Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കാര്യങ്ങൾ ചെയ്തുനോക്കൂ, മംഗല്യതടസ്സം മാറും, ഉത്തമ പങ്കാളിയെ ലഭിക്കും!

Shivaparvathy ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ച ദിവസം ഭക്തിയോടെ സ്മരിക്കണം

ജാതകദോഷം, ജോലി ,വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട് .വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. പൊതുവായി ചില വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും ഉത്തമപങ്കാളിയെയും ലഭിക്കും എന്നാണ് വിശ്വാസം.

പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുന്നതും വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ഒരുമിച്ചു വരുന്ന ദിനത്തിൽ നടത്തുന്ന  സ്വയംവരപുഷ്പാഞ്ജലി ആഗ്രഹസിദ്ധി വരുത്തുന്നു. ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ചദിവസം ഭക്തിയോടെ സ്മരിക്കണം. ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും  ശ്രീ പരമേശ്വരനെ  ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും ഉത്തമം. മുടങ്ങാതെ നാല്പത്തൊന്നു തിങ്കളാഴ്ച ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ ശിവന്റെ നടയ്ക്കൽ സമർപ്പിച്ചാൽ  മംഗല്യഭാഗ്യം സുനിശ്ചയം. പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ''ഓം ഹ്രീം ഉമായൈ നമ :'' ഭക്തിയോടെ ജപിക്കാവുന്നതാണ്.

ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ ജന്മനാളാണ്. അന്നേ ദിവസം തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതും ശിവപ്രീതികരമായ ജപങ്ങളും പൂജകളും നടത്തുന്നത് ഉത്തമം. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.

മംഗല്യഭാഗ്യത്തിനും ഉത്തമ ദാമ്പത്യജീവിതത്തിനും ദർശിക്കേണ്ട ചില ക്ഷേത്രങ്ങൾ കൂടി പരിചയപ്പെടാം.  

ക്ഷിപ്രപ്രസാദിനിയായ കന്യാകുമാരി ദേവി

ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരീദേവിയോട് അവിവാഹിതരായവർ പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. 

എല്ലാമറിയുന്ന തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി

ജാതകദോഷത്താൽ വിവാഹപ്രായം അതിക്രമിച്ചവർക്കും വിവാഹം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിരുന്നിട്ടും വിവാഹതടസ്സം നേരിടുന്നവർക്കും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീദേവസേനാ സമേതനായ തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. നിർമാല്യ ദർശനത്തിശേഷം പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.

ദീർഘമാംഗല്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ചെങ്ങന്നൂരമ്മ

പരബ്രഹ്മസ്വരൂപനായ മഹാദേവനെ കിഴക്കു ഭാഗത്തേക്കും ആദിപരാശക്തിയായ ശ്രീ പാർവതീദേവിയെ പടിഞ്ഞാറു ഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം . ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിൽ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഇവിടെ പ്രസിദ്ധമാണ് . വിവാഹതടസം ഒഴിയാനും ദീർഘമംഗല്യത്തിനും ഐശ്വര്യത്തിനും ദേവീദർശനം ഉത്തമമാണ്.   ഉമാമഹേശ്വരപൂജ നടത്തി പ്രാർത്ഥിച്ചാൽ  ഉത്തമദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം.

Read more on : Malayalam Astrology News, Malayalam Horoscope