Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

77–ാം വയസ്സിലും അസാധ്യനൃത്തം; യുവതികളുടെ റോൾമോഡലാണീ മുത്തശ്ശി

madame-poole

സഫലമാകാത്ത സ്വപ്നങ്ങള്‍, പൂര്‍ത്തീകരിക്കാനാകാത്ത മോഹങ്ങള്‍, പിന്നിട്ട വര്‍ഷങ്ങളിലേക്കു നോക്കി നഷ്ടപ്പെടുത്തിയ അവസരങ്ങളെച്ചൊല്ലി സങ്കടപ്പെടുക. മനുഷ്യസ്വഭാവത്തിലെ സ്ഥിരം പ്രത്യേകതകളാണ് ഇവയൊക്കെ.ദുഃഖിക്കാന്‍ വേണ്ടി പലരും മണിക്കൂറുകൾ നഷ്ടപ്പെടുത്തും ‍. ഇങ്ങനെയുള്ളവര്‍ തീര്‍ച്ചായായും വായിച്ചിരിക്കണം മാഡം പൂളിനെക്കുറിച്ച്. 77-ാം വയസ്സിലും തുടരുന്ന അവരുടെ നൃത്തസപര്യയെക്കുറിച്ച്.

മാഡം പൂള്‍ നൃത്തം ചെയ്യാന്‍ തുടങ്ങുന്നത് ഏഴുപതിറ്റാണ്ടു മുമ്പ്. എല്ലാവര്‍ക്കുമറിയാം ഒരു ഡാന്‍സറുടെ കരിയര്‍ ചെറുതാണ്. ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനല്‍ക്കുന്ന മെയ്‍വഴക്കം. പ്രസിദ്ധി. അതിനുശേഷം കഴിഞ്ഞകാലത്തിന്റെ ഓര്‍മകളില്‍ മുഴുകി സാധാരണ ജീവിതം. മുപ്പതു വയസ്സാകുന്നതിനുമുമ്പുതന്നെ തന്റെ കരിയറും അവസാനിക്കുമെന്നു കണക്കുകൂട്ടി ചെറുപ്പത്തില്‍ പൂള്‍. പക്ഷേ കണക്കുക്കൂട്ടലുകള്‍ തെറ്റി. മുപ്പതു കടന്ന്, നാല്‍പതും അമ്പതും അറുപതും കടന്ന് എഴുപതുകളിലെത്തിനില്‍ക്കുന്നു മാഡം പൂള്‍. ഇപ്പോള്‍ 77-ാം വയസ്സിലും സജീവമായി നൃത്തം ചെയ്യുന്ന, പുതുതലമുറയ്ക്കു നൃത്തപാഠങ്ങള്‍ പരിശീലിപ്പിക്കുന്ന പൂള്‍ എണ്‍പതുകളിലേക്കു നൃത്തച്ചുവടുകളുമായി നടന്നുകയറുന്നു. അനായാസ സുന്ദരമായി. ലാസ്യഭംഗിയോടെ. 

നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ലോകത്തെ മിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് പൂള്‍. പ്രസിദ്ധമായ വേദികളിലൊക്കെ പാടിയാടി. എന്നും നൃത്തമായിരുന്നു അവരുടെ ജീവിതം. എല്ലാമെല്ലാം. ഭര്‍ത്താവു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം തന്റെ കരിയറിനെ നന്നായി പിന്തുണച്ചിരുന്നതായി പറയുന്നു പൂള്‍. ഇന്നദ്ദേഹമില്ല. പക്ഷേ മാഡം പൂള്‍ തനിച്ചല്ല. അവര്‍ക്കുചുറ്റും എപ്പോഴും സംഗീതമുണ്ട്. നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്ന ശിഷ്യരുടെ കൂട്ടമുണ്ട്. പാഠങ്ങള്‍ പകര്‍ന്നും ചുവടുകള്‍ അഭ്യസിപ്പിച്ചും പൂള്‍ മുന്നോട്ട്. 

മാഡം പൂളിന്റെ ജീവിതം കണ്ടതുകൊണ്ടായിരിക്കാം ഇന്നാരും ഇരുപതുകളില്‍ ഒരു നര്‍ത്തകിയുടെ ജീവിതം അവസാനിക്കും എന്നു പറയാറില്ല. ആഗ്രഹവും സമര്‍പ്പണവും മനസ്സുമുണ്ടെങ്കില്‍ എത്രനാള്‍ വരെയും നര്‍ത്തകിയാകാം.സംശയമുണ്ടെങ്കില്‍ പൂളിനെ നോക്കൂ. ഓജസ്സും ഉഷാറുമുള്ള കൊച്ചുപെണ്‍കുട്ടികള്‍ പ്രചോദനം നേടുന്നത് ഈ എഴുപത്തിയേഴുകാരിയില്‍നിന്നാണ്. ജീവിതത്തില്‍ ആരാകാനാണ് ആഗ്രഹമെന്നു ചോദിച്ചാല്‍ അവര്‍ ഒരുനിമിഷം പോലും സംശയിക്കാതെ പറയും...മാഡം പൂളിനെപ്പോലെ. എന്നും നൃത്തം ചെയ്ത്, നൃത്തത്തില്‍ ജീവിച്ച്, നര്‍ത്തകിയായി തുടരുക... 

ആഗ്രഹിക്കുന്നതു ചെയ്യാന്‍ പ്രായം തടസ്സമാണെന്നു പറയുന്നവര്‍ മാഡം പൂള്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്നതു കാണുക. മാനസികമായ ഊര്‍ജവും ശക്തിയും ആവേശവും കണ്ടുനില്‍ക്കുന്നവരിലേക്കും പടരുന്നത് അനുഭവിച്ച് അറിയാനാകും. ആഗ്രഹിക്കുന്നതു ചെയ്യാന്‍ ഇപ്പോഴും വൈകിയിട്ടില്ല. ഇതാണു സമയം. ഇപ്പോള്‍ തന്നെ. തുടങ്ങിക്കോളൂ. മാഡം പൂള്‍ മന്ത്രിക്കുന്നു.