Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവരോഗനിവാരണത്തിനും ഐശ്വര്യത്തിനും ധന്വന്തരീമന്ത്രം

dhanwanthari-moorthy രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും.

പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും ആയുസ്സിനെക്കുറിച്ചുള്ള വേദമായ ആയുർവേദത്തിന്റെ ദേവനുമാണ് ധന്വന്തരി. ആയുർവേദചികിത്സ ആരംഭിക്കുന്നതിനു മുൻപ് ധന്വന്തരിയെ സ്മരിക്കുന്ന അനുഷ്ടാനം നിലവിലുണ്ട്.

രോഗങ്ങൾ രണ്ടുവിധത്തിൽ മനുഷ്യനെ അലട്ടുന്നു, ഭൗതികപരവും ആത്മപരവും .ഇതിൽ ഭൗതികപരമായ രോഗങ്ങള്‍ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍, അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഒന്നിലും താൽപര്യമില്ലായ്മ എന്നിവ ഉണ്ടാകുന്നത് ഈശ്വരഭക്തിയിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. രോഗമുക്തിക്കായി ചികിത്സയോടൊപ്പം ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയെ പ്രാർത്ഥിക്കുന്നത് ഏറെ ഗുണം ചെയ്യും. 

ചതുർബാഹു രൂപത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. ഭഗവാന്റെ നാല് കൈകളിലോരോന്നിലും ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. പ്രധാന പുഷ്പം കൃഷ്ണതുളസിയാണ്. മന്ദാരം, ചെത്തി എന്നിവയും പൂജക്കെടുക്കാവുന്നതാണ്. പാൽപ്പായസം ,കദളിപ്പഴം എന്നിവയാണ് പ്രധാന നേദ്യങ്ങള്‍.  

ആയുർവേദാധിപനായ ശ്രീധന്വന്തരീ മൂര്‍ത്തിയെ നിത്യവും ഭജിക്കുന്നത് സർവരോഗമുക്തിക്കും, സർവൈശ്വര്യത്തിനും കാരണമാകുന്നു. ഔഷധസേവയോടൊപ്പം ധന്വന്തരീമന്ത്രം ജപിക്കുന്നത് അതിവേഗ  രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. ആകുലത, മാനസിക സംഘർഷം, രോഗദുരിതം എന്നിവ അലട്ടുന്നവർക്കുള്ള കൈക്കൊണ്ട ഔഷധമാണ് ശ്രീ ധന്വന്തരീ മന്ത്രം. നിത്യവും കുറഞ്ഞത് ഒൻപത് തവണയെങ്കിലും ഭക്തിയോടെ ധന്വന്തരീ മന്ത്രം ജപിക്കണം   

ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ 

ധന്വന്തരേ അമൃതകലശ ഹസ്തായ 

സർവാമയ വിനാശായ 

ത്രൈലോക്യനാഥായ ഭഗവതേ നമ:  

വൈകുണ്ഠപുരം ശ്രീ ധന്വന്തരീ ക്ഷേത്രം

dhanvanthari-temple

കോട്ടയം ജില്ലയിൽ  തിരുവഞ്ചൂർ റൂട്ടിലാണ് പാറമ്പുഴക്കരയിലെ വൈകുണ്ഠപുരം ശ്രീ ധന്വന്തരീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ചേനയും ഉപ്പും. ത്വക്ക് രോഗശമനത്തിനാണ് പ്രധാനമായും ഇത് നടത്തുന്നത്. ഒരു ചേനയും ഉപ്പുമായി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ചശേഷം ഒരു പിടി നാണയത്തുട്ടും ചേർത്ത് ഭക്തിയോടെ നടയ്ക്കൽ വയ്ക്കുന്നതാണ് ചടങ്ങ് . എല്ലാ മലയാളമാസം ഒന്നാം തിയതിയും മാസാവസാനം വൈകുന്നേരങ്ങളിലും മണ്ഡലകാലത്തും എല്ലാ വിശേഷദിവസവും ഇവിടെ പൂജ നടത്തിവരുന്നു.

പ്രധാനപ്പെട്ട ധന്വന്തരിമൂര്‍ത്തി ക്ഷേത്രങ്ങൾ

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് തോട്ടുവ ശ്രീ ധന്വന്തരിമൂര്‍ത്തി ക്ഷേത്രം. തൃശൂര്‍ പെരിങ്ങാവിലും നെല്ലുവായിലും ധന്വന്തരീ പൂജ നടത്തിവരുന്നു .കണ്ണൂര്‍ ജില്ലയിലെ ചിറക്കലാണ്  മറ്റൊരു ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ചേർത്തല റൂട്ടിൽ മരുത്തോർ‌വട്ടത്തിലും മാവേലിക്കരയിലും ധന്വന്തരി ക്ഷേത്രങ്ങൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.