Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂർ വടക്കുംനാഥ ദർശനം, അറിയണം ഈ നിഷ്ഠകൾ!

Astro-vadakkumnadhan വടക്കുംനാഥ ക്ഷേത്രം. ഫോട്ടോ: ശ്യാം ബാബു

പരശുരാമന്‍ നിര്‍മിച്ച നൂറ്റെട്ട്  ശിവാലയങ്ങളിൽ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലമ്പലത്തിൽ പടിഞ്ഞാറ് അഭിമുഖമായി മൂന്നു ശ്രീകോവിലുകളുണ്ട്. വടക്കേയറ്റത്ത്  മുഖ്യപ്രതിഷ്ഠ ശ്രീപരമേശ്വരനും നടുവിൽ ശങ്കരനാരായണനും തെക്കേയറ്റത്ത് ശ്രീരാമനും. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാർവതിയുടെയും ഗണപതിയുടെയും ശ്രീകോവിലുകൾ. 

നാലമ്പലത്തിൽ തൊഴുന്ന ചിട്ട ഇപ്രകാരം.

വടക്കും നാഥ ക്ഷേത്രത്തിൽ  തൊഴുന്നതിനു  പ്രത്യേക നിഷ്ഠകളുണ്ട്. തിങ്കളാഴ്ച ദിവസം അതിവിശിഷ്ടമാണ്  .ശ്രീമൂലസ്ഥാനത്ത് തൊഴുത് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തു കടന്നാൽ ഇടത്തേക്ക് പ്രദക്ഷിണം വയ്ക്കണം. ഗോശാലകൃഷ്ണനെയും നന്ദികേശ്വരനെയും വണങ്ങണം. വടക്കു കിഴക്കു ഭാഗത്തായി ചെറിയ മതിൽക്കെട്ടിലാണ്  പരശുരാമന്റെ സ്ഥാനം . പരശുരാമനെ തൊഴുതു ചെല്ലുമ്പോൾ  ശിവന്റെ ഭൂതഗണങ്ങളിലൊന്നായ  സിംഹോദരനെ  തൊഴുതിട്ട് നാലമ്പലത്തിന്റെ ചുവരിലൂടെ നോക്കുമ്പോൾ വടക്കുംനാഥന്റെ സ്വർണത്താഴികക്കുടം കാണാം. തിരിഞ്ഞ് സിംഹോദരനെ നോക്കരുതെന്നാണ് ചിട്ട. വീണ്ടും പ്രദക്ഷിണം വയ്ക്കുമ്പോൾ ബലിക്കല്ലിൽ കാശി വിശ്വനാഥൻ, ചിദംബരനാഥൻ, സേതുനാഥൻ, ഊരകത്തമ്മ, കൂടൽമാണിക്യം ദേവൻ തുടങ്ങി അനേകം ഉപദേവതാ പ്രതിഷ്ഠയുണ്ട്.

തെക്കേഗോപുരവാതിൽ  ശിവരാത്രിക്കും പൂരത്തിനും മാത്രമേ തുറക്കൂ. ഇവിടെ കൊടുങ്ങല്ലൂരമ്മയെ നമിക്കണം. തൃക്കാർത്തിക നാളിൽ തെക്കേഗോപുര വാതിൽക്കലാണ്  പൂജ. ഈ സമയം സർവാഭരണ വിഭൂഷിതയായ കുമാരനല്ലൂർ കാർത്യായനി ദേവിയെ ദർശിക്കുവാൻ  ശിവന്റെ ചൈതന്യം തെക്കേ മതിലിലേക്ക് എഴുന്നളളുന്നുവെന്നാണ് സങ്കൽപം.തെക്കേ ഗോപുരം കടന്ന് ആൽത്തറയിലെ കരിങ്കല്ലിൽ വേദവ്യാസനെ നമിക്കണം. ഒടുവിൽ ശാസ്താവിനെയും മൂന്നു താഴികക്കുടങ്ങളെയും ശങ്കരസമാധി മണ്ഡപങ്ങളെയും വന്ദിച്ച് പടിഞ്ഞാറെ നടയിലൂടെ നാലമ്പലത്തിനകത്തു കടക്കുക . വടക്കുംനാഥന്റെ ചൈതന്യം നിറയുന്ന നടയിൽ നിന്ന് നന്ദികേശനെ വണങ്ങുക .ഭഗവാനെ കാണാൻ അനുവാദം ചോദിക്കുക എന്നാണ് ഇതിന്റെ പിന്നിലെ ഐതിഹ്യം . പിന്നെ ഭഗവാനെ കൺനിറയെ തൊഴുക .

രാവിലെ നെയ്യഭിഷേകവും വൈകിട്ട് ശംഖാഭിഷേകവുമാണു ഭഗവാന്റെ പ്രധാന അഭിഷേകങ്ങൾ .ശിവലിംഗത്തിലുള്ള  നെയ്മലയ്ക്ക് ഒമ്പതടി പൊക്കമുണ്ട്. 22 അടി വ്യാസവും. ഗോവണി വച്ചു കയറിയാണ് മുകളിൽ അഭിഷേകം നടത്തുന്നത്. വെളളം എത്ര അഭിഷേകം ചെയ്താലും ഈ നെയ്മലയ്ക്ക് ഒരു മാറ്റവുമില്ല. ചൂടെത്ര വന്നാലും ഇത് ഉരുകില്ല. 

തൃപ്പുക തൊഴൽ  

രാത്രിയിൽ അത്താഴപ്പൂജ കഴിഞ്ഞ് തൃപ്പുക എന്ന അവസാനത്തെ പൂജയുണ്ട്. ആ സമയത്ത് അടുത്തുളള ക്ഷേത്രങ്ങളിലെ എല്ലാ ദേവന്മാരും ഇവിടെ സന്നിഹിതരാവുമെന്നാണ് വിശ്വാസം. ഗന്ധർവന്മാർ, യക്ഷന്മാർ, പിതൃക്കൾ, സപ്തർഷികൾ, ഇവരുടെയൊക്കെ സംഗമമാണാ സമയം. അന്നേരം തൊഴാൻ വരുന്നവരുടെ കൂട്ടത്തിൽ അപരിചിതരെ കണ്ടാൽ ആരാണെന്ന് ചോദിക്കാൻ പാടില്ല. കാരണം അന്നേരം ദേവന്മാരോ സപ്തർഷികളോ പോലും വേഷം മാറി വന്നേക്കുമത്രേ. നാല്പത്തൊന്നുദിവസം അടുപ്പിച്ച് തൃപ്പുക തൊഴുതാൽ ഭക്തൻ മനസ്സിലാശിച്ച കാര്യം ഭഗവാൻ നടത്തിയിരിക്കുമെന്നാണ് വിശ്വാസം. ദൂരെ നിന്നു പോലും ആളുകൾ ഇവിടെ വന്ന് തൃപ്പുക തൊഴുന്നു

കൂത്തമ്പലത്തിനടുത്താണ്  ഇലഞ്ഞിത്തറ.  ഇലഞ്ഞിത്തറയിലാണ്  പൂരം നാളിൽ പേരുകേട്ട ഇലഞ്ഞിത്തറ മേളം നടക്കുന്നത്. തൃശൂർ പൂരം ഈ സന്നിധിയാലാണെങ്കിലും വടക്കുംനാഥ ക്ഷേത്രത്തിൽ അന്ന് പ്രത്യേക ചടങ്ങുകളൊന്നുമില്ല. തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിലെ പ്രധാനികൾ.  തൃശൂർ ഭാഗത്തെ ക്ഷേത്രങ്ങളിലെ ദേവീ ദേവന്മാരുമെല്ലാം വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നളളുന്നു എന്നാണ് വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.