Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരീശന്റെ കാരുണ്യത്തിനുള്ള തീർത്ഥാടന രഹസ്യങ്ങൾ

Sabarimala വൃശ്ചികമാസം ഒന്നു മുതൽ മകരം ഒന്നാം തിയതി വരെ വ്രതനിഷ്ടയോടെ ശബരീശനെ പ്രാർത്ഥിക്കണം

എന്നെ അന്വേഷിച്ച് താങ്കളെങ്ങും അലയേണ്ട, ഞാൻ താങ്കളുടെ കൂടെ തന്നെയുണ്ട് ‘തത്വമസി’, ശബരീശ ദർശനത്തിനെത്തുന്ന അമൃതസ്വരൂപികളും പുണ്യാത്മാക്കളും ധന്യാത്മാക്കളുമായ ഭക്തർ പടകയറിയെത്തുമ്പോള്‍ ആദ്യമായി കാണുന്നത് ഭഗവാനും ഭക്തനും ഒന്നാണെന്ന ഈ സന്ദേശമാണ്. അതെ മനുഷ്യൻ ഈശ്വരനെ തേടി അലയുന്നു. അവനിലുള്ള ഈശ്വരനെ അറിയാതെ കലിയുഗവരദനായ ശബരീശന്റെ സവിശേഷത ഇതാണ്. താങ്കൾ മനസിലാക്കേണ്ടതും ഇതാണ്. സൽക്കർമ്മങ്ങളിലൂടെയും ചിന്തയിലൂടെയും താങ്കൾ താങ്കളെത്തന്നെ അറിയുമ്പോൾ താങ്കൾ നന്നാകും, കുടുംബം നന്നാകും, രാജ്യം നന്നാകും, സമൂഹവും നന്നാകും. ജീവിതദുഃഖങ്ങൾക്ക് ദിവ്യഔഷധമാണ് ശബരീശദർശനം. അറിഞ്ഞു വിളിക്കുന്ന അശരണർക്ക് ആനന്ദം കൊടുക്കുകയാണ് ശബരീശ അവതാരലക്ഷ്യങ്ങളിലൊന്ന്. ശരണം വിളിയും ശാസ്താഭജനവും സമസ്ത ഐശ്വര്യത്തിനും കാരണമാകുന്നു. ജാതകപ്രശ്നദോഷങ്ങൾ മാറുകയും, ദുരിതവും പാപങ്ങളും നശിക്കുകയും, അഷ്ടൈശ്വര്യങ്ങൾ ലഭിക്കുകയും, ഭക്തിയോടു കൂടിയുള്ള ഭജനത്തിന്റെ ഫലമാണിതെല്ലാം. ദേഹശുദ്ധിയോടും മനശുദ്ധിയോടും ആചാരപൂർവ്വം ഭജിക്കേണ്ടതാണ്.

∙ ശബരിമല ദർശനത്തിന് മാലയിടേണ്ടതെപ്പോൾ?

വൃശ്ചികമാസം ഒന്നു മുതൽ മകരം ഒന്നാം തിയതി വരെ വ്രതനിഷ്ടയോടെ ശബരീശനെ പ്രാർത്ഥിക്കണം. ശബരീശന്റെ മുദ്രയുള്ള ചിത്രം വേണം, തുളസി, ചന്ദനം, രുദ്രാക്ഷം എന്നീ മാലകളാണ് ധരിക്കേണ്ടത്. ക്ഷേത്രത്തിൽവച്ച് പൂജാരിയെകൊണ്ട് പൂജിച്ച് ധരിക്കണം. ശരണം വിളിച്ചു വേണം മാല ധരിക്കാൻ. ഏറ്റവും യോഗ്യനായ ആചാര്യനിൽനിന്നും ഉപദേശാജ്ഞകൾ വാങ്ങി വ്രതമെടുത്താണ് ധരിക്കാൻ. ബ്രഹ്മചാരി ഭാവത്തിലുള്ള പ്രതിഷ്ഠയായതിനാൽ ബ്രഹ്മചര്യ വ്രതത്തിനാണ് പരമപ്രാധാന്യം. പൊന്നും പതിനെട്ടാം പടി ചവിട്ടാനുള്ള ഭാഗ്യമുണ്ടായിരിക്കണം. അതിരാവിലെ ഉണർന്ന് പ്രഭാതകൃത്യങ്ങൾ ചെയ്ത് കുളിച്ച്, അലക്കിത്തേച്ചതോ അതല്ലെങ്കിൽ പുതുവസ്ത്രമോ ധരിച്ച് ക്ഷേത്രദർശനം നടത്തി, ഗണപതിക്ക് തേങ്ങയുടച്ചശേഷമേ മാലയിടാവൂ. മുതിർന്നവരുടെ കാൽതൊട്ട് വന്ദിച്ചിരിക്കണം. കറുത്ത വസ്ത്രമോ നീലവസ്ത്രമോ ധരിച്ച് മുദ്ര ധരിക്കണം. ഈ സമയത്ത് അറിയാതെയോ, അറിഞ്ഞോ ചെയ്തതോ, പറഞ്ഞതോ, ചിന്തിച്ചതോ ആയ തെറ്റുകൾ പരേതാത്മാക്കളും, കുടുംബപരദേവതയും, ഗ്രാമദേവതയും, ശബരീശനും കനിഞ്ഞ് മാപ്പ് നൽകി അനുഗ്രഹം നൽകണമെന്ന് പറഞ്ഞ് അനുഗ്രഹം നേടണം.

∙ മാലയിടുന്നതിനുമുൻപായി എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം?

മാല ധരിക്കുന്നതിനു മുൻപ് ഭവനവും പരിസരവും ശുദ്ധിയാക്കണം. ശബരീശന്റെ ഒരു ചിത്രം വയ്ക്കണം. വ്രതം തുടങ്ങി കഴിഞ്ഞ് ഉപയോഗിക്കാനുള്ള വസ്ത്രങ്ങൾ നേരത്തെ കഴുകി വൃത്തിയാക്കി പുണ്യാഹം തളിക്കണം. അതിനായി ഒരു പാത്രത്തിൽ കുറച്ചു ജലമെടുത്ത് ‘ഗംഗേച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻസന്നിധിംകുരു’ എന്നു പറഞ്ഞ് ജപിച്ചു തളിക്കണം. വൃശ്ചികം 1 മുതൽ മകരം 1 വരെ മത്സ്യമാംസാദികൾ പാകം ചെയ്ത് അശുദ്ധമാക്കരുത്. പാകം ചെയ്ത മത്സ്യമാംസാദികൾ കൊണ്ടു വരികയും ചെയ്യരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്.

∙ വ്രതനിഷ്ട എങ്ങനെയായിരിക്കണം?

ശബരീശ ദര്‍ശനത്തിനുവേണ്ടി മുദ്ര ധരിക്കുന്ന നിമിഷം മുതൽ താങ്കൾ സംശുദ്ധരായിത്തീരുന്നു. ഭഗവാന്റെ ഭൂതവൃന്ദങ്ങളാലും മുകളിൽ പറഞ്ഞവരാലും സംരക്ഷിതരായിരിക്കും. ശബരീശന്റെ കടാക്ഷം എപ്പോഴും താങ്കളിൽ കാണും. ഈശ്വരഹിതത്തിന് വിരുദ്ധമായി ഒന്നും ചെയ്യാൻ പാടില്ല. രണ്ടുനേരവും കുളിക്കണം. ശരണം വിളിക്കണം. 3 നേരവും നാമം ജപിക്കണം. വ്രതക്കാരനുള്ള ആഹാരം കുളിച്ചശേഷമേ പാകം ചെയ്യാവൂ. വീട്ടിലുള്ളവർക്കും ഇത് ബാധകമാണ്. ദിവസവും ക്ഷേത്രദർശനം നടത്തണം. ഭഗവത് കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. പരദൂഷണം പറയാതിരിക്കുകയും, പരദൂഷണം ചിന്തിക്കാതിരിക്കുകയും ചെയ്യണം. പഴകിയ ഭക്ഷണം കഴിക്കരുത്. സ്വാമിമാർ കഴിച്ചശേഷമേ മറ്റുള്ളവർ കഴിക്കാൻ പാടുള്ളു. മറ്റുള്ളവർ കഴിച്ചതിനുശേഷം സ്വാമിമാർ കഴിക്കാൻ പാടില്ല, പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവന്നു കഴിക്കാൻ പാടില്ല. മുദ്ര ധരിച്ച് 18–ാം പടി ചവിട്ടുന്നവർ അയ്യപ്പന്മാരാണ്. അതിനാലാണ് സ്വാമിമാർ എന്ന് വിളിക്കുന്നത്. സ്ത്രീകളാണേൽ മാളികപ്പുറമെന്നും വിളിക്കുന്നു.

∙ മാലയിട്ടാൽ ചെരുപ്പ് ഉപയോഗിക്കാമോ?

ഉപയോഗിക്കാം. എന്നാൽ മുദ്ര ധരിച്ചാൽ പാദരക്ഷ ഉപയോഗിക്കാത്തവരുണ്ട്. പമ്പയിൽ നിന്നും സന്നിധാനം വരെ നടന്ന് പോകുന്നതിന് പാദങ്ങളെ പരുവപ്പെടുത്തുന്നതിനായുള്ള തയ്യാറെടുപ്പു കൂടിയാണിത്.

∙ വ്രതഭംഗം വരുത്തുന്ന കാര്യങ്ങൾ ഏതൊക്കെ?

പുല വാലായ്മകൾ വ്രതഭംഗം വരുത്തുന്നു. അങ്ങനെ വന്നാൽ വ്രതം അവസാനിപ്പിച്ച് അടുത്ത പ്രാവശ്യമേ പോകാവൂ. ഈ സമയം മരണവീടുകളിലും, കുട്ടികളുടെ ജനനം നടന്ന വീടുകളിലും പോകാൻ പാടില്ല, വിനോദ പരിപാടികളും പാടില്ല.

∙ ഇത്ര കഠിനവ്രതത്തിന്റെ കാരണം?

സദാ ഈശ്വരചിന്തയോടെ ശബരീശന്റെയും മറ്റുള്ളവരുടെയും അനുഗ്രഹവും സാമീപ്യവും താങ്കളില്‍ ഉണ്ട് എന്ന വിശ്വാസത്തോടും ഏതൊരാപത്തിലും നമ്മെ രക്ഷിക്കുമെന്ന സത്യമറിഞ്ഞ് അതിനനുസരിച്ച് മനസ്സും ശരീരവും പാകപ്പെടുത്തി ഭഗവൽകർമ്മമായ ദർശനപുണ്യം നേടുന്നതിന് കഠിനവ്രതം ആവശ്യമാണ്.

∙ ഇരുമുടിക്ക് പ്രത്യേക നിറമുണ്ടോ?

ഉണ്ട്. ഇരുമുടിക്ക് പ്രത്യേക നിറമുണ്ട്, കന്നി അയ്യപ്പന്മാർ ചുവന്ന പട്ടിലെ ഇരുമുടിയാണുപയോഗിക്കേണ്ടത്. മറ്റുള്ളവർ നീല, കറുപ്പ് എന്നിവ ഉപയോഗിക്കാം. പഴയ ഇരുമുടി ഉപയോഗിക്കാൻ പാടില്ല. പുതിയതുതന്നെ ഉപയോഗിക്കുക.

∙ കെട്ടു മുറുക്കുന്നതെവിടെവച്ച് നല്ലത്?

വ്രതം നോക്കുന്ന അയ്യപ്പന്റെ ഭവനം ക്ഷേത്രം പോലെ പരിശുദ്ധമാണ്. അവിടെ ദേവസാന്നിദ്ധ്യമുണ്ട്. അവിടെ വച്ചാണ് കെട്ട് മുറുക്കേണ്ടത്. അതിനു സാധിക്കാത്തവര്‍ ക്ഷേത്രത്തിൽ വച്ചും നടത്താം.

അയ്യപ്പസദ്യയുടെ പൊരുൾ?

കന്നിഅയ്യപ്പന്മാർ മലയ്ക്ക് പോകുമ്പോൾ സംതൃപ്തി ലഭിക്കുന്നതിന് വേണ്ടിയാണ് അന്നദാനം.

നെയ് തേങ്ങ നിറക്കേണ്ട വിധം?

നിലവിളക്ക് കൊളുത്തിയ ശേഷം ഗുരു സ്വാമിയുടെ സാന്നിദ്ധ്യത്തിൽ കെട്ടുമുറുക്കുന്ന അയ്യപ്പന്റെ സാന്നിദ്ധ്യത്തിൽ നെയ് നിറക്കണം. ഭാര്യാഭർത്താക്കന്മാർ ഒത്തിരുന്ന് നെയ് നിറക്കുന്നതാണ് നല്ലത്. ഭക്തിയോടുകൂടി വേണം ഭഗവാന് അഭിഷേകത്തിന് കൊണ്ടുപോകുന്ന നെയ് നിറക്കേണ്ടത്, ശരണം വിളിക്കണം ഉള്ളവരെല്ലാം.

∙ ഇരുമുടിക്കെട്ട് എന്തിന്റെ സങ്കൽപമാണ്?

സങ്കൽപമല്ല. ഭഗവാന്റെ പൂജാസാധനങ്ങളും, മല ചവിട്ടുമ്പോൾ ഭക്തന് കഴിക്കാനുള്ള ഭക്ഷണവുമാണ് ഇരുമുടികെട്ടിലുള്ളത്.

കെട്ടുനിറക്കുമ്പോൾ ആദ്യം ചെയ്യേണ്ടതെന്ത്?

ശബരീശനെയും മറ്റും ധ്യാനിച്ച് ഉച്ചത്തിൽ ശരണം വിളിച്ച് വെറ്റില, പാക്ക്, നാണയം, നാളികേരം എന്നിവ ഒരുമിച്ച് നെഞ്ചിൽ ചേർത്തു പിടിച്ച്, ഉമാമഹേശ്വരൻമാരെയും, പരേതാത്മാക്കളെയും കുടുംബപരദേവതയെയും സ്മരിച്ച് സ്വാമിയെ താങ്കളുടെ പള്ളിക്കെട്ടിലാവാഹിച്ച് പ്രതിഷ്ഠിക്കുന്നതായി സങ്കൽപിച്ച് ആദ്യം മുൻകെട്ടിൽ നിറക്കണം. ഇപ്പോൾ ഭഗവാന്റെ സാന്നിദ്ധ്യത്താൽ കെട്ട് ചൈതന്യമുള്ളതായിതീർന്നു. അതിനുശേഷം 3 പ്രാവശ്യം കൈനിറയെ അരി മുൻകെട്ടിൽ വാരിനിറക്കണം. തുടർന്ന് നെയ് തേങ്ങ ഭക്തിയോടെ മുൻകെട്ടിൽ തന്നെ വയ്ക്കണം. തുടർന്ന് പൂജാസാധനങ്ങളും നിറച്ചശേഷം ഗുരുസ്വാമി കെട്ടു നിറയ്ക്കുന്നു. അതിനുശേഷം വേണം കേരബലിക്കുള്ള നാളികേരം, അത്യാവശ്യമായ മറ്റു പദാർത്ഥങ്ങൾ ചേർത്ത് പിൻകെട്ട് നിറക്കേണ്ടത്. കെട്ട് തലയിലേറ്റും മുൻപ് ഒരു പ്രത്യേക ചടങ്ങുണ്ട്. ഒരു വെറ്റില, പാക്ക്, നാണയം എന്നിവയെടുത്ത് ഞാൻ മുദ്ര ധരിച്ചശേഷം അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പിഴകൾ ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്ത് ദർശനം കഴിഞ്ഞ് തിരികെ വരുംവരെ ഒരു ആപത്തും വരുത്തരുതെന്നും യാത്രയിൽ കൂടെ ഉണ്ടാകണമെന്നും ദർശനം സുഗമമാക്കി തരണമെന്നും പ്രാർത്ഥിക്കണം. തിരികെ വന്നശേഷം ഭക്തിയോടും സത്യസന്ധമായും ജീവിക്കാനനുഗ്രഹിക്കണമെന്നും പ്രാർത്ഥിച്ച് കെട്ടിനു മുകളിൽ വച്ച് സാഷ്ടാംഗം പ്രണമിച്ച് കിഴക്ക് ദർശനമായി നിൽക്കണം. അപ്പോഴാണ് ഗുരുസ്വാമി കെട്ട് തലയിലേറ്റി തരേണ്ടത്.

നെയ് തേങ്ങ എന്തിനെ പ്രതിനിധീകരിക്കുന്നു?

ശരീരത്തെ പ്രതിനിധീകരിക്കുന്നു. ശബരീശദർശന സമയത്ത് ശരീരമാകുന്ന തേങ്ങയുടച്ച് ആത്മാവാകുന്ന നെയ്യ് താങ്കളുടെ പുണ്യം, ഭഗവാന് അഭിഷേകം ചെയ്യുന്നു. ഉടച്ച തേങ്ങ ആഴിയിൽ കത്തിക്കുന്നു. പുണ്യം അയ്യപ്പനിൽ വിലയം പ്രാപിക്കുകയും പാപമാകുന്ന ശരീരം അഗ്നിയിൽ ലയിക്കുകയും ചെയ്യുന്നു. മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യും. കൊണ്ടുപോകുന്ന നാളികേരം അഗ്നിയിൽ ഹോമിക്കണം. വീട്ടിൽ കൊണ്ടുവരാൻ പാടില്ല. അഭിഷേകം ചെയ്ത നെയ്യ് വീട്ടിൽ കൊണ്ടുവന്ന് പ്രസാദമായി മറ്റുള്ളവർക്ക് കൊടുക്കണം.

∙ ശബരിമലയിൽ നേരത്തെ ക്ഷേത്രമുണ്ടായിരുന്നോ?

ഇന്നത്തെ ശബരിമലയിൽ ക്ഷേത്രമുണ്ടായിരുന്നില്ല. പരശുരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രം പൊന്നമ്പലമേട്ടിലായിരുന്നു.

∙ ശബരീശന്റെ കൊടിയടയാളം കുതിരയായതെങ്ങനെ?

ധർമ്മശാസ്താവിന്റെ വാഹനം കുതിരയാണ്, മണികണ്ഠനായും അയ്യപ്പനായും അവതരിച്ചത് ധര്‍മ്മശാസ്താവായതിനാലാണ് കുതിര വാഹനമായത്.

∙ നാണയാഭിഷേകം ചെയ്യുന്നതെന്തിനാണ്?

കേരളത്തിലെ ഭക്തരെക്കാൾ അന്യസംസ്ഥാന ഭക്തരുടെ നടവരവു കൊണ്ടാണ് ശബരീശന്റെ നിലനിൽപ്. സുവര്‍ണ്ണപുഷ്പം എന്ന നിലയിലാണ് നാണയം (ധനം) കൊണ്ട് അഭിഷേകം നടത്തുന്നത്.

∙ സഹസ്രനാമ കലശത്തെകുറിച്ച്?

സഹസ്രനാമകലശം വഴിപാടായി ആണ് നടത്തുന്നത്. തന്ത്രി നേരിട്ടാണിത് നടത്തുന്നത്. 1001 കലശങ്ങളിൽ ഭഗവാന് ചൈതന്യം ഉണ്ടാകുന്നതിനുവേണ്ടി തന്ത്രി കലശത്തിൽ എല്ലാ തത്വങ്ങളും ആവാഹിച്ച് പൂജിച്ച് ഭഗവൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. 976 പരികലശങ്ങളും, 24 ഖണ്ഡബ്രഹ്മകലശവും, 1 ബ്രഹ്മകലശവുമാണ് ഇതിൽ ഉൾപ്പെടുന്നത്. 24 ഖണ്ഡങ്ങളിലായാണ് ഇവ പൂജിക്കുന്നത്. ഓരോ ഖണ്ഡങ്ങളിലും, അനവധി ഖണ്ഡങ്ങൾ ഉണ്ടായിരിക്കും. പുഷ്പദ്രവ്യം, ഔഷധി ദ്രവ്യം (ഔഷധം), മുത്തുദ്രവ്യം (മണ്ണ്), കഷായദ്രവ്യം, പഞ്ചഗവ്യം, അഷ്ടഗന്ധദ്രവ്യം, അഷ്ടഗന്ധജലം, നവരത്നം, സ്വർണ്ണം, ദ്രവ്യങ്ങൾ എന്നിവയാണ് ഇവയിലുള്ളത്. ഉച്ചയോടെയാണ് സഹസ്രകലശ വഴിപാടിന്റെ ജോലി തുടങ്ങുന്നത്. കഴുകി വൃത്തിയാക്കിയ സ്ഥലത്ത് അരിപ്പൊടികൊണ്ട് 1000 കലശത്തിനുള്ള പത്മമിട്ട് മന്ത്രത്തോടെ കലശങ്ങളിൽ മേൽ പറഞ്ഞവ നിറക്കും. സന്ധ്യയോടെ ആയിരം കലശങ്ങളും പൂജിച്ച് പത്മമിട്ട് പീഠം വിരിച്ച് അതിൽ പ്രത്യേകം പ്രത്യേകം പൂജിക്കും. രാത്രി അധിവസിച്ച് സുരക്ഷിതമായി മൂടി വച്ച് അധിവാസപൂജ ചെയ്തു പിറ്റേന്നു കാലത്ത് കലശത്തിങ്കൽ ഉഷപൂജ നടത്തുന്നു. കലശത്തെ ദേവതുല്യമായി കണക്കാക്കി പൂജ പൂർത്തിയാക്കുന്നു. എന്നിട്ട് ശ്രീലകത്ത് ഉച്ചപൂജയുടെ സ്നാനകാലത്ത് തിരുനടയിൽ പാണിവിളക്കുവച്ച് മരപ്പാണിയെന്ന ചടങ്ങിലൂടെ ശബരീശനെയും ഭൂതഗണങ്ങളെയും അറിയിക്കുന്നു. തന്ത്രിയും മേൽശാന്തിയും ചേർന്ന് ശ്രീകോവിൽ പ്രദക്ഷിണം വച്ചു അഭിഷേകം നടത്തുന്നു. ഓരോ ബ്രഹ്മകലശം അഭിഷേകം ചെയ്യുമ്പോഴും അനുബന്ധ പൂജയും നിവേദ്യവും നടത്തുന്നു.

ശബരിമല സീസണായ വൃശ്ചികം ധനു മാസങ്ങളിൽ സഹസ്രകലശം നടത്താറില്ല. മറ്റവസരങ്ങളിലാണ് നടത്തുന്നത്. ഇത് കണ്ടു തൊഴുതാൽ ശബരീശന്റെ സർവ്വ അനുഗ്രഹങ്ങളും നേടാം. എല്ലാ വഴിപാടിനുപരിയാണ് സഹസ്രകലശം. ഇതിലൂടെ ഭഗവാന്റെ ശക്തി വർദ്ധിപ്പിക്കുന്നു.

∙ 18 പടിയുടെ പ്രത്യേക സങ്കൽപം?

ഓരോ പടിക്കും ഓരോ സങ്കൽപമുണ്ട്. 18 പടികൾ പഞ്ചഭൂതങ്ങളും, അഷ്ടനാഗങ്ങളും, 3ഗുണങ്ങളും, വിദ്യയും, അവിദ്യയും ചേർന്നതാണ്. 18–ാം പടി ചവിട്ടുന്നത് ഭക്തർക്ക് അനുഗ്രഹമാണ്. 18 പടി കയറികഴിഞ്ഞ ശേഷമെ ഗുരു സ്വാമിയാകാൻ സാധിക്കൂ. 18 മല കയറിയാലേ സർവ്വപാപങ്ങളും അകന്ന് മോക്ഷപ്രാപ്തി ലഭിക്കൂ.

∙ ശബരിമലയിൽ ചോറൂണും വിദ്യാരംഭവും നടത്താത്തതെന്ത്?

ഇവ നടത്തുന്ന കുട്ടികളെ കൊണ്ടുപോകുന്നതിന് സ്ത്രീകൾക്ക് വിലക്കുള്ളതിനാലാണ്. അന്നദാനപ്രഭുവായ ഭഗവാൻ ജ്ഞാനമുദ്രാധാരിയായ ഭഗവാൻ ഇതിനെതിരല്ല.

∙ വൃശ്ചികമാസ പുലരിയുടെ പ്രാധാന്യം?

ശബരീശ തീർത്ഥാടനം നടത്തുന്നത് വൃശ്ചികം, ധനു, മകരം മാസങ്ങളിലാണ്. പഴമക്കാർ ആചരിച്ചിരുന്നത് വൃശ്ചികമെന്നാൽ കാലപുരുഷന്റെ ഉദയരാശിയാണ്. ഈ രാശിയിലൂടെ സൂര്യൻ സഞ്ചരിക്കുന്ന കാലത്ത് സംസാരത്തിന് മൃദുത്വം ഇല്ലാതാകുകയും, ഭൗതികാസക്തി വർദ്ധിക്കുകയും ചെയ്യുന്നു. തേളാണ് രാശി ചിഹ്നം. പ്രസവിക്കുമ്പോൾ തള്ളയുടെ പുറംതോട് പൊളിച്ചാണ് കുട്ടികൾ വരുന്നത്. അമ്മ മരിക്കുന്നു. ധനു രാശി കലഹരാശിയാണ്. സൂര്യൻ കടന്നു പോകുമ്പോൾ കലഹങ്ങൾ വർദ്ധിക്കുവാനും, വിപത്തുകള്‍ കൂടുകയും ചെയ്യുന്നു. ഇതിനു പരിഹാരമായാണ് നൊയമ്പുകൾ നോക്കുന്നത്. മകരമാസം ഉത്തരായണ കാലമായതിനാൽ ഐശ്വര്യപ്രദമായ ജീവിതം നയിക്കാൻ കഴിയുന്നു. ഉദ്ദേശം 160 ദിവസം മാത്രമെ ശബരീശന് പൂജ നടക്കുന്നുള്ളു. 18 മല ദൈവങ്ങളുടെ കാവലിൽ ലോകരക്ഷാർത്ഥം ശബരീശൻ കുടികൊള്ളുന്നു.

Read more on : Astrology Tips In Malayalam, Malayalam Astrology Magazine, Malayalam Numerology Tips