Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകുട്ടിച്ചാത്തനിഷ്ടം കടലയും കപ്പലണ്ടിയും, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ, ശിക്ഷ ഉറപ്പ്!

aloommootl-temple

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽപ്പെട്ട കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വെള്ളാർവട്ടം എന്ന സ്ഥലത്താണ് ആലുംമൂട്ടിൽ ശ്രീകുട്ടിച്ചാത്തൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനക്ഷേത്രം ആലുംമൂട്ടിൽ ശ്രീകുട്ടിച്ചാത്തൻ, കൂടാതെ ബാലഗണപതി, വേട്ടയ്ക്കൊരുമകൻ, ശ്രീദുര്‍ഗ്ഗ എന്നീ ക്ഷേത്രങ്ങൾക്ക് പുറമേ യോഗീശ്വരന്റെ ആൽത്തറയും ഇളമതിലിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ഇളമതിലിന് പുറത്ത് ബ്രഹ്മരക്ഷസ്സ്, മന്ത്രമൂർത്തി, അപ്പൂപ്പൻ എന്നിവരുടെ ആൽത്തറകളും ഇളമതിലിന് പുറത്ത് തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് നാഗത്തറയും സ്ഥിതി ചെയ്യുന്നു. നാഗരാജാവ്, നാഗയക്ഷി എന്നീ നാഗദൈവങ്ങളെ ഇവിടെ കുടിയിരുത്തിയിട്ടുണ്ട്.

എല്ലാ ഞായറാഴ്ചകളിലും മലയാളമാസം ഒന്നാം തീയതിയും അതിരാവിലെ നട തുറന്ന് പൂജയും ഗണപതിഹോമവും നടത്തുവരുന്നതിന് പുറമേ എല്ലാ ദിവസവും വൈകുന്നേരം 5 മണിയ്ക്ക് നട തുറന്ന് ഏഴ് മണി വരെ പ്രവർത്തിക്കുന്നു. പ്രധാന ദിവസങ്ങളായ ഞായറാഴ്ചയും മലയാളമാസം ഒന്നിനും രാവിലെ മലർ നിവേദ്യവും ഉച്ചപൂജയ്ക്ക് വെള്ളനിവേദ്യം, ശർക്കരപ്പായസം, പാൽപ്പായസം, പഞ്ചരസം എന്നിവ നിവേദ്യമായി നൽകി വരുന്നു. ഭക്തജനങ്ങൾ കടല, കപ്പലണ്ടി എന്നിവയും മറ്റ് പൂജാദ്രവ്യങ്ങളും ദേവന് സമർപ്പിക്കാറുണ്ട്. മനമർപ്പിച്ച് പ്രാർഥിക്കുന്നവരുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും നിന്ദിക്കുന്നവരെ അതികഠിനമായി ശിക്ഷിക്കുകയും ചെയ്യുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. തെക്കൻ കേരളത്തിൽ കുട്ടിച്ചാത്തൻ ക്ഷേത്രം വേറെ നിലവിലുണ്ടോ എന്ന കാര്യം സംശയമാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ ഭക്തർ എത്തിക്കൊണ്ടിരിക്കുന്നു

sreekuttichathan-temple

ഐതിഹ്യം

പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്ക് നാലഞ്ച് കിലോമീറ്റർ വടക്കുമാറി ഇടിഞ്ഞില്ലം എന്നൊരു ചെറുഗ്രാമമുണ്ട്. ഇടിഞ്ഞില്ലത്തിന് ഏകദേശം 2 കിലോമീറ്റർ പടിഞ്ഞാറ് മാറി വല്ലഭശ്ശേരി എന്നറിയപ്പെടുന്ന സുപ്രസിദ്ധമായ ഒരു കുടുംബം ഉണ്ടായിരുന്നു. കോട്ടയത്ത് വളരെ പ്രസിദ്ധനായ ഒരു വൈദ്യൻ ആയിരുന്നു വല്ലഭശ്ശേരി കുടുംബനാഥൻ. അദ്ദേഹത്തിന്റെ പിൻമുറക്കാരിൽ ചിലർ ഇപ്പോഴും കുടുംബവീട്ടിൽ താമസിച്ചു വരുന്നു. വീടിനോട് ചേർന്ന് പ്രത്യേകം മതിൽ കെട്ടിത്തിരിച്ച സ്ഥലത്ത് വൈദ്യന്റെ ഉടമസ്ഥതയിൽ കുടുംബക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ശിവന്‍ പ്രധാന ദേവനായ ഇവിടെ ഭദ്രകാളി, ഗണപതി, കുട്ടിച്ചാത്തൻ തുടങ്ങി ഉപദേവതകളെയും പ്രതിഷ്ഠിച്ചിരുന്നു. ശ്രീനാരായണഗുരുവുമായി വളരെയടുത്ത സുഹൃത്ബന്ധം പുലർത്തിയിരുന്ന ടി വൈദ്യന്റെ വീട്ടിൽ ഒരു ദിവസം പൊടുന്നനെ ഗുരു സന്ദർശകനായി എത്തി. കുടുംബക്ഷേത്രവും ചുറ്റുപാടുമൊക്കെ നോക്കികണ്ട ഗുരുദേവൻ വൈദ്യരോടായി ഇങ്ങനെ ചോദിച്ചു. ജീവിതത്തിൽ സ്വൈരത തീരെ ലഭിക്കുന്നില്ല അല്ലേ? എങ്ങിനെ ലഭിക്കാനാണ്. ചാത്തനേയും മറ്റുമല്ലേ പ്രതിഷ്ഠിച്ച് പൂജിക്കുന്നത്. പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് കുട്ടിച്ചാത്തന്റേയും മറ്റ് ചില ഉപദേവതകളുടേയും വിഗ്രഹം ഇളക്കി എടുത്ത് ചാക്കിൽ കെട്ടി ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ നിക്ഷേപിച്ചു. ഈ സംഭവകഥ ഇപ്പോൾ വല്ലഭശ്ശേരി കുടുംബത്തിൽ പാർക്കുന്ന വൈദ്യരുടെ ചെറുമക്കൾ പറഞ്ഞ അറിവാണ്.

കൊല്ലം ജില്ലയിൽ കടയ്ക്കൽ, വെള്ളാർവട്ടത്ത് ആലുംമൂട്ടിൽ കുടുംബം അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു. കുടുംബനാഥനായ ഗോവിന്ദനാശാൻ കേരളത്തിൽ അന്ന് അറിയപ്പെടുന്ന ഒരു ചെണ്ടവിദ്വാൻ കൂടി ആയിരുന്നു. അങ്ങനെയാണ് ആശാൻ എന്ന വിളിപ്പേരുണ്ടായത്. 

ആശാന്റെ കുടുംബാംഗങ്ങളിൽ ചിലരിൽ ഉണ്ടായ അസ്വാഭാവികമാറ്റങ്ങൾ ആശ്ചര്യകരമായിരുന്നു. തന്നെയുമല്ല വീട്ടിൽ അക്കാലത്ത് അവിശ്വസനീയമായ പല സംഭവങ്ങളും അരങ്ങേറി. ചെണ്ട സൂക്ഷിച്ചിരിക്കുന്ന മുറിയിൽ തനിയേ വാദ്യമേളങ്ങൾ മുഴങ്ങുക, വീടിന്റെ ചുവരുകളിൽ നിന്ന് വലിയ തോതിൽ മണ്ണ് പൊഴിഞ്ഞു വീഴുക തുടങ്ങി അവിശ്വസനീയമായി പലതും അനുഭവപ്പെട്ടതോടെ ഈ വാർത്ത പുറംലോകം അറിയുകയും നാട്ടുകാര്‍ ഭവനസന്ദർശനം നടത്തുകയും പതിവായി. ഈ ബാധ ഞാനൊഴിവാക്കിത്തരാമെന്നു പറഞ്ഞ് വന്ന ചിന്നൻ എന്നൊരാൾ ഒരു നാളികേരം മാത്രം ആവശ്യപ്പെട്ടു. നാളികേരം ഏറ്റുവാങ്ങുന്ന ക്ഷണത്തിൽ ചിന്നന് ആദ്യ ഏറ് നെഞ്ചില്‍ കിട്ടി. രണ്ടാമത്തെ ഏറ് മുതുകിൽ, നിവൃത്തിയില്ലാതെ ഓട്ടം തുടങ്ങിയ ചിന്നനെ അയാളുടെ വീടുവരെ എറിഞ്ഞു എന്നാണ് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

ഈശ്വരവിശ്വാസി അല്ലാതിരുന്ന പറയാട് ഗോവിന്ദൻ എന്നൊരാൾ കൂട്ടത്തിൽ ആലുംമൂട്ടിൽ കുടുംബത്തിലെത്തി. അയാൾ വിവരങ്ങളൊക്കെ ചോദിച്ചുകൊണ്ടിരിക്കെ മുന്നിൽ ഒരു സുദർശനചക്രം രൂപപ്പെട്ടു. ചുറ്റും കർപ്പൂരവും. തുടർന്ന് അവ ആളിക്കത്താൻ തുടങ്ങി. എല്ലാം നോക്കിക്കണ്ട ഗോവിന്ദൻ അന്നുമുതൽ തന്റെ നിരീശ്വരവാദം ഉപേക്ഷിക്കുകയും നല്ലൊരു ഭക്തനായി മാറുകയും ചെയ്തു. 

ഈ പശ്ചാത്തലത്തിൽ ജില്ലയുടെ പലഭാഗത്തുമുള്ള പേരുകേട്ട ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം ആരൂടിച്ചെങ്കിലും അത് പൂർത്തിയാക്കാൻ കഴിയാതെ വന്നു. ജ്യോത്സ്യന്‍ കവടി പലകയിൽ പകുത്തു വയ്ക്കുമ്പോൾ എല്ലാം ഒരു സ്ഥലത്ത് ഒന്നായി ചേരുകയാണ് പതിവ്. യാതൊരു നിവൃത്തിയുമില്ലാതെ ഒടുവില്‍ ചടയമംഗലത്തുകാരനായ നീലമ്പി എന്ന ഒരു ജ്യോത്സ്യൻ സ്ഥലത്തെത്തി.

അയാൾ ആകെ ഒന്ന് ചുറ്റിനടന്ന് കണ്ടശേഷം ഇങ്ങനെ പറഞ്ഞു. പഞ്ചരസം ഉണ്ടാക്കി ഒരു ഗ്ലാസിൽ നിറയെ ഒഴിച്ചു ഒരു മുറിയിൽ പ്രാർത്ഥനയോടെ വയ്ക്കുക. കതകടച്ച് പുറത്തിറങ്ങുക. കുറച്ചുനേരം കഴിഞ്ഞ് നോക്കുമ്പോൾ പഞ്ചരസത്തിന്റെ അളവിൽ കുറവുണ്ടായിട്ടുണ്ടെങ്കില്‍ അനുകൂലവും, മാറ്റം വന്നിട്ടില്ലെങ്കിൽ പ്രതികൂലവും ഫലം. ജ്യോത്സ്യന്റെ അഭിപ്രായ പ്രകാരം എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ഗ്ലാസ്സിലെ പഞ്ചരസം മുക്കാൽ ഭാഗമായി കുറഞ്ഞു.

തുടർന്ന് കുടുംബാംഗങ്ങളിൽ ഒരാളിന്റെ ശരീരത്തില്‍ പ്രവേശിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചുവത്രേ. തിരുവല്ലയിൽ നിന്ന് ശ്രീനാരായണഗുരുവിനാൽ ഒഴിവാക്കപ്പെട്ട ഞാൻ അവിടെ നിന്നും പലായനം ചെയ്തു ഇവിടെ എത്തിയതാണെന്നും എനിക്കും കൂടെയുള്ളവർക്കും ഇരിപ്പിടം നൽകണമെന്നും ആവശ്യപ്പെട്ടു.

ഇക്കഥകളൊക്കെ ആദ്യനാളുകളിൽ വിശ്വസിക്കാതിരുന്ന കുടുംബബന്ധുക്കളിൽ ക്രമേണ കാര്യങ്ങൾ ബോധ്യപ്പെടാനും പരിഹാരം ഉണ്ടാക്കാനും തീരുമാനിച്ചു.

ദേവന് ഇരിപ്പിടം ഉണ്ടാക്കാൻ ക്ഷേത്രം പണിയാൻ 10 സെന്റ് സ്ഥലം ഗോവിന്ദനാശാൻ നൽകാൻ തയാറായപ്പോൾ ക്ഷേത്രാചാരങ്ങൾ പൂർത്തിയാക്കാൻ പണം കണ്ടെത്താൻ വേണ്ടി 25 സെന്റ് നിലം കുടുംബബന്ധുക്കളും നൽകി. പ്രതിഷ്ഠ ഒന്നുമില്ലാതെ ഒരു പലക മാത്രം വച്ചു. ചുറ്റഴികളോടുകൂടിയ ഒരു ക്ഷേത്രവും ടി സ്ഥലത്തുണ്ടാക്കി. ഉപദേവതകൾക്ക് ആൽത്തറകളും നിർമിച്ചു. കാലാനുസൃതമായ മാറ്റങ്ങൾ ഇവിടെയും സംഭവിച്ചു. 

ക്ഷേത്രം നിര്‍മിച്ച ശേഷം മാസത്തിൽ ഒരു ദിവസമേ പൂജ ഉണ്ടായിരുന്നുള്ളൂ. ഒരു പൂജ കഴിഞ്ഞാൽ ദേവന് കഴിക്കാൻ വേണ്ടി ഒരു പടല പഴമോ ചിലപ്പോൾ ഒരു പഴക്കുല തന്നെയോ സമർപ്പിക്കും. അതിൽ ചെറിയൊരു ഭാഗം (5 പഴമെന്നോ 10 പഴമെന്നോ) മിച്ചം വയ്ക്കണമെന്ന പ്രാർഥനയോടെ നട അടയ്ക്കും. ഒരു മാസം കഴിഞ്ഞു നട തുറക്കുമ്പോൾ, ആവശ്യപ്പെട്ട പഴം ഒരു കേടും കൂടാതെ ബാക്കിയുണ്ടാവും. തുടർന്ന് ഒരാഴ്ചയിൽ ഒരു പൂജ എന്ന ക്രമത്തിലാക്കിയപ്പോൾ ഒരു പഴക്കുല സമർപ്പിച്ചിട്ട് ഒരു പടലപ്പഴം മിച്ചം വയ്ക്കണമെന്ന പ്രാർഥനയോടെ നട അടയ്ക്കും. അടുത്ത ആഴ്ച നട തുറക്കുമ്പോൾ കൃത്യമായി ആവശ്യപ്പെട്ട പഴം മിച്ചമുണ്ടായിരുന്നു. എന്നാല്‍ ദിവസവും നടതുറക്കാൻ തുടങ്ങിയതോടെ വയ്ക്കുന്ന പഴം സ്വീകരിക്കാതായി. തുടർന്ന് പഴം സമർപ്പിക്കാറില്ല. ഈ കാലയളവിലൊക്കെ പ്രദേശവാസികൾക്ക് ഉണ്ടായ നല്ല അനുഭവവും ദുരനുഭവവും വിവരണാതീതമത്രേ. 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions