Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനപ്പൊരുത്തം പ്രധാനം

വിവാഹപ്പൊരുത്തം

കർശനമായി പൊരുത്തം നോക്കി നിര്‍ണ്ണയിച്ച് വിവാഹം നടത്തിയതിൽ എത്രയോ പേര്‍ വേര്‍പിരിഞ്ഞിരിക്കുന്നു. ഭർത്താവോ ഭാര്യയോ അകാലത്തില്‍ മരിച്ചിട്ടുണ്ട്. ഭർത്താവ് ഭാര്യയ്ക്ക് ഇണങ്ങാതെയും ഭാര്യ ഭർത്താവിന് ഇണങ്ങാതെയും കാണുന്നുണ്ട്. ഇതിൽനിന്നും എന്ത് മനസ്സിലാക്കണം. 

പൊരുത്തമല്ല അവസാനവാക്ക്. പൊരുത്തം ഒരു ഗൈഡ്‌ലൈൻ മാത്രമാണ്. ഇതിലുപരി മാനവപൊരുത്തം ആണ് പ്രധാനം. വധൂവരന്മാർ അങ്ങേയറ്റം പൊരുത്തമുള്ളവരാണെങ്കിലും ഐക്യത്തോടെ ജീവിക്കാൻ കൊതിച്ചാലും അതിന് സമ്മതിക്കാത്ത എത്രയോ രക്ഷാകര്‍ത്താക്കൾ. അമ്മായിഅമ്മ, അമ്മായിഅപ്പൻ, എന്തിന് പലപ്പോഴും പെൺകുട്ടികളുടെ അച്ഛനമ്മമാരുപോലും ഇവരുടെ ദാമ്പത്യജീവിതത്തിൽ കല്ലുകടി ഉണ്ടാക്കുന്നു. ഇത്തരം പ്രതിഭാസം ഏറി വരുന്നു. 

സർവാതീത ചൈതന്യത്തിന്റെ കൃപ പെൺകുട്ടിയിലും ആൺകുട്ടിയിലും ഒരുപോലെ ഉണ്ടോ എന്ന പരിശോധനയാണ് പൊരുത്തത്തിന്റെ കാതൽ. ഈ ഐക്യം നക്ഷത്രപൊരുത്തത്തിലൂടെയല്ലാതെ ഉറച്ചുകഴിഞ്ഞാൽ അവരെ വിവാഹിതരാക്കാം. ഇതാണ് പൊരുത്ത ശാസ്ത്രത്തിൽ മനപ്പൊരുത്തം ആണ് മറ്റ് പൊരുത്തങ്ങളിൽ ഉത്തമം എന്ന് ആചാര്യന്മാർ നിർദ്ദേശിച്ചത്. 

ജീവനം – ജീവനുമായുള്ള ഐക്യമാണ് യഥാർത്ഥ ദാമ്പത്യപൊരുത്തം. ഇത് കണ്ടുപിടിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയണമെന്നില്ല. മനഃസാക്ഷി ശുദ്ധമായിട്ടുള്ളവർക്ക് അവരുടെ അന്തഃരംഗം പറയുന്നത് ശരിയായി വരും. കളങ്കിതമായവരിൽ മനഃസാക്ഷിയുടെ ഈ കരുത്ത് തിരിച്ചറിയാൻ കഴിയില്ല. ഈശ്വരൻ മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ കൃപയാണ് ശുദ്ധമായ മനഃസാക്ഷി. അപ്രകാരം ശുദ്ധമായ ചിത്തത്തിന് ഒരു വ്യക്തിയെ ജീവിതത്തിൽ സ്വീകരിക്കാവുന്നതാണെന്ന് ബോദ്ധ്യം വന്നാൽ ആ ബന്ധം ഉറപ്പിക്കാം. ഇതാണ് പ്രാചീനകാലത്തെ അന്തഃകരണ പൊരുത്തം. കാളിദാസ ശാകുന്തളത്തിൽ ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുന്നതും, ദമയന്തി നളനെ സ്വീകരിച്ചതും ആ അന്തഃരംഗ പ്രകാശത്തിന്റെ വെളിച്ചത്തിലാണ്. 

ഈ പറഞ്ഞതുകൊണ്ട് വന്നു, കണ്ടു, കീഴടങ്ങി എന്ന മട്ടിൽ സ്വീകരിക്കരുത്. മറിച്ച് “രഹോ ബന്ധം വിശേഷിച്ചും പരീക്ഷിച്ചിട്ട് ചെയ്യണം” – എന്ന ആപ്തവാക്യം മനസ്സിൽ കരുതി പങ്കാളിയാകാൻ പോകുന്ന വ്യക്തിയെ ശരിയായി – വസ്തുനിഷ്ഠമായി പഠിച്ചതിനുശേഷമേ തീരുമാനം എടുക്കാവൂ. അല്ലെങ്കിൽ ‘വെളുക്കാൻ തേച്ചത് പാണ്ടാകും.’ 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions