Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലപാതകിയെ കയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്കറിയാം; സബ ഖമർ

saba-qamar ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

മറക്കാന്‍ കഴിയുന്നില്ല സൈനബിനെ. പൊറുക്കാന്‍ കഴിയുന്നില്ല അവളുടെ ഘാതകരോടും. ഏഴുവസ്സുകാരി സൈനബിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്കിസ്ഥാനിലെങ്ങും പ്രതിഷേധം വ്യാപകമാകുന്നതിനിടെ നീതിക്കു വേണ്ടി നിലവിളിക്കുന്ന നടി സബ ഖമറിന്റെ ശബ്ദം വികാരതീവ്രത കൊണ്ടു ശ്രദ്ധിക്കപ്പെടുന്നു.

നിഷ്ഠൂരമായ ഒരു കൊലപാതകം നടന്നിരിക്കുന്നു. നീതി ഉറപ്പാക്കേണ്ടവര്‍ പ്രതിഷേധിക്കുന്നവരെ തോക്കുകൾ കൊണ്ടു നേരിടുകയാണെങ്കില്‍ നാളെ ആ കൊലപാതകിയെ കണ്ടെത്തിയാല്‍ എന്തു ചെയ്യണമെന്നു ഞങ്ങള്‍ തീരുമാനിക്കും: ഖമര്‍ പറയുന്നു. 

മൂന്നു വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നു- തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, കൊലപാതകം. സൈനബ് കടന്നുപോയ ക്രൂരതയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ വിറയ്ക്കുന്നു. എന്റെ ഹദയം നുറുങ്ങുന്നു. നീതി വേണം. പക്ഷേ ആരോടാണതു പറയുക.

നീതിക്കുവേണ്ടി ആര്‍ക്കുനേരെ തിരിയണമെന്ന് എനിക്കറിയില്ല.  സൈനബ് എന്റെ ബന്ധുവല്ല. സുഹൃത്തോ പരിചയക്കാരിയോ അല്ല. പക്ഷേ ആ ദുരന്തത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ മരിച്ചിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോയി. പോരാടാന്‍ ഞാന്‍ തയ്യാറാണ്. നീതി ഇറപ്പാക്കാന്‍ കഴിയാത്തവര്‍ നാളെ പ്രതിയുടെ നീതിക്കുവേണ്ടി നിലകൊള്ളരുത്.

കൊലപാതകിയെ കയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്കറിയാം. നീതി ഞങ്ങള്‍ നടപ്പാക്കും. ചോദ്യം ചെയ്യാന്‍ അപ്പോള്‍ മാത്രം ആരും വരരുത്- അധികാരികള്‍ക്കു താക്കീതാകുന്നു ഖമറിന്റെ ഉറച്ച ശബ്ദം.

സൈനബിന്റെ കൊലപാതകം ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു പാക്കിസ്ഥാനില്‍. ഘാതകര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. പ്രതിഷേധം വ്യാപിക്കുന്നു. അതിനിടെയാണ് ഖമറിന്റെ ധാര്‍മികരോഷത്തോടെയുള്ള പ്രതികരണം.