Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടോ?; അവതാരകന്റെ ചോദ്യത്തിന് നടിയുടെ മറുപടി

sharon-stone

ഹോളിവുഡ് നടിമാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു ചോദ്യമാണ്. ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യം. ഇപ്പോഴത്തെ നടിമാരെ മാത്രമല്ല പഴയാകാല നടിമാരെയും ചോദ്യം വേട്ടയാടുന്നു. നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയിനിന്റെ പീഡനങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ടു തുടങ്ങിയ മി ടൂ പ്രചാരണം ലോകമാകെ ഏറ്റെടുക്കുകയും എങ്ങും  തുറന്നുപറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്തിരിക്കുന്നു. 

നടിമാര്‍ മാത്രമല്ല ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍പെട്ടവര്‍ ഓരോ ഘട്ടത്തിലും തങ്ങള്‍ക്കു നേരിടേണ്ടിവന്ന ദുരന്തങ്ങള്‍ തുറന്നുപറയുകയാണ്. പ്രശസ്തരും പ്രമുഖരുമായ പലരുടെയും മുഖംമൂടികള്‍ പൊളിഞ്ഞുവീണിരിക്കുന്നു. ഇതിനിടെ തൊണ്ണൂറുകളിലെ പ്രശസ്ത നടി ഷാരോണ്‍ സ്റ്റോണും നേരിട്ടു ആ ചോദ്യം: ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യം. അഭിമുഖത്തിനിടെ ലീ കോവന്‍ ആണു ചോദ്യം ചോദിച്ചത്. സ്റ്റോണിന്റെ മറുപടി ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നു. 

ലൈംഗിക പീഡനം എന്നെങ്കിലും നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് നിമിഷങ്ങളോളം നീണ്ടുനിന്ന ചിരിയായിരുന്നു സ്റ്റോണിന്റെ മറുപടി. ചിരി കൊണ്ട് സ്റ്റോണ്‍ എന്താണുദ്ദേശിക്കുന്നത് എന്നു വ്യക്തമാകാതിരുന്ന ലീ കോവന്‍ മറ്റൊരു ചോദ്യവുമായി സ്റ്റോണിനെ നേരിട്ടു.

നിങ്ങള്‍ ചിരിക്കുന്നു. ആ ചിരി പരിഭ്രാന്തിയുടേതാണെന്നു ഞാന്‍ കരുതണമോ ? കോവന്‍ ചോദിച്ചു. 

ഉത്തരം വളരെ വ്യക്തമല്ലേ എന്നര്‍ഥത്തിലാണു താന്‍ ചിരിക്കുന്നതെന്നായിരുന്നു സ്റ്റോണിന്റെ വിശദീകരണം. 

ഒന്നും രണ്ടുമല്ല 40 വര്‍ഷം ഹോളിവുഡില്‍ ഞാന്‍ സജീവമായിരുന്നു. 40 വര്‍ഷം മുമ്പ് ഞാന്‍ അഭിനയത്തിലേക്കു കടന്നുവരുമ്പോഴുള്ള അവസ്ഥ നിങ്ങള്‍ക്കു സങ്കല്‍പിക്കാമോ ? ചിരിച്ചുകൊണ്ടുതന്നെ ചോദ്യത്തിന്റെ വ്യക്തമായ മറുപടിയും സ്റ്റോണ്‍ പറഞ്ഞു: 

ഞാനും എല്ലാം നേരിട്ടിട്ടുണ്ട്. 

ഞാന്‍ എല്ലാറ്റിനും സാക്ഷിയായിരുന്നു. ഞാനും എല്ലാം കണ്ടിട്ടുണ്ട് എന്നൊക്കെ വിവര്‍ത്തനം ചെയ്യാവുന്ന മറുപടിയിലൂടെ മുന്‍കാലത്ത് എത്ര ഭീകരമായിരുന്നു ഹോളിവുഡില്‍ സ്ത്രീകളുടെ അവസ്ഥ എന്നുതന്നെയാണു സ്റ്റോണ്‍ വ്യക്തമാക്കുന്നത്. 

ബേസിക് ഇന്‍സ്റ്റിങ്ക്റ്റ്, ദ് മൈറ്റി, കാസിനോ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകവ്യാപകമായി ആരാധകരെ സൃഷ്ടിച്ച 90-കളിലെ ഏറ്റവും പ്രശസ്ത നടിയാണ് ഷാരോണ്‍ സ്റ്റോണ്‍. സമീപകാല വിവാദങ്ങളുടെ പശ്ഛാത്തലത്തിലായിരുന്നു സ്റ്റോണിനോടുള്ള ചോദ്യവും അവരുടെ അര്‍ത്ഥഗര്‍ഭമായ മറുപടിയും.