Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയതൃതീയ നാളിൽ അക്ഷയഫലം, ഇവ ചെയ്തോളൂ!

Lakshmi-devi

വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയയാണ് അക്ഷയതൃതീയ. സത്യയുഗം അവസാനിക്കുകയും ത്രേതായുഗം തുടങ്ങുകയും ചെയ്തത് ഈ നാളിലാണ് എന്നാണ് വിശ്വാസം. ഈ വർഷം ഏപ്രിൽ പതിനെട്ടാം തിയതി ബുധനാഴ്ചയാണ് അക്ഷയ ത്രിതീയ വരുന്നത്.ഈ ദിവസം എന്ത് നല്ല കാര്യം തുടങ്ങുന്നതിനും മുഹൂർത്തം നോക്കേണ്ട ആവശ്യമില്ല. മംഗളകാര്യങ്ങൾ ചെയ്യുന്നതിന്, കല്യാണം, വീട് പാർക്കൽ, പുതിയ ആഭരണം, വസ്ത്രം, വാഹനങ്ങൾ, വസ്തുക്കള്‍ വാങ്ങുക ഇവയെല്ലാം ചെയ്യുന്നതിന് പറ്റിയ ദിവസമാണ് അക്ഷയതൃതീയ എന്നാണ് വിശ്വാസം. ഈ ദിവസം അന്നദാനം, കന്യാദാനം, ഗോദാനം, വസ്ത്രദാനം, വിദ്യാദാനം ഇവ ചെയ്യുന്നത് വളരെ നല്ലതാണ്. ഈ ദിവസം ചെയ്യുന്ന ദാനത്തിലൂടെ നൽകുന്നയാൾക്ക് മാത്രമല്ല അദ്ദേഹത്തിന്റെ വംശപരമ്പരയ്ക്കുകൂടി പുണ്യം ലഭിക്കുന്നു. പക്ഷേ അർഹരായവർക്ക് ചെയ്യേണ്ട ഒരു മഹത്കർമ്മമാണ് ദാനം എന്നു കൂടി ഓർമ്മിക്കേണ്ടതാണ്. 

ശ്രീകൃഷ്ണൻ കുചേലനെ ധനവാനാക്കിയത് ഈ ദിവസമാണ്. അക്ഷയതൃതീയ ദിവസമാണ് ശ്രീകൃഷ്ണൻ പാഞ്ചാലിക്ക് അക്ഷയപാത്രം സമ്മാനിച്ചത്. അക്ഷയം എന്നാൽ ഒരിക്കലും നാശമില്ലാത്തത്, എത്ര എടുത്താലും തീരാത്തത് എന്നെല്ലാമാണ് അര്‍ത്ഥം. ശ്രീശങ്കരാചാര്യർ കനകധാരാസ്തോത്രം ചൊല്ലി ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ച് സ്വർണ്ണനെല്ലിക്ക വർഷിച്ച് ഒരു ഭക്തയുടെ ദാരിദ്ര്യദുഃഖം മാറ്റിയതും ഈ അക്ഷയതൃതീയ ദിനത്തിലാണ്. 

വ്യാസമഹർഷി മഹാഭാരതം എഴുതി തുടങ്ങിയതും ഗണപതി ഇത് പകർത്തി എഴുതി തുടങ്ങിയതും ഈ ദിവസമാണ്. യോഗനിദ്രയിൽ നിന്നും വിഷ്ണു ഭഗവാൻ ഉണരുന്ന സുദിനമാണ് അക്ഷയതൃതീയ ദിനം. ഈ ദിവസം വിഷ്ണു ഭക്തർ ഒരു ദിവസത്തെ വ്രതമെടുത്ത് വിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും പൂജിക്കുന്നു. ഈ പുണ്യദിനത്തിൽ ദാനധർമ്മങ്ങള്‍ നടത്തുന്നതും പുണ്യഗ്രന്ഥങ്ങൾ വായിക്കുന്നതും പൂജ, ജപം മുതലായ സൽക്കർമ്മങ്ങൾ ചെയ്യുന്നതും വളരെ നല്ലതാണ്. 


അക്ഷയതൃതീയ ദിവസം ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നു എന്ന് വിഷ്ണു പുരാണത്തിൽ പറയുന്നു. ഈ ദിവസം പുണ്യകര്‍മ്മങ്ങൾ ചെയ്താൽ സർവ്വപാപങ്ങളിൽ നിന്ന് മുക്തിയും അക്ഷയപുണ്യവും കീർത്തിയും ധനവർദ്ധനവും ലഭ്യമാകുന്നതാണ്.