തടസ്സങ്ങൾ ഒഴിവാക്കാൻ വിഘ്നേശ്വരൻ

ഏതു പൂജയിലും ആത്മപൂജ കഴിഞ്ഞാലുടൻ ഗണപതിയെ ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്ത് ആരാധിക്കും

എന്തു കാര്യം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും ഗണപതിയെ പ്രീതിപ്പെടുത്തണം എന്നതൊരു ആചാരമാണ്. കാരണം ഗണപതി വിഘ്നേശ്വരൻ കൂടിയാണ്. എല്ലാ വിഘ്നങ്ങളും അഥവാ തടസ്സങ്ങളും ഇല്ലാതാക്കി ഉദ്ദേശിച്ച കാര്യം വിജയകരമായി പൂർത്തിയാക്കാൻ ഗണപതിയുടെ അനുഗ്രഹം വേണം എന്നാണു വിശ്വാസം. 

ഏതു പൂജയിലും ആത്മപൂജ കഴിഞ്ഞാലുടൻ ഗണപതിയെ ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്ത് ആരാധിക്കും. 

വിദ്യാരംഭത്തിൽ പിഞ്ചുകുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നത് 'ഹരിഃ ശ്രീഗണപതയേ നമഃ..' എന്ന ഗണപതിസ്തുതിയാണ്. ഗണപതിക്കു കുറിക്കുക എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ചെണ്ടമേളത്തിൽ ഗണപതിക്കൈ, കഥകളിയിലെ ഗണപതിക്കൊട്ട്, തിരുവാതിരക്കളിയിലെ ഗണപതിച്ചുവട്, കളരിപ്പയറ്റിലെ ഗണപതിയടവ് തുടങ്ങി എല്ലാ രംഗങ്ങളിലും വിഘ്നം തീർക്കാൻ ഗണപതിയുമായി ബന്ധപ്പെട്ട ആചാരങ്ങളുണ്ട്. ഏതായാലും, ഭാരതത്തിൽ ഗണപതി ആരാധനയ്ക്ക് ഏറെ പ്രാധാന്യമാണു കൽപിക്കുന്നത്. 

ഗൃഹപ്രവേശത്തിൽ ഗണപതിഹോമം

പുതിയ വീടുണ്ടാക്കി അതിൽ താമസം ആരംഭിക്കുന്നതിനു മുൻപു ഗണപതിഹോമം നടത്തുന്ന ആചാരവുമുണ്ട്. പുലർച്ചെ ആരംഭിക്കുന്ന ഗണപതിഹോമം സൂര്യോദയത്തിനു മുൻപ് അവസാനിക്കും. ഗണപതിഹോമത്തിന്റെ ഹോമകുണ്ഡത്തിൽ നിന്ന് അഗ്നിയെടുത്ത് പാലു കാച്ചലിന് അടുപ്പിലേക്കു പകരുന്ന രീതിയും ചിലയിടങ്ങളിലുണ്ട്. 

Read mone on : Astrology Tips In Malayalam, Malayalam Astrology Magazine, Malayalam Numerology Tips