Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകത്തിലെ ശുഭഫലങ്ങളെ നശിപ്പിക്കുന്ന കാലസർപ്പയോഗം

kalasarpadosham നിനച്ചിരിക്കാതെ ജീവിതത്തെ തകിടം മറിച്ച് കളയുന്ന ഒരു അപകടകാരിയായ യോഗമാണ് കാലസർപ്പയോഗം. പേടിക്കേണ്ട, പരിഹാരമുണ്ട്...

കേരളീയ ജ്യോതിഷത്തിൽ കാലസർപ്പയോഗത്തെക്കുറിച്ച് അനുകൂലവും, പ്രതികൂലവുമായ അഭിപ്രായങ്ങൾ ജ്യോതിഷ പണ്ഡിതൻമാർക്ക് ഇടയിൽ ഉണ്ട്.  പരമ്പരാഗത ജ്യോത്സ്യൻമാരും, ആധുനിക ജ്യോത്സ്യൻമാരും  വ്യത്യസ്‍ത വാദമുഖങ്ങൾ പറയാറുണ്ട്.  ജ്യോതിഷത്തിലെ പ്രമാണിക ഗ്രന്ഥങ്ങളിൽ കാലസർപ്പയോഗത്തെക്കുറിച്ച് പരാമർശം ഇല്ല എന്ന കാര്യവും ചിന്തിക്കേണ്ടതാണ്. എന്നാൽ ഫലഭാഗജ്യോതിഷത്തിൽ പ്രയോഗികമായി ഈ യോഗ ഫലങ്ങൾ അനുഭവപ്പെടുന്നത് കാണാം. തെക്കൻ കേരളത്തിൽ തമിഴ് സ്വാധീനം മൂലം കാലസർപ്പയോഗത്തെ കാളസർപ്പയോഗം എന്നും വിളിച്ച് വരുന്നു. 

ജ്യോതിഷ ചർച്ചകളിൽ സുപരിചിത നാമമാണ് രാഹുവും, കേതുവും, സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും, രാഹുകേതുക്കൾ നിൽക്കുന്ന രാശികളിൽ കറുത്ത വാവിനും, വെളുത്ത വാവിനും മാത്രം സംഭവിക്കുന്നു എന്നതും ഗണിത ക്രിയയിലൂടെ കൃത്യമായ രാഹുകേതുക്കളുടെ ചലനം രേഖപ്പെടുത്താൻ സാധിക്കുന്നതും പ്രസ്തുത നിഴൽ ഗ്രഹങ്ങൾ യാഥാർത്ഥ്യം ആണ് എന്നതിന്റെ തെളിവാണ്. 

രാഹുവും കേതുവും 180 ഡിഗ്രി പരസ്പരം അകലം പാലിച്ചുകൊണ്ട് രാശി ചക്രത്തിൽ അപ്രദക്ഷിണമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 18 വർഷം കൊണ്ട് രാഹു കേതുക്കൾ രാശി ചക്രത്തിൽ ഒരു ഭ്രമണം പൂർത്തിയാക്കുന്നു.  ഒരു രാശിയിൽ ശരാശരി ഒന്നര വർഷം രാഹുവും, കേതുവും രണ്ട്  വ്യത്യസ്‍ത രാശികളിൽ സഞ്ചരിക്കുന്നു.  ഒരു ദിവസം 3 മിനിട്ട് 11 സെക്കന്റ് പിറകിലോട്ട് സഞ്ചരിക്കുന്നു.

രാശിചക്രത്തിൽ രാഹുകേതുക്കൾ 6785 ദിവസം കൊണ്ട് ഒരു പൂർണ്ണ ഭ്രമണം നടത്തുന്നു. ശരിക്ക് പറഞ്ഞാൽ 18 വർഷവും 7 മാസവും 2 ദിവസവും 8 മണിക്കൂറും 1 മിനിട്ടും എടുക്കുന്നു. (ചെറിയ വ്യത്യാസം വരാം)

രാഹുകേതുക്കൾ നൈസർഗ്ഗിക പാപന്മാർ ആകയാൽ 3.6.10.11 എന്നീ ഉപചയരാശികളിൽ നല്ല ഫലത്തെ പ്രദാനം ചെയ്വുന്നതാണ്.  രാഹു ചിലപ്പോൾ യോഗകാരകനായി നല്ല ഫലങ്ങൾ നൽകി എന്നും വരാം.  പൊതുവിൽ രാഹു-കേതുക്കൾ കുഴപ്പക്കാരാകുകയാണ് പതിവ്.

ഭൂമിയുടെ ഭ്രമണപഥവും ചന്ദ്രന്റെ ഭ്രമണപഥവും തമ്മിൽ ഖണ്ഡിക്കുന്ന  രണ്ട് ബിന്ദുക്കൾ ആണ് രാഹു-കേതുക്കൾ.  ഇത് സംബന്ധമായി ധാരാളം കെട്ടുകഥകൾ പ്രചരിക്കുന്നുണ്ട്.  ഈ കെട്ടുകഥകൾ ആണ് ശരി എന്ന് വിശ്വസിച്ച് ജ്യോതിഷത്തെ കളിയാക്കാനായി രാഹുകേതുക്കളെ യുക്തിവാദികളും, ചില കപട ബുദ്ധി ജീവികളും ചില ഇടതുപക്ഷ സൈദ്ധാന്തികൻമാരും ഉപയോഗിക്കാറുണ്ട്.  ചന്ദ്രൻ ഭൂമിയെ ഒരുപ്രാവശ്യം ചുറ്റുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തെ 2 പ്രാവശ്യം മുറിച്ച് കടന്നു പോകും.  ഈ അവസ്ഥ വടക്ക് ഭാഗത്തേയ്ക്ക് ക്രമേണ നീങ്ങി ഉത്തരബിന്ദുവിനേയും അവിടെ നിന്ന് കീഴോട്ട് വന്ന് ദക്ഷിണബിന്ദുവിനേയും സ്പർശിച്ച് കടന്നു പോകും.  

വടക്കേ ബിന്ദുവിനെ രാഹു എന്നും തെക്കേ ബിന്ദുവിനെ കേതു എന്നും വിളിക്കുന്നു.  ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണ പഥത്തിൽ ഉള്ള രണ്ട് ബിന്ദുക്കൾ ആണ് രാഹുവും കേതുവും.  ഭൂമിയുടെ അച്ചുതണ്ട് പോലെ രാഹുകേതുക്കൾ കാല്പനിക ബിന്ദുക്കൾ മാത്രമാണ്. രാശിചക്രത്തിലെ ഈ ശക്തി ബിന്ദുക്കൾക്ക് മനുഷ്യജീവിതത്തെ സ്വാധീനിക്കാൻ സാധിക്കുന്നതുകൊണ്ടാണ് അവയെ പൂർവ്വാചാര്യൻമാർ ജാതക ഗണിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രഹണം നിർണ്ണയിക്കാൻ ഈ ശക്തി ബിന്ദുക്കൾ   അത്യാവശ്യമാണ്.  ജ്യോതിശാസ്ത്ര പരമായിട്ടും, ജ്യോതിഷ പരമായിട്ടും രാഹുകേതുക്കൾക്ക് പ്രാധാന്യമുണ്ട്.

ഈ രാഹു-കേതുക്കൾക്ക് വിചിത്രമായിട്ടുള്ള പലവിധ യോഗങ്ങൾ ഉണ്ട്.  അതിൽ പ്രധാനമാണ് 12 വിധത്തിൽ ഉള്ള കാലസർപ്പയോഗങ്ങൾ. ഇവയ്ക്ക് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്.  രാഹുവുമായി ബന്ധപ്പെട്ട ചില പ്രധാന യോഗങ്ങൾ. ഗുരുചണ്ഡാല യോഗം. ഗുരുവും രാഹുവും കൂടി യോഗം ചേരുന്നത്.  ഈ യോഗം ശുഭകരമല്ല.

സർപ്പശാപയോഗം: ജാതകത്തിൽ താഴെപറയും വിധം രണ്ടോ അതിൽ അധികമോ ഗ്രഹങ്ങൾ ഒരുമിച്ച് നിന്നാൽ സർപ്പശാപയോഗം ഭവിക്കും. സന്താനനാശം,   വന്ധ്യത, ചാപിള്ളകളെ പ്രസവിക്കുക, ഗർഭം അലസൽ, സന്താനങ്ങളുടെ ബാല്യകാലത്തെ അപമൃത്യു എന്നിവ ഫലം. സന്താന കാരകനായ വ്യാഴവും, ചൊവ്വയും രാഹുവും ചേർന്ന് 5-ാം ഭാവം എന്ന സന്താന രാശിയിൽ നിൽക്കുകയും അവക്ക്. ചന്ദ്രന്റെ 5-ാം ഭാവവുമായി ഏതെങ്കിലും തരത്തിൽ ബന്ധം വരുന്നതും സന്താന നാശം വരുത്തും.

5-ാം ഭാവത്തിൽ രാഹു നിൽക്കുക.  അവിടെയും ചൊവ്വയുടെ ദൃഷ്ടി വരുന്നതും സന്താനനാശത്തിനു ഇടയാക്കും. 

5-ാം ഭാവാധിപൻ ആയ ഗ്രഹം രാഹുവുമായി യോഗം ചെയ്വുക, അവിടേക്ക് ശനിയുടെ ദൃഷ്ടി പതിക്കുക പ്രസñുത രാശിക്ക് ചന്ദ്രനുമായി ബന്ധം വരിക. ഇതും സർപ്പശാപയോഗത്തിന് ഇടയാക്കും.

പിശാച് ബാധ യോഗം: ജാതകത്തിൽ ലഗ്നാധിപനും രാഹുവും കൂടി യോഗം ചെയ്ത് കർക്കിടകം രാശിയിലോ, ചന്ദ്രനോട് കൂടി മറ്റ് രാശികളിൽ നിന്നാൽ ജാതകൻ ഭൂതപ്രേത പിശാചുക്കൾ ബാധിച്ച പോലെ വിവിധതരം ഗോഷ്ടികളും ചേഷ്ഠകളും കാട്ടുകയും സ്വബോധമില്ലായ്മ, അർദ്ധബോധാവസ്ഥ, സ്വയം ശരീരം മുറിച്ച് രസിക്കുക, മറ്റുള്ളവരെ വിരട്ടുക, ആക്രമണ സ്വഭാവം എന്നിവ പ്രദർശിപ്പിക്കുക.  പ്രേതശാപയോഗം, അന്ധയോഗം,  ദരിദ്രയോഗം, ഗളകർണ്ണയോഗം, കപടയോഗം തുടങ്ങിയ പലവിധ ഉപദ്രവകാരികൾ ആയ യോഗങ്ങളെ കുറിച്ച് പറയുന്നു. എന്നാൽ  ഇവയിൽ പ്രധാനം കാലസർപ്പയോഗത്തിനാണ്.  നിനച്ചിരിക്കാതെ ജീവിതത്തെ തകിടം മറിച്ച് കളയുന്ന ഒരു അപകടകാരിയായ യോഗമാണ് കാലസർപ്പയോഗം.  

അമംഗളമായ ഒരു ഗ്രഹയോഗമാണ് കാലസർപ്പയോഗം, ചതി, വഞ്ചന, ഒറ്റ് കൊടുക്കൽ, ഉയരത്തിൽ നിന്നുള്ള പതനം, ഭക്ഷ്യവിഷബാധ, വിഷപ്രയോഗം, നിർഭാഗ്യങ്ങളുടെ ഘോഷയാത്ര, കാപട്യം നിറഞ്ഞ ജീവിതം, സാമൂഹ്യവിരുദ്ധ ബന്ധങ്ങൾ ജീവികളുടെ ആക്രമണത്തിൽ ജീവിതം വഴിമുട്ടിപ്പോകുക. അവസാനിക്കാത്ത കടബാദ്ധ്യതകൾ ശാരീരിക ദൗർബല്യം, അസാന്മാർഗ്ഗിക ജീവിതം, രാജ്യദ്രോഹ പ്രവർത്തനം, തീവ്രവാദ നിലപാടുകൾ, കടുത്ത ഇടതുപക്ഷ സ്വഭാവത്താൽ ജീവിത നാശം, വൈവാഹിക പരാജയം, സന്താനമില്ലായ്മ, ഉന്നത ജീവിതസൗകര്യം ഉണ്ടായാലും അതൊന്നും പ്രയോജനപ്പെടാനാകാതെ പോകുക, വിരുദ്ധ സ്വഭാവം, കടുത്ത സ്വാർത്ഥത എന്നിവ ഫലം.

ജാതകത്തിൽ പഞ്ചമഹാപുരുഷ യോഗങ്ങൾ ഉണ്ടെങ്കിൽ കാലസർപ്പയോഗത്തിന്റെ രൂക്ഷത കുറയും.  33-35 വയസ്സിനു ശേഷം ചില പുരോഗതികൾ ഉണ്ടാകും.  ജീവിതത്തിന്റെ നല്ല കാലം ദുരിതത്തിൽ കഴിച്ചുകൂട്ടും.  കടുത്ത ലക്ഷ്യബോധം ഉള്ള വ്യക്തികൾ കാലസർപ്പ യോഗത്തെ അതിജീവിച്ച് രാഷ്ട്രീയം, ഭരണ സംവിധാനങ്ങൾ, വിദ്യാഭ്യാസരംഗങ്ങൾ ശാസ്ത്രരംഗങ്ങൾ എന്നിവയിൽ ശോഭിച്ചതായും കാണാം.

ആത്മീയ ജീവിതത്തിൽ ഉയർച്ച പ്രാപിച്ചവരെയും കാണാം.  ഇവരുടെ ബാല്യകൗമാര യൗവന കാലങ്ങൾ കഷ്ടത നിറഞ്ഞതായിരിക്കും. അസാമാന്യമായി ജീവിത പ്രതിസന്ധികളോട് ഏറ്റുമുട്ടി വിജയംവരിച്ചവരിലും കാലസർപ്പയോഗം കാണാൻ സാധിക്കും.

കാലസർപ്പയോഗം ഭവിക്കുന്നത് എങ്ങനെ?

അഗ്രേ രാഹുർ അധോകേതു 

സർവ്വെ മദ്ധ്യേ ഗതാഗ്രഹം

യോഗം കാലസർപ്പാഘ്യം

നൃപാ സസ്യവിനാശനം.

മേല്പറഞ്ഞ സംസ്കൃത ശ്ലോകപ്രകാരം രാഹു മുന്നിലും കേതു പിന്നിലും ബാക്കി എല്ലാ ഗ്രഹങ്ങളും അവയ്ക്ക് ഉള്ളിലും ആയി വന്നാൽ പൂർണ്ണകാല സർപ്പയോഗം. രാഹുവിനോടോ കേതുവിനോടോ കൂടി ഒരു ഗ്രഹം നിൽക്കാൻ പാടില്ല. എന്നാൽ രാഹുവിനോട് കൂടിയോ കേതുവിനോട് കൂടിയോ ഗ്രഹങ്ങൾ നിന്നാലോ ലഗ്നമോ, ചന്ദ്രനോ രാഹുകേതുക്കൾക്ക് പുറത്ത് നിന്നാലോ അർദ്ധ കാല സർപ്പയോഗം എന്ന  രൂക്ഷത കുറഞ്ഞ ഒരു യോഗത്തെകുറിച്ച് തമിഴ് ജ്യോതിഷ പണ്ഡിതൻമാർ പറയുന്നുണ്ട്.

കാലസർപ്പയോഗത്തിൽ കേതുവിൽ നിന്ന് രാഹുവിലേക്ക് ഗ്രഹങ്ങൾ സഞ്ചരിക്കുന്നു. സർപ്പത്തിന്റെ വാലിൽ നിന്ന് വായിലേക്ക്. വ്യക്തി രക്ഷപ്പെടുന്നതിന് സാധ്യത തീരേ കുറവ്. ഈ രണ്ട് വിധത്തിലും രാഹു കേതുക്കൾക്ക് ഇടയിൽപ്പെട്ട് പോകുന്ന ഗ്രഹശക്തി ബന്ധനാവസ്ഥയിൽ ആകുകയും ഫലദാനശേഷി നശിച്ചുപോകുകയും ചെയ്യുന്നു.  ഗ്രഹങ്ങൾക്ക് ബലക്കുറവ് ഉള്ളവർക്ക് ദുരിതം കൂടുന്നു. ഗ്രഹങ്ങളുടെ വ്യത്യസ്ത യോഗബലം അനുസരിച്ച് ഗുണദോഷങ്ങൾ വ്യത്യസ്തമാകാം.

1. ജാതകത്തിൽ ലഗ്നത്തിന്റെ 6.7.8 രാശികളിൽ (ഭാവം) രാഹുവോ കേതുവോ നിന്നാൽ കാല സർപ്പദോഷം അധികരിക്കും.

2. ലഗ്ന കേന്ദ്രമായ 4.1.7.10 രാശികളിൽ രാഹുവോ കേതുവോ നിന്നാൽ ദുരിതഫലം കൂടും.

3. രാഹുവിന്റെ 8-ാമത്തെ രാശിയിൽ സൂര്യൻ നിന്നാൽ കാലസർപ്പയോഗം ശക്തിപ്പെടുന്നു. ചന്ദ്രന്റെ 8-ാമത്തെ രാശിയിൽ രാഹു+ കേതുക്കൾ നിന്നാലും കാലസർപ്പയോഗം ശക്തി പ്രാപിക്കും.

4. രാഹുകേതുക്കൾ ലഗ്നത്തിന്റെ 5-9 രാശികളിൽ നിന്നാൽ കാലസർപ്പയോഗത്തിന്റെ രൂക്ഷത കുറയും. ദോഷം തീരെ ഇല്ല എന്നും പറയാം.

5. രാഹുവിൽ നിന്ന് കേതുവിലേയ്ക്ക് ഗ്രഹങ്ങൾ വരുന്നത് കാലസർപ്പയോഗവും, കേതുവിൽ നിന്ന് രാഹുവിലേയ്ക്ക് ഗ്രഹങ്ങൾ വരുന്നത് കാലാമൃതയോഗം എന്നും പറയുന്നു. വളരെ പഠനങ്ങൾ ഈ മേഖലയിൽ നടത്തേണ്ടതുണ്ട്.

കാലസർപ്പ യോഗത്തിന്റെ ഫലത്തെക്കുറിച്ച്  വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ട്. ജാതകത്തിൽ പ്രായോഗികമായി അനുഭവപ്പെടുന്നത് സ്വീകരിക്കുക.

1.  രാഹു തന്റെ ഉച്ചരാശിയായ ഇടവത്തിലേയ്ക്ക് നീങ്ങുകയും മറ്റ് ഗ്രഹങ്ങൾ രാഹുവിനെ പിൻതുടർന്ന് നിൽക്കുകയും ചെയ്താൽ പ്രസñുത കാലസർപ്പയോഗം ഗുണപ്രദമായി മാറും.  നേരെമറിച്ച് രാഹു തന്റെ നീചരാശിയായ തുലാത്തിലേയ്ക്ക് നീങ്ങുകയും മറ്റ് ഗ്രഹങ്ങൾ അതിനെ പിൻതുടരുകയും ചെയ്താൽ കഠിനമായ ദോഷഫലങ്ങൾ ലഭിക്കും.

2. ലഗ്നമോ, ചന്ദ്രൻ സൂര്യൻ എന്നീ ഗ്രഹങ്ങളോ ഇതിൽ ഏതെങ്കിലും ഒന്നോ അതിൽകൂടുതലോ ഗ്രഹങ്ങൾ രാഹുകേതുക്കൾക്ക് പുറത്ത് നിന്നാൽ കാലസർപ്പയോഗം ഇല്ല.

ലഗ്നം, ചന്ദ്രൻ എന്നിവ  രാഹുകേതുക്കൾക്ക് പുറത്ത് നിന്നാൽ അർദ്ധ കാലസർപ്പയോഗം.  രാഹുകേതുക്കൾക്ക് ഒപ്പം മറ്റ് ഗ്രഹങ്ങൾ നിന്നാലും അർദ്ധ കാലസർപ്പ യോഗം.

പൊതുവിൽ കാലസർപ്പയോഗത്തിന്റെ ദോഷഫലങ്ങൾ 33-35 വയസ്സിന് അകം അനുഭവിച്ച് ജാതകൻ വശം കെട്ടിരിക്കും ഈ വയസ്സിനെ അതിജീവിക്കുന്ന കാലസർപ്പയോഗക്കാരൻ തുടർന്ന് വലിയ കേടുപാടില്ലാതെ ജീവിച്ച് പോകുന്നത് കാണാം.  ബാല്യവും, കൗമാരവും നല്ല യൗവനവും കാലസർപ്പയോഗം നശിപ്പിച്ച് കളയും. എന്നാൽ ആ ദുരിത കാലത്തിലെ അനുഭവത്തിന്റെ തീച്ചൂളകളിൽ ഉരുകി ജീവിതത്തിൽ പത്തരമാറ്റ് തങ്കം ആയി മാറിയവരും ഉണ്ട് എന്ന കാര്യവും ഓർക്കേണ്ടതാണ്. ഗവേഷണ പഠനം ആവശ്യമുള്ള ഒരു വിഷയമാണ് കാലസർപ്പയോഗം.  എന്നാൽ നമ്മുടെ പല ജ്യോതിഷപ്രതിഭകൾക്കും ഇതിലൊന്നും താല്പര്യമില്ല.  സമയവും ഇല്ല.  ആരെങ്കിലും ആയതിന് പരിശ്രമിച്ചാൽ അതിനെ അധിക്ഷേപിക്കാൻ സമയം കണ്ടെത്തുകയും ചെയ്യും. ജ്യോതിഷം എന്നാൽ കവിടി നിരത്തി രാശിവെക്കലും ബാധ ഒഴിപ്പിക്കലും മാത്രമോ?...

തുടരും... 

ലേഖകൻ 

R.Sanjeevkumar PGA

Jyothis Astrological Research Centre

Lulu Apartments, Thycaud P.O. Thiruvananthapuram

PIN – 695014, Mob : 9447251087, 9526480571

Email : jyothisgems@gmail.com