Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടുംബത്തിന്റെ ക്ഷേമത്തിനും സ്വസ്ഥതയ്ക്കും പായമ്മല്‍ ക്ഷേത്രം

Payammal Temple

തൃശൂര്‍ ജില്ലയിലെ പായമ്മല്‍  ശത്രുഘ്‌നസ്വാമി ക്ഷേത്രം പലപ്പോഴും വിശ്വാസികള്‍ക്കിടയില്‍ സവിശേഷമായാണ് നിലകൊള്ളുന്നത്. സ്വപ്നദര്‍ശനത്തിലെ നിര്‍ദേശാനുസരണം വക്കയി കൈമള്‍ അവസാനമായി നിര്‍മ്മിച്ച ക്ഷേത്രമാണിത്.  അദ്ദേഹം പ്രതിഷ്ഠിച്ച മറ്റു മൂന്നു വിഗ്രഹങ്ങളെ പോലെ തന്നെ, ശ്രീരാമ സഹോദരനായ  ശത്രുഘ്‌നസ്വാമിയുടെ വിഗ്രഹവും സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ദ്വാരകയില്‍ പൂജിച്ചിരുന്നതാണെന്നാണ് വിശ്വാസം. 

ഐതിഹ്യ പ്രകാരം ദ്വാരക നഗരം കടലെടുത്തുകഴിഞ്ഞു സഹസ്രാബ്ദങ്ങള്‍ക്കു ശേഷം ഈ വിഗ്രഹങ്ങള്‍ കേരളതീരത്തെത്തി ചേരുകയായിരുന്നത്രേ.  ഇരിഞ്ഞാലക്കുട കൊടുങ്ങല്ലൂര്‍ റോഡിനഭിമുഖമായി വെല്ലന്‍കല്ലൂരില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയാണ്  ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്.  ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ. 

മഹാവിഷ്ണുവിന്റെ കൈയ്യിലെ സുദര്‍ശന ചക്രമാണ് ശത്രുഘ്‌നനായി അവതാരമെടുത്തതെന്നാണ് വിശ്വാസം. നാലമ്പലങ്ങളില്‍ (തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിഞ്ഞലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മാള്‍ ശത്രുഘ്‌നസ്വാമി ക്ഷേത്രം) ഏറ്റവും ചെറുതും ഈ ക്ഷേത്രം തന്നെ. അതുപോലെ തന്നെ നാലിടത്തുള്ളതില്‍ വച്ച് ഏറ്റവും ചെറിയ വിഗ്രഹവും ഈ ക്ഷേത്രത്തിലേതു തന്നെയാണ്. മറ്റു മൂന്ന് ക്ഷേത്രങ്ങള്‍ക്കും വൃത്താകൃതിയിലുള്ള ശ്രീകോവിലുള്ളപ്പോള്‍, ഇവിടുത്തെ  ശ്രീകോവില്‍ ദീര്‍ഘചതുരത്തിലാണ്. ശാന്തതയും സ്വച്ഛതയും കളിയാടുന്ന  ഈ ക്ഷേത്രത്തില്‍ വന്നു തൊഴുന്ന ഭക്തര്‍ക്ക് സ്വസ്ഥത കൈവരാറുണ്ട്. നാലമ്പല ദര്‍ശനം നടത്തുമ്പോൾ ഏറ്റവും അവസാനം സന്ദര്‍ശനം നടത്തേണ്ടത് പായമ്മല്‍  ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലാണ്. 

ടിപ്പുവിന്റെ പടയോട്ടകാലത്തു ആക്രമണം പേടിച്ചു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം ക്ഷേത്രക്കുളത്തില്‍ നിമഞ്ജനം ചെയ്തിരുന്നു. ഈ വിഗ്രഹം പിന്നീട് കണ്ടെടുക്കാനായില്ല. അതിനാല്‍ പുതിയൊരു കല്‍വിഗ്രഹം കൊണ്ട് പുനഃപ്രതിഷ്ഠ നടത്തുകയാണുണ്ടായത്. 

 

പ്രധാന വഴിപാടുകള്‍ 

നിത്യവും മൂന്നു പൂജയാണ് (ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ) ക്ഷേത്രത്തില്‍ നടക്കാറുള്ളത്.  രാവിലെ 4:30ന്  തുറക്കുന്ന നട 10  മാണിയോട് കൂടി അടയ്ക്കും. പിന്നീട് വൈകുന്നേരം  4 :30 നാണു നട തുറക്കുക. രാത്രി 8 മാണിയോട് കൂടി അത്താഴപൂജയ്ക്കു ശേഷം അടയ്ക്കുകയും ചെയ്യും. ഗണപതിയാണ് ഉപപ്രതിഷ്ഠ. സുദര്‍ശനചക്രം അര്‍പ്പിക്കുന്നതും, സുദര്‍ശന പുഷ്പാഞ്ജലിയും ഇവിടുത്തെ പ്രധാന വഴിപാടാണ്. സ്വസ്ഥത കൈവരാന്‍ ഇത് ഉപകരിക്കുമെന്നാണ് വിശ്വാസം.

സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്രം സമര്‍പ്പിക്കുന്നതും ഏറെ സവിശേഷതയുള്ള വഴിപാടാണ്. കുടുംബാംഗങ്ങളും ക്ഷേമത്തിന് ഇത് ഉപകരിക്കും. 

 Malayalam Astrology News