Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതൽ കാലവും ഞാൻ അധോലോകത്തായിരുന്നു

Johny ജോണി

ജോണിയുടെ കരളുറപ്പുള്ള വില്ലൻ വേഷങ്ങൾ ഇന്നും നമ്മൾ മറന്നിട്ടില്ല. നാലു ഭാഷകളിലായി അഞ്ഞൂറോളം സിനിമക‌ളിൽ അഭിനയിച്ച ജോണി ഇപ്പോഴും കുണ്ടറയിലുണ്ട്. ഒരു സാധാരണക്കാരനായി.

‘മഞ്ഞില്‍ വിരിഞ്ഞപൂക്കൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. തിരുവനന്തപുരത്തു നിന്നു മദ്രാസിലേക്കുള്ള എക്സ്പ്രസ് ട്രെയിനിൽ ഒരു സംഘം സിനിമാക്കാർ യാത്ര ചെയ്യുന്നു.

അവരിൽ അന്നു പ്രശസ്തനായ ഒരാൾ മാത്രം. ബിച്ചു തിരുമല. സിനിമയുടെ പല മേഖലകളിലായി തുടക്കം കുറിച്ചവരാണു മറ്റുള്ളവരും. സുരേഷ് കുമാർ, അശോക് കുമാര്‍, സനൽ പിന്നെ അഭിനയിക്കാനുള്ള മോഹവുമായി മോഹൻലാൽ എന്ന ചെറുപ്പക്കാരനും.

അന്ന് അതേ ട്രെയിനിന്റെ വേറൊരു കംപാർട്ടുമെന്റിൽ മറ്റൊരു നടനും യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതിനകം വില്ലനായും നായകനായും സഹനടനായും കുറെ‍യധികം സിനിമകളിൽ അഭിനയിച്ച് ഒരുപാട് ജനശ്രദ്ധ നേടിയ ജോണി.

മാസങ്ങൾക്കുള്ളില്‍ പുതിയ ചരിത്രങ്ങള്‍ എഴുതപ്പെട്ടു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ’ സൂപ്പർഹിറ്റായി. മോഹന്‍ ലാല്‍ വില്ലനായി അരങ്ങേറി. കാലങ്ങൾക്കു ശേഷം മോഹന്‍ ലാൽ നായകനായി രംഗത്തു ‌വന്നപ്പോഴും ശക്തനായ വില്ലനായി കൈകോർത്ത് ജോണിയുമുണ്ടായിരുന്നു. നാലു പതിറ്റാണ്ടായി അഞ്ഞൂറോളം സിനിമകളുമായി ജോണി ഇപ്പോഴും സജീവമായുണ്ട്.

സിനിമയിൽ തിരക്കായിരുന്നപ്പോഴും ഇപ്പോൾ തിരക്കു കുറഞ്ഞപ്പോഴും ‍ജോണി കുണ്ടറയിൽ തന്നെയുണ്ട്. ഇനിയും പച്ചപ്പു മാറാത്ത ഗ്രാമമാണ് കുണ്ടറ. കുന്നിൻമുകളിലെ മനോഹരമായ വീട്.

കുറ്റിപ്പുറത്തു വീട്ടിൽ ജോസഫ്-കത്രീന ദമ്പതികൾക്ക് ഒമ്പതു മക്കൾ. ആറ് ആണും മൂന്ന് പെണ്ണും. അവരിൽ ഏറ്റവും ഇളയ ആളാണ് ജോണി. ജോസഫിനെപ്പോലെ തന്നെയായിരുന്നു ആറ് ആൺമക്കളും. ആറടിയിലേറെ ഉയരവും ഒത്ത തടിയുമുള്ളവർ. കുടുബത്തിൽ ധാരാളം ഭൂസ്വത്തുണ്ടായിരുന്നു. കൃഷിയായിരുന്നു പ്രധാനം. അങ്ങനെയുള്ള ഒരു കുടുംബത്തിൽ നിന്നു ജോണി സിനിമയിലെത്തിയത് തികച്ചും യാദൃച്ഛികം.

കലാപ്രവർത്തനം കുട്ടിക്കാലത്തേയുണ്ടായിരുന്നോ ?

ഏനിക്കോ കുടുംബത്തിൽ ആർക്കങ്കിലുമോ ഒരു കലാപ്രവർത്തനവും ഉണ്ടായിരുന്നില്ല. കൊല്ലം എസ്.എൻ.കോളജിലാണ് പഠിച്ചത്. അവിടെ സഹപാഠികളായിരുന്നു ഇന്നത്തെ രാഷ്ട്രീയ നേതാക്കളായ എം.എ. ബേബി, രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ് ഇവരൊക്കെ. പഠിക്കുന്ന കാലത്തു കാലാകാരനായിരുന്നില്ല. നല്ലൊരു കായികതാരമായിരുന്നു. ഫുട്ബോളിൽ കൊല്ലം ജില്ലാ ടീം ക്യാപ്റ്റനായിരുന്നു. യൂണിവേഴ്സിറ്റി താരവുമായിരുന്നു. കുടുംബപരമായി ഞങ്ങൾ എല്ലാവരും കണക്കിൽ മിടുക്കരാണ്. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ഞാനൊരു സി.എ.ക്കാരനാകുമായിരുന്നു.

അഭിനയിച്ചതിൽ കൂടുതലും വില്ലൻ വേഷങ്ങളായിരുന്നു. അതോര്‍ക്കുമ്പോൾ വിഷമം തോന്നുന്നുണ്ടോ ?

അഭിനയിച്ചതിൽ തൊണ്ണൂറ്റിയെട്ടു ശതമാനവും വില്ലൻ വേഷങ്ങളാണ്. ഇനിയും അത്തരം വേഷങ്ങളിൽ അഭിനയിച്ചതു കൊണ്ടു പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മാത്രമല്ല അതു കൊണ്ടുള്ള ഗുണം വില്ലൻ മോശമായതുകൊണ്ടു സിനിമ മോശമായി എന്ന് ഇന്നേ വരെ ആരും പറഞ്ഞിട്ടില്ല.

വില്ലന്മാരെ വെറുപ്പോടെ മാത്രം കണ്ടിരുന്ന പ്രേക്ഷകരുണ്ടായിരുന്നു പണ്ട്. ബാലൻ.കെ.നായര്‍ക്കും ഉമ്മറിനും ജോസ്പ്രകാശി നുമൊക്കെ മനസിനെ നോവിക്കുന്ന അുനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ കാലമായതോടെ പ്രേക്ഷകരുടെ മനോ ഭാവങ്ങളിൽ വ്യത്യാസമുണ്ടായി. ഇതൊക്കെ അഭിനയമാണെന്നും നടനും കഥാപാത്രവും തമ്മിൽ സിനിമയ്ക്കു പുറത്ത് ഒരു ബന്ധവും ഇല്ലെന്നും ആളുകൾ മനസ്സിലാക്കിതുടങ്ങി. ഇന്നു ഞാൻ എവിടെ നിന്നാലും ഒരു സിനിമാ നടനെന്ന പരിഗണന കിട്ടുന്നുണ്ട്. അല്ലാതെ എനിക്ക് വില്ലന്‍ പരിവേഷമില്ല. പിന്നെ കെ.കെ. രാജീവിന്റെ സീരിയലിൽ അഭിനയിച്ചതിനു ശേഷം വീട്ടമ്മമാരുടെ പ്രത്യേക സ്നേഹവും പരിഗണനയുമുണ്ട്.

എങ്ങനെയായിരുന്നു സിനിമാ പ്രവേശം ?

എന്റെ അടുത്ത സുഹൃത്തായ മണിയന്റെ അച്ഛന്‍ മുഖത്തല ചെല്ലപ്പന്‍ പിള്ള അറിയപ്പെടുന്ന സിനിമാ നിര്‍മാതാവായിരുന്നു. അദ്ദേഹം വഴിയാണു ഞാന്‍ സിനിമയിൽ എത്തുന്നത്. ‘നിത്യ വസന്തം ’ എന്ന ചിത്രത്തില്‍ ഒരു കമ്പനി എക്സിക്യൂട്ടീവിന്റെ വേഷം. അന്നു ഞാന്‍ ജനറൽ ഇൻഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യുകയാണ്. എന്റെ ഒരു മാസത്തെ ശമ്പളത്തേക്കാൾ കൂടുതൽ തുക പ്രതിഫലമായി കിട്ടി മൂന്നു നാലു ദിവസത്തെ ഷൂട്ടിങ്ങിന്. അങ്ങനെയാണ് സിനിമ ഉപജീവന മാർഗമാവുന്നത്. ഇൻഷ്വറൻസ് കമ്പനിയിൽ എനിക്കു രണ്ടായിരം രൂപയാണു പ്രതിഫലം. പക്ഷേ, ഒരു സിനിമയിൽ നിന്നു കുറഞ്ഞത് പതിനായിരം രൂപ കിട്ടും. മാസത്തിൽ മൂന്നും നാലും സിനിമകളിൽ അഭിനയിക്കും.

നായകനാവണം എന്നു തോന്നിയില്ലേ ?

‘നിത്യവസന്തത്തിൽ ’അഭിനയിച്ചതിനുശേഷം ധാരാളം സിനിമകൾ കിട്ടി. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി...അതിനു ശേഷമാണ് നായകനായി അഭിനയിക്കുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും ഒരു സിനിമയിൽ ഞാൻ നായകനായി അഭിനയിച്ചിട്ടുണ്ട്. രവിഗുപ്തന്റെ സംവിധാനത്തിൽ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എന്ന സിനിമയിൽ. ഷീലാമ്മയായിരുന്നു നായിക. ഒരു ദിവസത്തെ സംഭവങ്ങളാണ് ആ സിനിമയുടെ പ്രമേയം. അന്നത്തെ പ്രേക്ഷകരെ സംബന്ധിച്ച് അത്തരമൊരു പ്രമേയം സ്വീകരിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാ വണം സിനിമ പരാജയമായിരുന്നു. പിന്നീട് നായകനായില്ല. പക്ഷേ, അതുകൊണ്ടു വിഷമമൊന്നും തോന്നിയില്ല. കാരണം, വില്ലനായാലും സഹനടനായാലും അഭിനയിക്കണം എന്നതു മാത്രമായിരുന്നു ആഗ്രഹം.

പിന്നീടാണോ സ്ഥിരം വില്ലനായത് ?

അത് എന്റെ രൂപവും ഭാവവും കൊണ്ട് ഉണ്ടായതാണ്. ഞാന്‍ ഒരു റൊമാന്റിക് സീനിൽ അഭിനയിക്കുന്നതു സങ്കൽപിച്ചു നോക്കൂ. കോമഡിയായിരിക്കും. അതുകൊണ്ടു പറ്റിയ പണി തിരഞ്ഞെടുത്തു, വില്ലനായി. ഇന്നത്തെപ്പോലെയുള്ള വില്ലന്മാരല്ല അന്ന്. വളരെ ക്രൂരന്മാരാണ് പലരും. യാതൊരു കാരുണ്യവും ഇല്ലാത്ത കഥാപാത്രങ്ങൾ. ബലാത്സംഗങ്ങളും കുറവല്ല. വില്ലന്മാരായ മുതലാളിമാരുടെ മകൻ ആയതു കൊണ്ടു മിക്ക സിനിമകളിലും എനിക്ക് ഒരു ബലാത്സംഗം ഉറപ്പാണ്. നല്ലൊരു കുടുംബത്തിൽ നിന്നായിരുന്നു എന്റെ വിവാഹം. ഭാഗ്യത്തിന് അവർ എന്റെ സിനിം‌മകളൊന്നും കണ്ടിരുന്നില്ല. കല്യാണത്തിന‌ു ശേഷം ഞാൻ തന്നെ ഒരു തീരുമാനമെടുത്തു. ഇനി ബലാത്സംഗ സീനുകളിൽ അഭിനയിക്കുന്നില്ല. കോളജിൽ പഠിപ്പിക്കുന്ന ഭാര്യയോട് ചിലപ്പോൾ കുട്ടികൾ വല്ല വികൃതിയും പറഞ്ഞ് വിഷമിപ്പിച്ചാലോ? അതുകൊണ്ടു വിവാഹശേഷം ഞാൻ ഒരു സിനിമയിലും ഇത്തരം സീനിൽ അഭിനയിച്ചിട്ടില്ല. കൊല്ലം ഫാത്തിമ കോളജിലെ ഹിന്ദി വിഭാഗം മേധാവിയായിരുന്നു ഭാര്യ ഡോ. സ്റ്റെല്ല. പാർലമെന്റ് അംഗം കൂടിയായ ഇന്നസെന്റ് എഴുതിയ രോഗാനുഭവങ്ങൾ ഹിന്ദിയിലേക്കു വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. മകൾ ആഷിമ കോട്ടയത്തു എം.ടെക് വിദ്യാർത്ഥിനിയാണ്. മകൻ അച്ചു തമിഴ്നാട്ടിൽ ബി.ടെക് വിദ്യാര്‍ത്ഥിയും.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മുമ്പേ ജോണി സിനിമയിൽ സജീവമായിരുന്നു ?

Johny ജോണി

ജോസ്, വിൻസെന്റ്, രവികുമാർ...ഇവരെല്ലാമായിരുന്നു നായക നിരയിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം നിൽക്കുന്ന വില്ലനായിരുന്നു ഞാന്‍. ഇവർക്കു ശേഷം മമ്മൂട്ടിയും മോഹൻലാലുമൊക്കെ വന്നപ്പോഴും ശക്തനായ വില്ലനായി ഞാന്‍ രംഗത്തുണ്ടായിരുന്നു. നായകനു തിളക്കം കൂടണമെങ്കിൽ വില്ലനും ശക്തനായിരിക്കണം. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിക്കാൻ എന്നെ സഹായിച്ചത് എന്താണെന്ന് ഇന്നും അറിഞ്ഞു കൂടാ. അവയെല്ലാം നോക്കിയാലും വില്ലനല്ലാത്ത വേഷങ്ങൾ വളരെ കുറവാണ്. പിന്നെ കോമഡിയും ചെയ്തിട്ടുണ്ട്. നാടൊടിക്കാറ്റ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഗോഡ് ഫാദർ, ഈ സിനിമകളിലൊക്കെ കോമഡിയായിരുന്നു. ചെങ്കോലിൽ സഹനടനായിരുന്നു. ആ സിനിമ കണ്ടതിനു ശേഷം തിലകൻ ചേട്ടൻ പറഞ്ഞു: ‘താന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെടോ... താൻ നന്നാവും.’എനിക്കു കിട്ടിയ ഏറ്റവും വലിയ അവാർഡാണിത്.

കിരീടത്തിലെ പരമേശ്വരൻ നല്ലൊരു ബ്രേക്ക് തന്ന കഥാപാത്ര മാണ്. വില്ലനാണെങ്കിലും വ്യക്തിത്വമുള്ള കഥാപാത്രം. തമിഴ് ‌, തെലുങ്ക്, കന്നട ഭാഷകളിൽ കിരീടം ചെയ്തപ്പോഴും ‍ഞാനുമുണ്ടായിരുന്നു. കന്നടയിൽ കീരിക്കാടൻ ജോസിന്റെ വേഷം ഞാനാണ് അവതരിപ്പിച്ചത്.

സിനിമയില്ലാതിരിക്കുമ്പോൾ ?

അഞ്ചു സാംസ്കാരിക സംഘടനകളില്‍ ഞാൻ സജീവ പ്രവർത്തകനാണ്. ഫൈൻ ആർട്സ് സൊസൈറ്റിയിലും ജീവകാരുണ്യ സംഘടനകളുമുണ്ട്. അതിൽ ഇരവിപുരത്ത് സേവ്യർ ഫ്രാൻസിസ് എന്ന സുഹൃത്ത് ന‌ടത്തുന്ന സാമൂഹ്യ പ്രവർത്തനം കണ്ടാൽ സത്യത്തില്‍ നമ്മൾ എഴുന്നേറ്റു നിന്നു കൈ കൂപ്പും. ഇതെല്ലാം കൂടിച്ചേർന്നതാണു ജീവിതം. നമ്മൾ മാത്രമല്ല കുട്ടികളെയും ഇതൊക്കെ അറിയിക്കണം. എങ്കിലേ അവർക്ക് അനുകമ്പയുടെയും കാരുണ്യത്തിന്റെയും അർത്ഥം മനസ്സിലാവൂ.

നാലു പതിറ്റാണ്ടുകൾ സിനിമയിലുണ്ടായിരുന്ന ഒരാൾ എന്ന മട്ടിലൊന്നുമല്ല ജോണിയുടെ ജീവിതം. ആളുകൾ ഇപ്പോഴും ഓർത്തു പറയുന്ന ഒരു ഡയലോഗുണ്ട്. കിരീടത്തിൽ ജോണി അവതരിപ്പിച്ച പരമേശ്വരൻ സേതുവിനോട പറയുന്ന ആ ഡയലോഗ് : ‘പരമേശ്വരനാടാ....പറയുന്നത്....’

കുടുംബക്കാർ ഒത്തു കൂടുമ്പോൾ ആരെങ്കിലും ഈ ഡയലോഗ് തട്ടിവിടും. അതു കേട്ട് ജോണി നിസംഗനായി ചിരിക്കും. സിനിമയിൽ വരാൻ കഴിഞ്ഞതു തന്നെ ഭാഗ്യം. ഇത്രയും സിനി‌മകളിൽ അഭിനയിക്കാൻ കഴിഞ്ഞത് അതിലേറെ ഭാഗ്യം എന്നുള്ള സംതൃപതിയേ ഉള്ളൂ ആ മു‌ഖത്ത്.

ഇപ്പോ‌ഴുഃ‌ള്ള സിനിമകളിലൊന്നും വില്ലന്മാരെ കാണാനില്ലല്ലോ?

പണ്ടു സിനിമയിലെ ഒട്ടുമിക്ക വില്ലന്മാരും പണക്കാരും ഫാക്ടറി ഉടമസ്ഥരുമാണ്. കൂളിങ്ങ് ഗ്ലാസ്, ചുരുട്ട്, കോട്ട് പിന്നെ കുട പിടിക്കാൻ‌ ഒരു ശിങ്കിടിയും. ഇതാണ് അവരുടെ സ്ഥിരം വേഷം. അവർക്കു മൂന്നാല് ആൺമക്കളുമുണ്ടാവും. ഭീകരന്മാരാണ് അവർ. ഇവരിൽ ഒരു സ്ഥിരം മകന്‍ ഞാനായിരുന്നു. ജോസ്പ്രകാശ്, ഉമ്മർ, ബാലൻ കെ. നായർ ഇവരുടെയൊക്കെ മകനായാണ് ഞാന്‍ കൂടുതൽ സിനിമകളിലും അഭിനയിച്ചിട്ടു ള്ളത്. സിനിമയിൽ ഏറ്റവും കൂടുതൽ സമയം അധോലോകത്തു കഴിഞ്ഞ നടനും ഞാൻ തന്നെയാണ്. പിന്നെ ഈ മുതലക്കുളമൊക്കെ നമ്മുടെ മിമിക്രിക്കാർ വളർത്തിയതാണ്. അല്ലാതെ പണ്ടത്തെ സിനിമകളിലൊന്നും മുതലക്കുളങ്ങളും മുതലയെ വളർത്തുന്ന വില്ലന്മാരും ഉണ്ടായിരുന്നില്ല.

സിനിമയിൽ തിരക്കു കുറയുമ്പോൾ പലർക്കും അസ്വസ്ഥതയുണ്ടാകാറുണ്ടല്ലോ...

എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് എന്നു തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോൾ പല ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരി ക്കുന്നു. പിന്നെ, ജീവി‌തകാലം മുഴുവൻ ഒരാൾക്കു സിനിമയിൽ തിരക്കായിരിക്കാൻ പറ്റില്ലല്ലോ?

ഇപ്പോൾ ചെയ്യുന്നതെല്ലാം ബോണസ് എന്നു കരുതാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് എനിക്കു അസ്വസ്ഥതകള്‍ ഒന്നുമില്ല. കിട്ടിയതിലെല്ലാം വളരെ സംത‌‌ൃപ്തനാണു ഞാൻ. കാലം മാറും. സിനിമ മാറും. സൗഹൃദങ്ങള്‍ മാറും. അതൊക്കെ നമ്മൾ ഉൾക്കൊള്ളണം. ‘ഒരു സിനിമ തരൂ’ എന്നു പറഞ്ഞു ഞാന്‍ ആരെയും വിളിക്കാറില്ല. ആരെങ്കിലും എന്നെ വിളിച്ചാൽ പോകും.

കുണ്ടറയിലെ ഈ വീട്ടിൽ സ്വസ്ഥനാണു ഞാൻ. എന്നെ സിനിമയിൽ നിലനിർത്തിയ രണ്ടു പേരുണ്ട്. ഐ.വി. ശശിയേ ട്ടനും ജിയോ കുട്ടപ്പൻ സാറും. ശശിയേട്ടനോടു ധൈര്യത്തോടെ ചോദിക്കുമായിരുന്നു ഒരു റോൾ. ഓരോ സിനിമയിലും തന്നിട്ടുണ്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങളെ...