Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തിൽ ഏഴ് പൊരുത്തമുണ്ടായിട്ടും ദാമ്പത്യത്തിൽ പ്രശ്നമോ? ജ്യോതിഷനെ പഴിക്കാൻ വരട്ടെ!!!

x-default

കല്ല്യാണം ജാതകപൊരുത്തം ഒക്കെ നോക്കിയാണ് നടത്തിയത്. പത്തിൽ ഏഴ് പൊരുത്തം ഉത്തമമാണ്. കൂടാതെ വിശേഷാൽ സമസപ്തമപൊരുത്തവും. സമസപ്തമം ഉണ്ടെങ്കിൽ പൂർവ്വജന്മത്തിലും ഭാര്യാഭർത്താക്കന്മാർ ആയിരുന്നു എന്നാണ് ജ്യോതിഷം പറയുന്നത്. എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ പലപ്പോഴും വഴക്കാണ്. ആത്മഹത്യയുടെ വക്കിലൂടെ ഒരു നൂൽപാലത്തിലൂടെ എന്നപോലെ കടന്നുപോയ സന്ദർഭങ്ങളും ഏറെയാണ്. എന്താണ് ഇതിന് കാരണം? 

പൊരുത്തം നോക്കിയത് തെറ്റിയോ. ജാതകം തന്നെ തെറ്റിയോ? ഇനി ജ്യോതിഷം തന്നെ ശരിയല്ലേ? പലപ്പോഴും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണിത്. എല്ലാ വീട്ടിലും അഭിപ്രായഭിന്നതയും ചിലപ്പോൾ അടിപിടിയും ഉണ്ടായി എന്നു വരികയില്ല. അത് ഉണ്ടാകുന്നുണ്ട് എങ്കിൽ അതിന് പല കാരണങ്ങളും ഉണ്ടാകും. സ്നേഹം ഇല്ലാത്തതല്ല ചിലപ്പോൾ നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യം വരുന്നത് കൊണ്ടാകും. പ്രകോപനമുണ്ടാകുന്ന തരത്തിൽ സംസാരിക്കുന്നത് കൊണ്ടാകും.

അവഗണന, കരുതൽ ഇല്ലായ്ക, സ്നേഹം പ്രകടിപ്പിക്കായ്ക, ആവശ്യം അറിഞ്ഞു പെരുമാറാത്തത് ഒക്കെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. കൂടാതെ ഒരാളിൽ നിന്നും പ്രതീക്ഷിക്കുന്നത് ലഭിക്കാതിരിക്കുന്നതും കലഹങ്ങൾക്ക് കാരണമാകാം. വിവാഹത്തിന് മുൻപ് പല സങ്കൽപങ്ങളും ഉണ്ടായിരിക്കും. യാഥാർത്ഥ്യവുമായി ഒത്തു പോകാതെ വരുമ്പോഴും കുഴപ്പങ്ങൾ ഉണ്ടാകാം.

മനപ്പൂർവ്വമായി ശ്രമിച്ചാൽ മാത്രമേ ഇത്തരം സന്ദർഭങ്ങൾ ആവർത്തിക്കാതിരിക്കൂ. പാരമ്പര്യം, വളർന്നു വന്ന സാഹചര്യം, കണ്ടു പഠിച്ച കാര്യങ്ങൾ, സൗഹൃദം ഒക്കെ വിവാഹജീവിതത്തെ സ്വാധീനിക്കും.

കണ്ടകശനി, ഏഴരശനി, ദശാസന്ധികൾ ഒക്കെ നമ്മെ സ്വാധീനിക്കുന്നുണ്ടെങ്കിലും അതിനെ ഒക്കെ അതിജീവിക്കാനുള്ള മാനസികമായ തയാറെടുപ്പുണ്ടെങ്കിൽ ഇതിനൊക്കെ പരിഹാരം കണ്ടെത്താൻ കഴിയും. ഇത്തരം സന്ദർഭങ്ങൾ മുതലാക്കാൻ നടക്കുന്ന കൗശലക്കാരായ കുറുക്കന്മാരും എരിതീയില്‍ എണ്ണയൊഴിക്കാൻ നടക്കുന്ന മന്ഥരമാരെയും സൂക്ഷിക്കണം.

ജീവിതം നരകതുല്യമോ സ്വർഗ്ഗതുല്യമോ ആക്കാൻ നമുക്ക് സാധിക്കും. എന്ത് പ്രശ്നമുണ്ടെങ്കിലും ഒന്നിച്ച് ആലോചിച്ച് ചർച്ച ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കണം. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുക, ഗുരുജനങ്ങളെ സന്ദർശിക്കുക ഒക്കെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഗ്രഹദോഷ പരിഹാരങ്ങളും നടത്തുക. ഐക്യമുണ്ടാകാൻ ഇടയ്ക്ക് ഐക്യമത്യ സൂക്തവും ഭാഗ്യസൂക്തവും പുഷ്പാഞ്ജലി ദേവീക്ഷേത്രത്തിൽ നടത്തുന്നതും പരിഹാരമാണ്.

ഉദ്യോഗസ്ഥയായ ഭാര്യ ഭർത്താവ് ഓഫീസിൽ പോകാൻ നേരത്ത് ഓടിച്ചെന്ന് ഷൂ പോളീഷ് ചെയ്ത് കൊടുത്തിരുന്ന തലമുറ കഴിഞ്ഞു പോയി. അച്ഛന്റെയും അമ്മയുടെയും കാലമല്ല ഇത്. അത് മനസ്സിലാക്കാന്‍ തയ്യാറാകണം. എത്ര വിദ്യാഭ്യാസവും ഉയർന്ന പദവിയും ഉണ്ടായാലും കുടുംബം നേരെ കൊണ്ടുപോകാൻ കഴിയണം. കൈവിട്ടുപോയിട്ട് ദുഃഖിച്ചിട്ടു കാര്യമില്ല. പണത്തിനു പിറകേയുള്ള മരണപ്പാച്ചിലിൽ നമ്മുടെ മക്കളെയും മറ്റും നാം മറന്നു പോകരുത്. അവരും നമ്മളെ കണ്ടാണ് വളർന്നു വരുന്നത്. ചിലർക്ക് ചിലപ്പോൾ ചികിത്സ വേണ്ടിവരും. മറ്റ് ചിലർക്ക് ആവാഹനവും ബാധയെ ഒഴിവാക്കലും ആവശ്യമാകാം. സന്തോഷകരമായ ജീവിതമാണ് ആവശ്യം വേണ്ടത്. അതിന് വേണ്ടത് ഏതായാലും അതൊക്കെ ചെയ്യാൻ തയ്യാറായാൽ ഉത്തമപൊരുത്തത്തോടെ അല്ലെങ്കിൽ യഥാർത്ഥ പൊരുത്തത്തോടെ മനപ്പൊരുത്തത്തോടെ ജീവിക്കാം.

ലേഖകൻ   

Dr. P. B. Rajesh    

Rama Nivas    

Poovathum parambil,   

Near ESI  Dispensary Eloor East

Udyogamandal.P.O

Ernakulam 683501   

email : rajeshastro1963@gmail.com   

Phone : 9846033337