Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാർലി ഡേവിഡ്സണിൻെറ പ്രണയിനി , നിനക്കു മരണമില്ല...

Veenu Paliwal Veenu Paliwal. Photo Credit : Facebook

സ്വന്തായി ഒരു ബൈക്ക് ഇല്ലാതിരുന്നിട്ടും അവൾ റൈഡിങ് പഠിച്ചു. ബൈക്കുകളോടുള്ള അവളുടെ പ്രണയം മനസിലാക്കിയ കൂട്ടുകാർ അവരുടെ ബൈക്കുകൾ ഏറെയിഷ്ടത്തോടെ അവൾക്കു നൽകി. കാരണം അവർക്ക് ഉറപ്പായിരുന്നു നാളെ അവളെ ലോകം അറിയാൻ പോകുന്നത് വേഗതയുടെ രാജകുമാരിയായിട്ടാവുമെന്ന്.

അതായിരുന്നു ജയ്പൂർ സ്വദേശിയായ വീനുപലിവാൽ എന്ന ബൈക്ക് സഞ്ചാരിയുടെ സാഹസിക യാത്രയുടെ തുടക്കം. ജീവിതത്തിൽ ഏറെ പ്രതിനസന്ധികൾ ഉണ്ടായെങ്കിലും റൈഡിങ്ങിനോടുള്ള പ്രണയത്തിൽ അവൾ എല്ലാം മറന്നു. വിവാഹശേഷമാണ് വീനുവിൻെറ ജീവിതത്തിൽ ചില വഴിത്തിരുവുകൾ ഉണ്ടായത്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ ശേഷവും വീനുവിൻെറ റൈഡിങ് ഭ്രമം തുടരുന്നതു കണ്ട ഭർത്താവ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

അവൾ ബൈക്ക് റൈഡ് ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്നു പറഞ്ഞ് അയാൾ അവളെ നിരുത്സാഹപ്പെടുത്തി. എന്നാൽ അതിലുമെത്രയോ ആഴത്തിൽ റൈഡിങ്ങിനെ സ്നേഹിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ അവൾക്കു മുന്നിൽ ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ വിവാഹ മോചനം.

ഭർത്താവിനോട് പിരിഞ്ഞതിനു ശേഷമാണ് അവൾ പ്രാണനിലേറെ പ്രണയിക്കുന്ന ഹാർലി ഡേവിഡ്സൺ സ്വന്തമാക്കുന്നത്.ഹാര്‍ലി ഡേവിഡ്സണില്‍ 180കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന വനിത എന്ന ഖ്യാതി സ്വന്തമാക്കിയായി പിന്നെ അവളുടെ യാത്ര.ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് സഞ്ചരിച്ച് ആ യാത്രയെക്കുറിച്ച് ഒരു ഡോക്യുമെൻററി തയാറാക്കണമെന്ന സ്വപ്നവുമായി അവൾ യാത്ര തുടർന്നു.

Veenu Paliwal Veenu Paliwal. Photo Credit : Facebook

ഇന്ത്യയിലുടനീളമുള്ള യാത്രയിൽ 20000 കിലോമീറ്റർ ഇവർ ബൈക്കിൽ സഞ്ചരിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല വീനുവിൻെറ യാത്രകൾ. രണ്ട് കുഞ്ഞുങ്ങളുടെ സ്നേഹമുള്ള അമ്മയും ഒരു വ്യവസായ സംരംഭകയുമാണ് ഈ സഞ്ചാര പ്രേമി.

ഇന്ത്യ ബൈക്ക് വീക്ക് ബൈക്കിങ് ഇവൻറ്സിലെയും റോട്ടറി സംഘടിപ്പിക്കുന്ന വുമൺസ് കാർ റാലിയിലെയും നിറസാന്നിധ്യമായി അവൾ തിളങ്ങി നിന്നു. നിരത്തിലെ വെറും റൈഡിങ് പ്രകടനത്തിൽ മാത്രം ഒതുങ്ങി നിന്നില്ല അവരുടെ കഴിവുകൾ. സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഒരു സോഷ്യൽ ആക്റ്റിവിസ്റ്റിൻെറ ചടുലതയോടെ അവർ ഇടപെട്ടു. ഹൃദ്രോഗികൾക്കായി ഒരു നോൺ ഗവൺമെൻറ് ഓർഗനൈസേഷനും ഇവർ നടത്തുന്നുണ്ട്.

സ്ത്രീ ശാക്തീകരണവും അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി കവലകൾതോറും നടന്ന് പ്രസംഗിക്കാൻ അവർ മിനക്കെട്ടില്ല. പകരം തൻെറ തീവ്രമായ ആഗ്രഹവും അഭിലാഷവും സാക്ഷാത്കരിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ തൻെറ ജീവിതം തന്നെ ഉദാഹരണമാക്കി അവർ കാട്ടിക്കൊടുത്തു.

ഹാർഡ്‌ലി ഡേവിഡ്സണിനോടുള്ള പ്രണയം അവൾക്ക് എച്ച്. ഒ. ജി റാണി ( ഹാർലി ഓണേഴ്സ് ഗ്രൂപ്) എന്ന വിശേഷണം നേടിക്കൊടുത്തു. തലയെടുപ്പോടെ അതിലുപരി അഭിമാനത്തോടെ അവൾ ആ ഓമനപ്പേരിനെ ഏറ്റെടുത്തു.

പിന്നെ ഡോക്യുമെൻററി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹയാത്രികനായ ദിപേഷ് തന്‍വാറിനൊപ്പം പ്രിയപ്പെട്ട ബൈക്കിൽ ദേശീയ പര്യടനത്തിനായി പുറപ്പെട്ടു. നിർഭാഗ്യവശാൽ ആ യാത്ര പൂർത്തിയാക്കാൻ അവൾക്കായില്ല. അവൾ ഏറെ സ്നേഹിച്ച ഹാർലി ഡേവിഡ്സൺ തന്നെ അവളുടെ പ്രാണനെടുത്തു.

ഭോപ്പാലിൽ നിന്ന് 100 കിലോമീറ്റർ അകലെ ഒരിടത്ത് റോഡിൽ തെന്നിവീണാണ് ആ സ്വപ്ന സഞ്ചാരി അവളുടെ യാത്ര അവസാനിച്ചു.അപകടം നടന്ന ഉടൻ തന്നെ സഹയാത്രികൻ വീനുവിനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും പ്രാണൻ അവളുടെ ദേഹംവിട്ടു പോയിരുന്നു.

Veenu Paliwal Veenu Paliwal. Photo Credit : Facebook

ലോകമെമ്പാടുമുള്ള സഞ്ചാരപ്രിയരും ബൈക്ക് പ്രേമികളും വളരെയധികം ദുഖത്തോടെയാണ് ഈ വാർത്തയോട് പ്രതികരിച്ചത്. അവരുടെ ഹാർലി ഡേവിഡ്സൺ റാണിയോട് അവർക്കു പറയാനുള്ളതിത്രമാത്രം ഹാർലി ഡേവിഡ്സണിൻെറ പ്രണയിനി , നിനക്കു മരണമില്ല...

Your Rating: