Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർപ്പദോഷങ്ങൾ അകറ്റാൻ മണ്ണാറശാല ആയില്യം തൊഴൽ

Mannarashala Temple മണ്ണാറശാലയിലെ നാഗരാജാവു ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണു വിശ്വാസം

കാടു മനുഷ്യന് ആത്മീയമായ ഒരോർമയാണ്. പൂർവപിതാക്കൻമാർ സഹസ്രാബ്ദങ്ങൾ വസിച്ച കാട് ഓരോ വ്യക്തിയും ഉള്ളിൽ വഹിക്കുന്നുണ്ട്. സസ്യജന്തുജാല വൈവിധ്യം ആരാധിക്കപ്പെടുന്ന സർപ്പക്കാവുകൾ പകരുന്ന ആത്മീയാനുഭവവും ഇതാണ്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലേക്കു വന്നെത്തുന്ന ഓരോ ഭക്തനും മടങ്ങുന്നതു പുതിയൊരു പരിസ്ഥിതി ബോധ്യവുമായാണ്. കാവുകളും കുളങ്ങളും ചിത്രകൂടങ്ങളും നിറഞ്ഞ ആശ്രമാന്തരീക്ഷം പകരുന്ന തിരിച്ചറിവ് പച്ചപ്പിൽ പൊതിഞ്ഞ വിശ്വാസം 14 ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും.

ക്ഷേത്രദർശനത്തോളം പ്രധാനമാണു കാവുകളിൽ വണങ്ങുന്നതും. പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകൾ. ഇവിടെ ഒടിഞ്ഞു വീഴുന്ന മരങ്ങൾ പോലും വിറകിനെടുക്കാതെ മണ്ണോടു ചേരാൻ അനുവദിക്കണമെന്നാണു വിശ്വാസം. പാലുള്ള മരങ്ങളാണു സർപ്പക്കാവുകളിൽ പ്രധാനം. പാല, മരോട്ടി, ചൂണ്ടപ്പന, പൈൻ, കരിഞ്ഞോട്ട, ഇയ്യോലി, പൊന്നാമ്പൈൻ, ആഞ്ഞിലി, വല്ലഭം, ചാര് തുടങ്ങിയവയെല്ലാം കാവുകളിൽ നിറയുന്നു. സർപ്പങ്ങൾക്കൊപ്പം കാവ് ആവാസ വ്യവസ്ഥയാക്കിയ ജീവജാലങ്ങളും ഒട്ടേറെ.

ക്ഷേത്രത്തിലെ കിഴക്കേ കാവ് മണിനാഗവും കരിനാഗവുമായും തെക്കേക്കാവ് നാഗയക്ഷിയും നാഗചാമുണ്ഡിയുമായും അപ്പൂപ്പൻകാവ് അഞ്ചുതല നാഗവും കുഴിനാഗവുമായും പാളപ്പെട്ടിക്കാവ് പറനാഗവുമായും പുലക്കാവ് പുലസർപ്പവുമായും ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ മറ്റു ദേവതകളായ ശാസ്താവിനെയും ഭഗവതിയെയുമെല്ലാം കാവുകളോടു ചേർന്നാണു പ്രതിഷ്ഠിച്ചിട്ടുള്ളത്. പടിഞ്ഞാറേക്കുളം, കുര്യാങ്കുളം, തീർഥക്കുളം, പാത്രക്കുളം തുടങ്ങി പത്തോളം കുളങ്ങളുമുണ്ട്. ഭക്തരിൽ പലരും പ്രകൃതിയോടു ചെയ്ത പാപങ്ങളിൽ പശ്ചാത്തപിച്ചു വരുന്നവരാണ്. മണ്ണാറശാലയിലെ അമ്മയോട് അതേറ്റു പറയാൻ വരുന്നവരോട് അമ്മ പറയുന്ന മറുപടികളിൽ പോലുമുണ്ട് പരിസ്ഥിതി സ്നേഹം. മരങ്ങൾ വീട്ടലേക്കു ചായുന്നെന്നും മുറിക്കുന്നതിൽ തെറ്റുണ്ടോ എന്നും ചോദിച്ചെത്തുന്നവരോട് അമ്മ പറയും. ‘മറ്റു നിവൃത്തിയില്ലെങ്കിൽ മാത്രമേ മരം മുറിക്കാവൂ. പൂർണമായും മുറിച്ചു നീക്കരത്. ചുവട് അവിടെ നിർത്തണം.’ ക്ഷേത്രത്തോടു ചേർന്നുള്ള നാഗയക്ഷിക്കാവിൽ കേരളത്തിലെ പലസ്ഥലങ്ങളിലെ ക്ഷേത്രക്കാവുകളിൽ നിന്നുള്ള നാഗപ്രതിഷ്ഠകളുണ്ട്. നശിച്ചുപോയ കാവുകളിൽ ബാക്കിയായവ.

ഇവ ഇവിടെത്തിക്കുന്നതിനെ ക്ഷേത്രം അധികം പ്രോൽസാഹിപ്പിക്കാറില്ലെങ്കിലും ജോതിഷ വിധി പ്രകാരം മറ്റുമാർഗങ്ങളില്ലാത്ത സന്ദർഭങ്ങളിൽ ഇവിടെ സ്ഥാപിക്കാൻ അനുവദിക്കും. മണ്ണാറശാലയിലെ നാഗരാജാവു ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണു വിശ്വാസം. നാഗരാജാവ് അനന്തനും (വിഷ്ണു) സർപ്പരാജാവ് വാസുകി (ശിവൻ)യുമാണ്. പ്രതിഷ്ഠാവേളയിൽ വാസുകിയുടെ ചൈതന്യം പ്രകടമായും അനന്തന്റേത് അന്തർലീനമായും കണ്ടു. പ്രകടമായി വാസുകീ ചൈതന്യത്തെ സങ്കൽപ്പിച്ചു ശൈവപൂജാ ക്രമമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കുവശത്തായി ചുറ്റമ്പലത്തിൽ തന്നെയുള്ള മറ്റൊരു ശ്രീകോവിലിലാണു സർപ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ.

അമ്മ തന്നെ പ്രകൃതി സ്ത്രീകളെ മാറ്റി നിർത്തിയിരുന്ന കാലഘട്ടത്തിൽ പോലും സ്‌ത്രീ പൂജ ചെയ്‌തിരുന്ന ഏക ക്ഷേത്രം മണ്ണാറശാലയാണ്. ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ഉമാദേവി അന്തർജനം ഭക്‌തർക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്. അമ്മയുടെ ദർശനം ഭക്‌തർക്കു നിർവൃതി ദായകവും. പുലർച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. തുടർന്നാവും ക്ഷേത്രത്തിലേക്കു പോവുക. അവിടെ നിത്യ തേവാരവും മറ്റു ചടങ്ങുകളും അവസാനിക്കുമ്പോൾ ഉച്ചയാവും. ഇതിനു ശേഷമേ അമ്മ ജലപാനം നടത്തുകയുള്ളു.

തുടർന്ന് ഇല്ലത്തെത്തിയാൽ ഭക്ഷണത്തിനു ശേഷം ഗ്രന്ഥപാരായണമാണ്. താമസിയാതെ നിലവറയ്‌ക്കു സമീപം മുറിയുടെ പടിഞ്ഞാറെ വാതിലിലേക്കു പോകും. അവിടെ സങ്കടങ്ങൾ പറയാൻ ഭക്‌തർ കാത്തു നിൽക്കുന്നുണ്ടാവും. സങ്കടങ്ങൾക്ക് അമ്മ പരിഹാരം നിർദ്ദേശിക്കും. സാധാരണ മൂന്നു മണി മുതൽ ആറു വരെയാണു ദർശനം നൽകുക. ക്ഷേത്രത്തിലെ ചടങ്ങുകളിൽ ഇല്ലത്തെ കാരണവർക്കു സമുന്നത സ്‌ഥാനമുണ്ട്. കന്നി, തുലാം മാസങ്ങളിലെ ആയില്യം നാളിൽ പൂജകൾ നടത്തുക കാരണവരാവും. സുബ്രഹ‌മണ്യൻ നമ്പൂതിരിയാണ് ഇപ്പോൾ ഇല്ലത്തെ കാരണവർ ആയില്യ ഉത്സവം കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങൾ.

കന്നിയിലെ ആയില്യം നാഗരാജാവിന്റെയും കുംഭത്തിലേത് നിലവറയിൽ സമാധികൊള്ളുന്ന മുത്തശ്ശന്റെയും ജന്മദിനങ്ങളാണ്. തുലാമാസത്തിലെ ആയില്യമാണു മണ്ണാറശാല ആയില്യം. കന്നിമാസത്തിലെ ആയില്യത്തിനു തിരുവിതാംകൂർ രാജാക്കന്മാർ മണ്ണാറശാല ദർശനം നടത്തുക പതിവായിരുന്നു. ഒരു വർഷം പതിവു തെറ്റിയ മഹാരാജാവ് തുലാമാസത്തിൽ ആയില്യദർശനം നടത്താൻ തീരുമാനിച്ചു. തുലാമാസത്തിലെ ആയില്യം ഭംഗിയാക്കാൻ വേണ്ട പണം കൊട്ടാരത്തിൽ നിന്നു നൽകി. കന്നിമാസത്തിലെ ആയില്യത്തിന്റെ അതേമോടിയോടെ തുലാമാസത്തിലെ ആയില്യവും ആ വർഷം കൊണ്ടാടി. പിന്നീട് തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമായി മാറി.

മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങൾ ഇല്ലത്തെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ശിവരാത്രി ദിവസം രാത്രിയിലെ നൂറിടിക്കും പാരമ്പര്യത്തിന്റെ പൊലിമയുണ്ട്. സർപ്പബലിക്ക് നൂറുംപാലിനും കുടുംബാംഗങ്ങൾ അരി ഇടിക്കുന്ന ചടങ്ങാണിത്. ‘സർപ്പംപാട്ട് ’ ഓരോ നാൽപത്തിയൊന്നു വർഷംകൂടുമ്പോഴാണു നടത്തുന്നത്. ഏറ്റവും അവസാനം സർപ്പംപാട്ട് നടത്തിയത് 1976ൽ ആണ്. സർപ്പംപാട്ടു നടത്തിയാൽ അടുത്തവർഷം പള്ളിപ്പാന നടത്തും.

പള്ളിപ്പാന കഴിഞ്ഞ് അടുത്തവർഷം ‘ഗന്ധർവൻപാട്ട് ’ നടത്തണം. ഈ ചടങ്ങുകൾ കഴിഞ്ഞാൽ പുലസർപ്പം പാട്ടും നടത്തും. ഇവിടുത്തെ പ്രത്യേക വഴിപാടാണ് ഉരുളി കമിഴ്‌ത്തൽ. ദമ്പതികൾ കൊണ്ടുവരുന്ന ഉരുളി അവരെക്കൊണ്ടു പ്രാർഥിച്ച്, പ്രദക്ഷിണമായി ക്ഷേത്രനടയിൽ വയ്‌പ്പിക്കുന്നു. അമ്മ അതെടുത്തു നിലവറയിൽ കമിഴ്‌ത്തും. കുട്ടിയുണ്ടായിക്കഴിഞ്ഞാൽ ആറാം മാസം വന്ന്, ഉരുളി നിവർത്തണമെന്നാണു വിശ്വാസം. ആയില്യം പൂജയ്‌ക്കായി വരയ്‌ക്കുന്ന നാഗക്കളത്തിനു തലമുറകളായുള്ള ആചാരത്തിന്റെയും അനുഷ്‌ഠാനത്തിന്റെയും പെരുമയുണ്ട്. ഇല്ലത്തു നിലവറയ്‌ക്കു സമീപം തെക്കേ തളത്തിൽ 64 ഖണ്ഡങ്ങളുള്ള നാഗക്കളമാണു വരയ്‌ക്കുക. തളത്തിൽ പട്ടു വിതാനിച്ചു കയർപാകി കുരുത്തോല കൊണ്ട് അലങ്കരിക്കും.

കവുങ്ങിൻപൂക്കുല, ആലിന്റെയും മാവിന്റെയും ഇലകൾ എന്നിവയും തൂക്കിയിരിക്കും. തളത്തിൽ നിലത്ത് നാഗക്കളം വരയ്‌ക്കും. വെളുപ്പ്, ചുവപ്പ്, പച്ച, കറുപ്പ്, മഞ്ഞ എന്നീ അഞ്ചു വർണങ്ങളാണു നാഗക്കളത്തിന് ഉണ്ടാവുക. നാഗക്കളം വരച്ച് പൂർത്തിയായ ശേഷമാവും തീർഥക്കുളത്തിൽ കുളിച്ച് എഴുന്നള്ളത്തിനായി അമ്മ ക്ഷേത്രത്തിലേക്കു പോവുക. നാഗദൈവ വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു തളത്തിൽ എത്തിച്ചു കഴിഞ്ഞാൽ അമ്മയുടെ പതിവു പൂജകൾ ആദ്യം നടത്തും. തുടർന്നാവും നാഗക്കളത്തിനടുത്ത് അമ്മ ആയില്യം പൂജയും മറ്റു പൂജകളും നടത്തുക.

Read more on : Malayalam Astrology News, Malayalam Horoscope