Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ ഈ മലയാളിപ്പെൺകുട്ടി

അപേക്ഷ അപേക്ഷ

അപേക്ഷ എന്ന കുട്ടിയെ സ്കൂളിലെ കൂട്ടുകാർ സ്നേഹത്തോടെ ‘അപെക്’ എന്നു വിളിച്ചു. ഇപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്നറിയപ്പെടുന്ന ഈ പതിനൊന്നുകാരിയുടെ സ്വന്തം ബ്രാൻഡ് നെയിം ആയി മാറിയിരിക്കുകയാണ് അപെക്. ഒാർമ വച്ച നാൾ മുതൽ അപേക്ഷയ്ക്ക് താൽപര്യം ഫാഷൻ വർണങ്ങളോടായിരുന്നു. കുഞ്ഞുകൈകൾ കൊണ്ട് അവൾ കോറിയിട്ട ആകാശവും പൂക്കളും വീടും. ഏഴു വയസു മുതൽ സ്റ്റൈലൻ വസ്ത്രങ്ങളാകാൻ തുടങ്ങി. പതിനൊന്നു വയസെത്തുന്നതിനു മുന്‍പ് അവള്‍ വരച്ചത് നൂറ്റഞ്ചോളം ഡിസൈനുകളാണ്. ഒപ്പം നിരവധി റെക്കോഡുകളും.

ദുബായ് ഇന്റർനാഷനൽ ഫാഷൻ വീക്ക്

പതിനൊന്നു വയസിന്റെ നാണം കുണുങ്ങിയുള്ള വർത്തമാനമൊന്നുമല്ല അപേക്ഷയോടു സംസാരിക്കുമ്പോൾ. ഡിസൈനർമാരുടെ അഭിമാനമായ ദുബായ് ഇന്റർനാഷനൽ ഫാഷൻ വീക്കിന്റെ ആവേശത്തിലായിരുന്നു അവൾ. ഇരുപതു ഡിസൈനുകൾ അവതരിപ്പിക്കാനുണ്ട്. എല്ലാം പണിപ്പുരയിലാണ്. ‘‘ഫംങ്ഷൻസിനു പോകുമ്പോൾ എല്ലാവരുടെയും ഡ്രസിങ് സ്റ്റൈലൊക്കെ ശ്രദ്ധിക്കാറുണ്ട്.

എപ്പോൾ മുതലാണ് ഈ ശ്രദ്ധ തുടങ്ങിയതെന്നു മാത്രം ഓർമ്മയില്ല. ഒൻപതാം പിറന്നാളിന് ഒരു ലൈറ്റ് പർപ്പിൾ ഹാഫ് ഫ്രോക്കാണ് ആദ്യമായി ഡിസൈൻ ചെയ്തത്. പിറന്നാൾ ദിവസം എനിക്കിടാൻ വേണ്ടി തന്നെയായിരുന്നു. അന്നൊരുപാട് കോംപ്ലിമെന്റ്സ് കിട്ടി. എന്തൊരു സന്തോഷമായിരുന്നെന്നോ അന്ന്! പരീക്ഷയിൽ ഫുൾ മാർക്ക് കിട്ടിയാലും അത്രയും സന്തോഷം കിട്ടുമെന്നു തോന്നുന്നില്ല.’’

അപേക്ഷ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ അപേക്ഷ ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ.

ഒമ്പതാം വയസ്സിൽ കിട്ടിയ കോൺഫിഡൻസ് ആണ് അപേക്ഷയെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫാഷൻ ഡിസൈനർ എന്ന ലേബലിലേക്ക് എത്തിച്ചത്. വെറുതെ ഊഹിച്ചെടുത്ത കണക്കല്ല. യൂണിവേഴ്സൽ റെക്കോഡ്സ് ഫോറവും വേൾഡ് റെക്കോഡ്സ് ഓഫ് ഇന്ത്യയും സാക്ഷ്യപ്പെടുത്തിയതാണ്. ഷാർജയിലെ ഇന്ത്യൻ എക്സലന്റ് സ്കൂളിൽ പഠിക്കുന്ന അപേക്ഷയ്ക്ക് പഠനവും ഡാൻസ് ക്ലാസും ഡിസൈനിങ്ങും ഒരു പോലെ കൊണ്ടു പോകുന്നു. തൃശൂരാണ് അപേക്ഷയുടെ സ്വന്തം നാട്. ദുബായിൽ ഉദ്യോഗസ്ഥരായ ബിനോജും പ്ര സീനയും ഏകമകൾക്ക് ഫുൾ സപ്പോർട്ടുമായി കൂടെയുണ്ട്.

ഇതാണെന്റെ എനര്‍ജി ഡ്രിങ്ക്

ഡിസൈനിങ് േക്രസിൽ പഠനം മുങ്ങിപ്പോകാതിരിക്കാൻ അപേക്ഷ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ‘‘ചിലപ്പോൾ വിചാരിക്കാനാകാത്ത തിരക്കുകൾ മൂടാറുണ്ട്. എങ്ങനെയൊക്കെയോ ട്യൂഷനും ഡാൻസ് ക്ലാസ്സുമെല്ലാം ഒപ്പം കൊണ്ടുപോകുന്നു. എല്ലാവരുടേയും പ്രോത്സാഹനമാണ് ഇതിനൊക്കെയുള്ള എനർജി തരുന്നത്. ശരിക്കും പേരന്റ്്സും റിലേറ്റീവ്സും സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു.’’ ഇന്ത്യയിലെ ഏറ്റവും പക്വതയുള്ള ഫാഷൻ ഡിസൈനറാണോ എന്നു സംശയം തോന്നും അപേക്ഷയുടെ സംസാരം കേട്ടാൽ.

അപേക്ഷയ്ക്കായി ഉടുപ്പുകൾ സെലക്ട് ചെയ്യുന്ന പരിപാടി ബിനോജും പ്രസീനയും നിർത്തി. എന്തു വാങ്ങിയാലും ഇഷ്ടപ്പെടില്ല. ‘‘എല്ലാത്തിനും അവളുടേതായ ടേസ്റ്റുണ്ട്. വാങ്ങിയ ഉടുപ്പുകൾ കൊണ്ട് മിക്സ് ആൻഡ് മാച്ച് പരീക്ഷണം നടത്തും. അപേക്ഷയുടെ ബർത്ഡേ ഫ്രോക്ക് കണ്ട് ബന്ധുക്കൾ പലരും അതുപോലെ ഡ്രസ്സുകൾ ചെയ്തു കൊടുക്കാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെ അവർക്കു വേണ്ടിയും ചെയ്തു കൊടുക്കാൻ തുടങ്ങി. ദുബായിൽ തന്നെയുള്ള ഒരു യൂണിറ്റാണ് തയ്യൽ ജോലികൾ ചെയ്തു തരുന്നത്.’’

റെക്കോർഡുകളിലേക്ക്

നൂറോളം ഡിസൈനുകളായപ്പോഴാണ് റെക്കോഡുകൾക്ക് അപേക്ഷിച്ചാലോയെന്ന് അപേക്ഷയുടെ അച്ഛനും അമ്മയും ആലോചന തുടങ്ങിയത്. ‘‘ആറു മാസത്തെ അന്വേഷണം കഴിഞ്ഞ് സർട്ടിഫിക്കറ്റ് വന്നപ്പോൾ അപേക്ഷയുടെ കോൺഫിഡൻസ് ലെവൽ ഏറെ കൂടി. പണ്ട് സ്കൂളിൽ നിന്ന് അധ്യാപകര്‍ പരാതി പറയാൻ വിളിക്കുമായിരുന്നു. പഠിപ്പിക്കുന്ന സമയത്ത് ക്ലാസിൽ ശ്രദ്ധിക്കാതെ ബുക്കിൽ വരച്ചു കൊണ്ടിരിക്കുന്നുവെന്നു പറഞ്ഞ്. ഇപ്പോൾ അവരെല്ലാം അഭിനന്ദിക്കുന്നു.’’

അപേക്ഷ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ അപേക്ഷ ഡിസൈൻ‍ ചെയ്ത വസ്ത്രങ്ങൾ ധരിച്ച മോഡലുകൾ

ഫാഷൻ ഡിസൈനറാകണമെന്ന് തീരുമാനം എടുത്തിരുന്നതുകൊണ്ട് ദുബായിലെ പ്രശസ്ത ഫാഷൻ ഡിസൈൻ കോളജായ ‘മിര്‍ന എലേജിൽ’ അപേക്ഷ നൽകി. സാധാരണ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞിട്ടാണ് ചേരേണ്ടത്. പക്ഷേ, പോർട്ട്ഫോളിയോ കണ്ട് വയസ് കണക്കിലെടുക്കാതെ അഡ്മിഷൻ നൽകി. ഇപ്പോൾ സ്കൂൾ പഠനത്തിനൊപ്പം ഗ്രാജ്വേഷൻ ആദ്യ ലെവൽ വിജയി കൂടിയാണ് അപേക്ഷ.

കേരളത്തിലെ സപ്തമുഖി ഫാഷൻ ഷോയിലേക്ക് ക്ഷണം വന്നപ്പോൾ സന്തോഷത്തോടെ കേരളത്തിലേക്ക് പറന്നു. അതിലവൾ അവതരിപ്പിച്ച ഗോൾഡൻ ഗൗൺ അപേക്ഷയ്ക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. അപെക് ഡ്രീംസ് ഓഫ് ഡിസൈൻ എന്ന ബ്രാൻ‌ഡിൽ അപേക്ഷ ഡിസൈനുകൾ ഓൺലൈനായി മാർക്കറ്റ് ചെയ്യുന്നുണ്ട്. ഈവനിങ് വെയർ ഗ്രാൻഡ് കളക്‌ഷനാണ് അപേക്ഷയുടെ സിഗ്‌നേച്ചർ സ്റ്റൈൽ. അപേക്ഷയെ സ്വാധീനിച്ചിട്ടുള്ളത് രണ്ടു പേരാണ്. കൊക്കോ ഷാനെലിന്റെ ഇന്റർനാഷനൽ ടച്ചും, പൂർണിമ ഇന്ദ്രജിത്തിന്റെ ട്രഡീഷനൽ ബ്രില്യൻസും.

Your Rating: