ ധരിക്കുന്ന വേഷമൊന്നും ചേരുകയുമില്ല. ആകെ സങ്കടം. ദേഷ്യം. വെറുപ്പ്. എങ്ങനെ ജീവിക്കണമെന്ന് ഒരു രൂപവുമില്ലാതിരുന്ന നാളുകൾ. 18–ാം ജൻമദിനം.

ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചു ജെന്നിഫർ. തയ്യൽക്കാരിയുടെ അടുത്ത് പോയി ജെന്നിഫർ തന്നെ സ്വന്തം വസ്ത്രം ഡിസൈൻ ചെയ്തു. കടുചുവപ്പുവേഷം. അണിഞ്ഞപ്പോൾ ആകെ ആവേശമായി. അഭിനന്ദനങ്ങളും കിട്ടി. അതായിരുന്നു തുടക്കം. പിന്നീട് സ്വന്തം വസ്ത്രങ്ങൾ ജെന്നിഫർ തന്നെ ഡിസൈൻ ചെയ്തുതുടങ്ങി. ഒരു ഫാഷൻ ഡിസൈനറാകുക എന്നതായി ആഗ്രഹം. പക്ഷേ ആശങ്കകൾ തടസ്സമായി. പെൺകുട്ടികൾക്ക് ഫാഷൻ‌ ഡിസൈനിങ് പറ്റിയ പണിയല്ലെന്നു വാദിച്ചു കുടുംബാംഗങ്ങൾ. കടുത്ത മൽസരമുള്ള മേഖലയുമാണ്. 

ഒരു റീട്ടെയിൽ ഡിസൈൻ സ്ഥാപനത്തിനൊപ്പം ജെന്നിഫർ ജോലി തുടങ്ങി. ഓരോ തവണ സ്വയം രൂപകൽപന ചെയ്ത വേഷങ്ങൾ അണിയുമ്പോഴും കാണുന്നവരൊക്കെ ചോദിക്കും. ഇതെവിടെനിന്നു കിട്ടി എന്ന്. അതുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. ധൈര്യം സംഭരിച്ച് ഒടുവിൽ ഒരു പ്രദർശനം സംഘടിപ്പിച്ചു. തയാറാക്കിയ വസ്ത്രങ്ങളെല്ലാം വിറ്റുപോയി. അതോടെ മുഴുവൻ സമയ ഡിസൈനറായി. ഏറ്റവും താഴത്തെ പടിയിൽനിന്നായിരുന്നു തുടക്കം. ഒരു സ്യൂട്ട് കേസിൽ വസ്ത്രങ്ങൾ നിറച്ച് വീടു വീടാന്തരം കയറിയിറങ്ങി വിൽപന നടത്തി.  22–ാം വയസ്സിൽ ജെന്നിഫർ സ്വന്തം കട തുടങ്ങി. ഒരാൾ മാത്രമുള്ള ഷോപ്പ്. എല്ലാ ജോലിയും തനിച്ചുതന്നെ ചെയ്തു. 

ഒരുദിവസം ഒരാൾ കടയിൽവന്നു. വിദ്യാഭ്യാസവും വിവരവും ഉണ്ടെന്നു തോന്നിക്കുന്ന മനുഷ്യൻ. അയാൾ കടയിൽ എന്റെ മുമ്പിൽ‌ വന്ന് ഇരുന്നു. സ്യൂട്ട് ആയിരുന്നു വേഷം. എനിക്ക് ഒട്ടേറെ ബിസിനസ് ഓർഡർ പിടിച്ചുതരാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. എന്റെ മുമ്പിൽ ഇരുന്ന അയാൾ കാലുകൾ അകറ്റിവച്ചിട്ടു പറഞ്ഞു: എന്റെ അളവെടുക്കൂ. ഞെട്ടിപ്പോയി. തയ്യാറല്ലെന്നു തീർത്തുപറഞ്ഞു. പൂർത്തിയാക്കിയ വസ്ത്രങ്ങൾ അണിഞ്ഞുനോക്കാമെന്നു ഞാൻ അയാളോടു പറഞ്ഞു.

അയാൾ കോപിച്ചു. ഇങ്ങനെയാണോ കട നടത്തുന്നെതന്ന് വലിയ ശബ്ദത്തിൽ ചോദിച്ചു. എന്നെ ചീത്ത വിളിക്കാനും അലറാനും തുടങ്ങി.  എനിക്കു പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അയാൾ വാതിലിൽ തന്നെ നിന്നു. ഞാൻ ഡാഡിയെ ഫോൺ ചെയ്തപ്പോൾമാത്രമാണ് അയാൾ കുറച്ചൊന്നു മാറിയത്. അവിടെകൊണ്ടു തീർന്നില്ല.

പിറ്റേന്ന് അയാൾ എന്നെ വിളിച്ചു. ‘എനിക്കറിയാം ഈ ബിസിനസ് എന്താണെന്നും എങ്ങനെയാണു നടത്തുന്നതന്നും. നിന്റെ റേറ്റ് എത്രയാ ? അന്നയാൾ ചോദിച്ചതിന്റെ അർഥം എനിക്കു പിടികിട്ടിയില്ല. അയാൾ വസ്ത്രത്തിന്റെ വില ചോദിക്കുകയാണെന്നാണു ഞാൻ കരുതിയത്. മോശം വാക്കുകൾ അയാൾ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ഞാൻ ഫോൺ വച്ചു. പൊലീസിൽ റിപോർട്ട് ചെയ്യുമെന്നു പറഞ്ഞതിനുശേഷം മാത്രമാണ് അയാളുടെ ഭീഷണി അവസാനിച്ചത്. 

ഞെട്ടിയെങ്കിലും ജെന്നിഫർ പിന്നോട്ടു മാറിയില്ല. ജോലി തുടർന്നു. കൂടുതൽ നന്നായി ജോലി ചെയ്തു. ഓർഡറുകൾ കിട്ടി. അങ്ങനെ സ്വപ്നത്തിലെ വലിയ കടയിലേക്കു മാറി. പലപ്പോഴും സ്ത്രീകൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും കേൾക്കാറുണ്ട്.

എല്ലാവരും സഹതപിക്കും. സഹതാപം കൊണ്ട് എന്താണു നേട്ടം. ഒരു വഴിയേയുള്ളൂ. എതിർക്കുക. പൊരുതുക. സ്ത്രീകൾക്കു ശക്തിയുണ്ട്. കരുത്തുണ്ട്. തളരാതെ പോരാടുക. അബലകളോ നിസ്സഹായ ജീവികളോ അല്ല സ്ത്രീകൾ. യോദ്ധാക്കൾ. വീഴാതെ പൊരുതുക; വിജയം സ്വന്തമാക്കുക: ജെന്നിഫർ പറയുന്നു.