Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയത്തിനായി കൂടല്‍മാണിക്യത്തില്‍ താമരമാലയര്‍പ്പിക്കാം!

കൂടല്‍മാണിക്യ ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും വെറും 150 മീറ്റര്‍  മാത്രമേയുള്ളൂ അതിപുരാതനമായ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്ക്.  ക്ഷേത്രത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നതാണ്, ചേര രാജാവായ സ്ഥാനു രവി വര്‍മ്മന്‍, എഡി 840 ല്‍ ധാരാളം  ഭൂമി ഈ ക്ഷേത്രത്തിനായി ദാനം നല്‍കിയിരുന്നു എന്ന് വെളിപ്പെടുത്തുന്ന ശിലാലേഖനം. സംഗമേശ്വരനായ ഭരതന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ തന്നെ അപൂര്‍വ ക്ഷേത്രങ്ങളിലൊന്നാണിത്.   

ഐതിഹ്യം 

ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവും ചുറ്റുമുള്ള  പ്രദേശവുമൊക്കെ ആയിരകണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വനപ്രദേശമായിരുന്നു.  മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കാനായി കുലീപിനി  മഹര്‍ഷിയുടെ നേതൃത്വത്തില്‍ ഇവിടെ ഒരു മഹാ യാഗം നടന്നിരുന്നു.  മഹര്‍ഷിമാരുടെ ആത്മാര്‍പ്പണത്തില്‍ സംപ്രീതനായ ഭഗവാന്‍ ഒടുവില്‍ പ്രത്യക്ഷപ്പെടുകയും വേണ്ട വരം ചോദിച്ചുകൊള്ളാന്‍  അനുവാദം കൊടുക്കുകയുകയും ചെയ്തു.  എന്നാല്‍ അവര്‍ക്കാകെ വേണ്ടിയിരുന്നത് ഭഗവാന്റെ നിത്യസാന്നിധ്യമായിരുന്നു. ഭക്തവത്സലനായ ഭഗവാന്‍ ഇതംഗീകരിച്ചു.  അനന്തരം അവര്‍ ദേവ ഗംഗയുടെ പ്രസാദം യാഗഭൂമിയിലുണ്ടാവാനായി പ്രാര്‍ത്ഥിച്ചു. 

ക്ഷേത്രത്തോട് ചേര്‍ന്നുകിടക്കുന്ന കുലീപിനി തീര്‍ത്ഥം അങ്ങനെയുണ്ടായതാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ പുണ്യതീര്‍ഥത്തില്‍ മുങ്ങിനിവര്‍ന്ന യാഗത്തില്‍ പങ്കെടുത്ത എല്ലാ ഋഷികളും പരമാത്മാവായ ഭഗവാന്‍ മഹാവിഷ്ണുവുമായി ലയിച്ചു ചേര്‍ന്നുവത്രേ.  ഈ സംഭവത്തിനും ഏറെ  കാലം കഴിഞ്ഞതിനു ശേഷമാണ്  ഇന്ന് കാണുന്ന ക്ഷേത്രം തത്സ്ഥാനത്തുയര്‍ന്നു വന്നതെന്നാണ് വിശ്വാസം.ഒരിക്കല്‍ അന്നത്തെ നാടുവാഴിയായിരുന്ന വക്കയി കൈമള്‍ ഒരു സ്വപ്നം കാണുകയുണ്ടായത്രേ. കടല്‍ത്തീരത്ത് നിന്ന് നാലു വിഗ്രഹങ്ങള്‍  കണ്ടെത്താനാവുമെന്നും അവ ഇന്നയിന്ന സ്ഥലങ്ങളില്‍ പ്രതിഷ്ഠിക്കണമെന്നുമായിരുന്നു  സ്വപ്‌നം. 

പിറ്റേന്ന് സ്വപ്നത്തിലെ പോലെ തന്നെ ശ്രീരാമന്റെയും മൂന്ന് സഹോദരന്മാരുടെയും വിഗ്രഹങ്ങള്‍ അദ്ദേഹത്തിന്  കണ്ടെത്താനായി എന്നാണ് കഥ. ഇതില്‍ ഭരത വിഗ്രഹമാണ് ഇരിഞ്ഞാലക്കുടയില്‍ പ്രതിഷ്ഠിക്കപ്പെട്ടത്. ഏകവിഗ്രഹ പ്രതിഷ്ഠയെയുള്ളു എന്നതാണ് കൂടല്‍മാണിക്യക്ഷേത്രത്തിന്റെ  ഏറ്റവും വലിയ പ്രത്യേകത.

സാധാരണ എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന വിഗ്‌നേശ്വര പ്രതിഷ്ഠ പോലും ഇവിടെ കാണാനാവില്ല. 

പ്രധാന പൂജകള്‍ 

കേരളത്തിലെ പ്രധാന  ക്ഷേത്രങ്ങളില്‍ എല്ലാം തന്നെ ദിവസവും അഞ്ചു പൂജയും നാലു ശീവേലിയുമാണ് നടക്കാറ്. എന്നാല്‍, കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മൂന്ന് പൂജയും ഒരു ശീവേലിയുമാണ് നടക്കാറുള്ളത്. അതുപോലെ തന്നെ ഈ ക്ഷേത്രത്തില്‍ ദീപാരാധനയില്ല.  താമരമാലയാണ് ദേവനുള്ള പ്രധാന വഴിപാടുകളിലൊന്ന്. 

എന്തെങ്കിലും കാര്യങ്ങള്‍ക്കായി ഇറങ്ങിത്തിരിക്കും മുന്‍പ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ താമരമാലയര്‍പ്പിച്ചാല്‍ വിജയസാധ്യതയേറുമെന്നാണ് വിശ്വാസം. 

Read More on Astrology Tips In Malayalam | Malayalam Astrology Magazine