Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജി പറന്നു സ്വപ്നങ്ങളിലേക്ക്...

കന്യാകുമാരിക്കടുത്ത് മണിമുത്താറിലെ വിശാലമായ കൃഷിയിടങ്ങള്‍. അവിടെയാണ് റിട്ടയേര്‍ഡ് വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായരുടെ ഏവിയേഷന്‍ അക്കാഡമി. എഴുപതാം വയസിലും ആകാശയാത്രകളെ താലോലിക്കുന്ന ഈ വൈമാനികന്‍ എട്ടോളം ചെറുവിമാന മാതൃകകളെ പരിപാലിക്കുന്നു. അതിലൊരു വിമാനം ഇടുക്കി ജില്ലയിലെ തട്ടക്കുഴ സ്വദേശി സജിയുടേതാണ്. സജി തോമസ് സ്വന്തമായി നിര്‍മിച്ച് പറത്തിയ വിമാനം.

കഴിഞ്ഞ വര്‍ഷം കേരളം കണ്ട അദ്ഭുതങ്ങളില്‍ ഒന്നായിരുന്നു സജി തോമസിന്റെ ഈ കണ്ടുപിടിത്തം. അംഗപരിമിതനായ യുവാവ് സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറപ്പിച്ചിരിക്കുന്നു. എസ്. കെ. ജെ. നായരെപ്പോലെയുള്ള അനുഭവസ്ഥര്‍ പറയുന്നത് ഈ കണ്ടുപിടിത്തം അവിശ്വസനീയം എന്നാണ്. എന്നാല്‍, കേരളത്തിന്റെ ശാസ്ത്രസാങ്കേതികരംഗം ഈ ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്തെ പാടേ അവഗണിച്ചു. എങ്കിലും സജി നിരാശപ്പെടുന്നില്ല. പുതിയ സ്വപ്നങ്ങളിലേക്ക് നിശബ്ദനായി പറക്കുകയാണ് അയാള്‍.

ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ പഞ്ചായത്തിലുള്ള മലയോരഗ്രാമമാണ് തട്ടക്കുഴ. അവിടെ അഴകനാല്‍ വീട്ടില്‍ തോമസ് മേരി ദമ്പതികളുടെ മകന്‍ ജന്മനാ മൂകനും ബധിരനുമായിരുന്നു. ശബ്ദമറിയാതെയാണു മകന്‍ വളരുന്നതെന്ന ബോധം ആ ദമ്പതികളെ വിഷമിപ്പിച്ചു. ചികിത്സ ഉണ്ടായിരുന്നില്ല ആ വൈകല്യത്തിന്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തേ തന്റേതായൊരു ലോകത്തായിരുന്നു സജി.

ഓര്‍മയുറച്ച കാലം മുതല്‍ നിശബ്ദതയായിരുന്നു സജിക്കു ചുറ്റും. എങ്കിലും തന്റെ മുന്നില്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ കാണുമ്പോള്‍ സജി അദ്ഭുതം കൂറും. പിന്നെ ആ യന്ത്രങ്ങളുടെ രഹസ്യങ്ങളിലേക്കാവും നോട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനരീതി മനസിലാക്കും. പിന്നെ അതുപോലെ ഒരെണ്ണം നിര്‍മിക്കാന്‍ അധികം സമയം വേണ്ടിവരില്ല.

വീട്ടിലെ സാഹചര്യങ്ങളും വൈകല്യങ്ങളും സജിയെ ക്ളാസ് മുറികളില്‍ നിന്നും അകറ്റി. അങ്ങനെ എഴാം ക്ളാസില്‍ വിദ്യാഭ്യാസം നിലച്ചു. പിന്നെ സ്കൂളിലേക്കു പോയിട്ടില്ല. സാങ്കേതിക വിദ്യാഭ്യാസവും നേടിയിട്ടില്ല. എങ്കിലും ഇപ്പോള്‍ സജിയെ കാണാന്‍ വരുന്നവരില്‍ കൂടുതലും എന്‍ജിനീയര്‍മാരാണ്. എയര്‍നോട്ടിക് എന്‍ജിനീയറിങ്ങില്‍ ആകാശത്തെ സ്വപ്നം കാണുന്നവര്‍. അത്തരമൊരു യാഥാര്‍ഥ്യത്തിലേക്ക് സജി എത്തിയതിനു പിന്നില്‍ ത്യാഗം നിറഞ്ഞ ഒരു ജീവിതമുണ്ട്. ചില ജീവിതങ്ങള്‍ വഴിതിരിഞ്ഞുപോകുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. സജിയുടെ ജീവിതത്തിലുമുണ്ട് അത്തരം ചില വഴിത്തിരിവുകള്‍.

സജിയുടെ വീടിനു ചുറ്റും റബര്‍ എസ്റ്റേറ്റുകളാണ്. കുടുംബം ആദ്യം താമസിച്ചിരുന്ന ഇളംദേശവും ഇത്തരത്തിലുള്ള റബര്‍കാടുകളായിരുന്നു. അവിടെ വെള്ളിയാമറ്റം എന്ന പ്രകൃതിരമണീയമായ കുന്നിന്‍പുറത്തു നിന്നപ്പോഴാണ് ഉയരങ്ങളുടെ സൌന്ദര്യം സജിയുടെ കണ്ണില്‍പ്പെട്ടത്. അന്നുപക്ഷേ, കാറ്റു പറഞ്ഞ കഥകളൊന്നും കേള്‍ക്കാന്‍ സജിക്കു കഴിഞ്ഞില്ല. എങ്കിലും വെള്ളിയാമറ്റത്തെ കുന്നിന്‍പുറങ്ങള്‍ സജിക്കു ഹരമായി.

അക്കാലത്ത് മറ്റൊരു അദ്ഭുതം വെള്ളിയാമറ്റത്തു സംഭവിച്ചു. കുന്നിന്‍പുറത്ത് ഒരു ഹെലികോപ്റ്റര്‍ പറന്നിറങ്ങി. ചുറ്റുമുള്ള റബര്‍തോട്ടങ്ങളില്‍ മരുന്നു തളിക്കാന്‍ വന്നതായിരുന്നു അത്. യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ഭുതം കൊണ്ടിരുന്ന സജിയെ സംബന്ധിച്ച് ഹെലികോപ്റ്റര്‍ ഒരു മഹാത്ഭുതമായിരുന്നു. ആകാശത്തിലൂടെ തുമ്പിയെപ്പോലെ പറന്നുനടക്കുന്ന ആ അദ്ഭുതത്തെ തൊട്ടുനോക്കിയപ്പോള്‍ സജി കരുതിയിരിക്കണം നാളെ ഈ യന്ത്രവും താന്‍ കീഴടക്കുമെന്ന്....

അന്ന് ഹെലികോപ്റ്റര്‍ പറത്താന്‍ വന്ന പൈലറ്റുമാരോടു സജി ചങ്ങാത്തം കൂടി. ഹെലികോപ്റ്ററിനെക്കുറിച്ചു ശബ്ദമില്ലാതെ വാചാലനാകുന്ന ആ കുട്ടിയെ അവര്‍ക്കും ഇഷ്ടപ്പെട്ടു. അന്ന് ആ ഹെലികോപ്റ്ററില്‍ രണ്ടു പ്രാവശ്യം ആകാശയാത്ര നടത്തിയാണ് സജി വീട്ടിലേക്കു പോയത്. മുംബൈയില്‍ നിന്നു വന്ന ആ പൈലറ്റുമാരുടെ വിലാസം ചോദിച്ചു വാങ്ങാനും സജി മറന്നില്ല. വിലാസം കുറിച്ചുകൊടുക്കുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല സംസാരശേഷിയില്ലാത്ത ആ പയ്യന്‍ ഒരിക്കല്‍ തങ്ങളെത്തേടി വരുമെന്ന്.

ആ ഹെലികോപ്റ്റര്‍ യാത്ര നല്‍കിയ ആനന്ദം സജിയെ മാറ്റിമറിച്ചു. പിന്നീട് വിമാനം എന്ന സ്വപ്നത്തിലേക്കായിരുന്നു സജിയുടെ യാത്രകള്‍. പക്ഷേ, വീട്ടിലെ കഠിനമായ സാഹചര്യങ്ങള്‍ ആഗ്രഹങ്ങള്‍ക്കു തടയിട്ടു. എന്തെങ്കിലും വരുമാനമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന അറിവ് സജിക്കുണ്ടായി.

സജി എന്ന അദ്ഭുതം വീണ്ടും ജനിക്കുന്നതാണ് പിന്നെ നാം അവിടെ കാണുന്നത്. ടെലിവിഷനുകള്‍ പ്രചാരത്തിലാവുന്ന കാലമായിരുന്നു അത്. ടെലിവിഷനെ സംബന്ധിച്ച് ഒരു വിദ്യാഭ്യാസവും നേടാത്ത സജി നാട്ടില്‍ അറിയപ്പെടുന്ന ടെലിവിഷന്‍ റിപ്പയറായി. ടെലിവിഷന്‍ എത്ര കേടു വന്നതാണെങ്കിലും സജിയൊന്നു തൊട്ടാല്‍ മതി എന്ന അവസ്ഥ. അത് നാട്ടില്‍ സജിയെ തീര്‍ത്തും ജനകീയനാക്കി. ടെലിവിഷന്‍ റിപ്പയര്‍ ചെയ്ത് ഉപജീവനം കണ്ടുപിടിച്ചതിനോടൊപ്പം തന്നെ വിമാനം എന്ന സ്വപ്നവും സജിയുടെ ഉള്ളിലുണ്ടായിരുന്നു. ജോലി ചെയ്തു കിട്ടുന്ന തുകയില്‍ നിന്ന് ഒരു വിഹിതം അതിനു വേണ്ടി സജി മാറ്റിവച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം വിമാനമെന്ന സ്വപ്നവും പേറി സജി നാടുവിട്ടു. മുംബൈയ്ക്കായിരുന്നു ആ യാത്ര. മുമ്പേ വെള്ളിയാമറ്റത്തു വച്ചു പരിചയപ്പെട്ട വൈമാനികരുടെ വിലാസം മാത്രമായിരുന്നു സജിയുടെ കൈയിലുണ്ടായിരുന്നത്. അന്നു റബര്‍തോട്ടത്തില്‍ വച്ചുകണ്ട മൂകനും ബധിരനുമായ പയ്യന്‍ തങ്ങളെത്തേടി വരുമെന്ന് ആ വൈമാനികര്‍ ഒരിക്കലും കരുതിയില്ല. അവര്‍ക്കു സന്തോഷമായി.

സജിയുടെ ആഗ്രഹം പോലെ അവര്‍ മുംബൈയിലെ വിമാനകമ്പനികളിലൊക്കെ സജിയെ കൊണ്ടുപോയി. സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മിക്കണമെന്ന ആഗ്രഹം എഴുതിക്കൊടുക്കുമ്പോള്‍ അവര്‍ അതിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടു. വിമാനത്തെ സംബന്ധിച്ച് പുസ്തകങ്ങള്‍ കൊടുത്തു. യന്ത്രഭാഗങ്ങള്‍ വാങ്ങാന്‍ സഹായിച്ചു. ഇതിനകം പല ബാംഗൂര്‍ യാത്രകള്‍ നടത്തി. അങ്ങനെ സ്വപ്നങ്ങള്‍ക്കു ചിറകു കൊടുത്ത് സജി നാട്ടില്‍ തിരിച്ചെത്തി.

ഇതിനിടയ്ക്കായിരുന്നു വിവാഹം. അയല്‍ക്കാരിയായ മരിയയെ സജി നേരത്തെ കണ്ടിരുന്നു. വീട്ടുകാര്‍ എതിര് പറഞ്ഞില്ല. സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയെ വേണം എന്നുമാത്രം അവര്‍ ആഗ്രഹിച്ചു. അങ്ങനെ സജിയുടെ ജീവിതത്തിലേക്ക് മരിയ കടന്നു വന്നു. സജിക്ക് ശബ്ദവും വെളിച്ചവുമായി.

വിവാഹശേഷം സജി പറക്കാന്‍ ഒരു വാഹനം എന്ന സ്വന്തം സ്വപ്നത്തിലേക്ക് ഇറങ്ങി. വീടിനു മുമ്പില്‍ ഒരു പണിപ്പുരയുണ്ടാക്കി. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റു. കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഇതിനുവേണ്ടി മാറ്റിവച്ചു. അങ്ങനെ പണി പുരോഗമിക്കുന്നതിനിടയില്‍ മറ്റൊരു യാഥാര്‍ഥ്യം സജി മനസിലാക്കി. തന്റെ സമ്പാദ്യത്തില്‍ തീരുന്നതല്ല ഈ പണി. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. വേറെന്തുമാര്‍ഗം?

ആ ആലോചന ചെന്നുനിന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്കാണ്. അന്ന് ഒരു വൈമാനികന്‍ കൂടിയായ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. സജിക്ക് ജോലിയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും ചെയ്യാന്‍ അദ്ദേഹം സന്നദ്ധനായി. എന്നാല്‍, ആ വാഗ്ദാനം നിറവേറ്റപ്പെട്ടില്ല. അതിനുമുമ്പ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. അതോടെ സജിയുടെ സ്വപ്നങ്ങളുടെ ചിറകൊടിഞ്ഞു. പിന്നീട് അത്തരത്തിലൊരു സഹായവാഗ്ദാനം ആരില്‍ നിന്നും ഉണ്ടായില്ല.

എന്നാല്‍ പണി പൂര്‍ത്തിയാവാത്ത തന്റെ സ്വപ്നത്തെ ഇച്ഛാശക്തി കൊണ്ടു കീഴടക്കാന്‍ ആ യുവാവ് മുന്നിട്ടിറങ്ങി. അങ്ങനെയാണ് വിങ് കമാന്‍ഡര്‍ എസ്. കെ. ജെ. നായരെ പരിചയപ്പെടുന്നത്. സജിയെക്കുറിച്ച് അറിഞ്ഞപ്പോള്‍, സജിയുടെ സ്വപ്നങ്ങളെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിനും ആവേശമായി. സജിയെ അദ്ദേഹം അകമഴിഞ്ഞ് സഹായിച്ചു. സജി ആദ്യമായുണ്ടാക്കിയ വിമാനത്തിന് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് അതു പറത്താനായില്ല. ഒരു എന്‍ജിനീയറിങ് കോളജ് അതു വാങ്ങി. കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി. ഇന്നും എംടെക്കും ബിടെക്കും പഠിക്കുന്നവര്‍ ഏഴാംക്ളാസുകാരനായ സജി ഉണ്ടാക്കിയ വിമാനമാണു നോക്കി പഠിക്കുന്നത്.

ഈ വിമാനം വിറ്റു കിട്ടിയ പൈസയുമായി പറക്കുന്ന ഒരു ഹെലികോപ്റ്റര്‍ എന്ന സ്വപ്നത്തിലേക്ക് സജി നടന്നു. എസ്. കെ. ജെ. നായരുടെ പിന്തുണയുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് സജിയുടെ ആ സ്വപ്നം സഫലമായത്. അന്ന് എസ്. കെ. ജെ. നായര്‍ സജിയുണ്ടാക്കിയ വിമാനം പറത്തിക്കാണിച്ചതുകൊണ്ടാണ് ലോകം സജി തോമസ് എന്ന ചെറുപ്പക്കാരന്റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചത്. തൊടുപുഴയില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയ വിമാനം പിന്നീട് ലോറിയിലാക്കിയാണ് കന്യാകുമാരിയിലെ മണിമുത്താറിലേക്കു കൊണ്ടുപോയത്.

സജി മിക്കപ്പോഴും മണിമുത്താറിലേക്കു പോകും. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യും. സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ലൈസന്‍സിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സജി ഇപ്പോള്‍.

സജി, ഭാര്യ മരിയ, മകന്‍ ജോഷ്വാ സജി, ഭാര്യ മരിയ, മകന്‍ ജോഷ്വാ

രണ്ടു വിമാനങ്ങള്‍, നിര്‍മിച്ച് മൂന്നാമത്തെ വിമാനം എന്ന സ്വപ്നത്തിലേക്കു നടക്കുമ്പോഴും സജി ചില യാഥാര്‍ഥ്യങ്ങള്‍ തൊട്ടറിഞ്ഞു. കുടുംബത്തിന്റെ അവസ്ഥ. ഉടുമ്പന്നൂര്‍ പഞ്ചായത്തു വച്ചു നല്‍കിയ ചെറിയ വീട്ടിലാണ് ഈ പ്രതിഭയുടെ ജീവിതം. ഇത്രയും പ്രതിഭയുള്ളയാള്‍ അന്നത്തിനു വേണ്ടി ബുദ്ധിമുട്ടുന്നു എന്നറിഞ്ഞപ്പോള്‍ കാക്കനാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ഐ ക്യൂബ്സ് ഡയറക്ടര്‍ ജേക്കബ് എം. ജോര്‍ജ് തന്റെ കമ്പനിയില്‍ ഒരു ജോലി നല്‍കി. അതൊരു പുണ്യവും ഭാഗ്യവുമായെന്ന് മരിയ. സജിക്ക് ലോകത്തിലേക്കുള്ള വാതില്‍. സജി സംസാരിക്കുന്നത് മരിയയുടെ നാവിലൂടെയാണ്. പിന്നെ വലംകൈയായി മാറിയ മകന്‍ ജോഷ്വായും. തട്ടക്കുഴ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ എട്ടാംക്ളാസ് വിദ്യാര്‍ഥിയാണ് ജോഷ്വാ.

ഏഴാം ക്ളാസാണു വിദ്യാഭ്യാസമെങ്കിലും ഇംഗീഷ് പുസ്തകങ്ങളാണു സജി റഫര്‍ ചെയ്യുന്നത്. സജി എങ്ങനെ ഇംഗീഷ് പഠിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഇന്റര്‍നെറ്റാണ് പ്രധാന ആശ്രയം. ചിലപ്പോള്‍ ചില യാദൃച്ഛികതകള്‍ ഇങ്ങനെയും സംഭവിക്കാം. സജി ഒരു സിനിമയാവുകയാണ്. സന്തോഷ് ഏച്ചിക്കാനം എഴുതി വിനു ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രമേയം ഇതായിരുന്നു. മൂകനും ബധിരനുമായ യുവാവ് സ്വന്തമായി വിമാനം നിര്‍മിക്കുന്നു. പ്രതിസന്ധികള്‍ മറികടന്ന് ആ വിമാനം കേന്ദ്രവായുസേന ഏറ്റെടുക്കുന്നു. ഈ പ്രമേയത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സജി തോമസിന്റെ ജീവിതകഥ വാര്‍ത്തയാവുന്നത്. അങ്ങനെ തങ്ങളുടെ കഥാപാത്രത്തെ നേരില്‍ കാണാന്‍ അവര്‍ തട്ടക്കുഴയെത്തി. സജിയോടു സംസാരിച്ചു. സിനിമ ഉടന്‍ വരുമെന്നു പറയുമ്പോള്‍ സജിയുടെ കണ്ണുകളില്‍ മറ്റൊരു വിമാനം പറക്കുന്നു. മറ്റുള്ളവര്‍ പറയുന്ന പ്രശംസാവാക്കുകള്‍ സജി കേള്‍ക്കുന്നില്ല. എങ്കിലും സജി ചിരിക്കുന്നു. ഒരു സ്വപ്നം പോലെ...

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer