Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും നിഗൂഢമായ ഗുഹാക്ഷേത്രം

atro-amarnath

ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ്  അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ  സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ്  അമർനാഥ് ഗുഹാക്ഷേത്രം . മഞ്ഞില്‍ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം ഭക്തരുടെ ഉള്ളില്‍ ആഴത്തിലുള്ള ഭക്തിയും അത്ഭുതവും  നിറയ്‌ക്കുന്നു.സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്.  ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപം കൊള്ളുന്ന  ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിൽ വിളങ്ങും.ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.  

PTI7_8_2017_000149B

ഐതിഹ്യം

ഒരിക്കൽ പാർവതീ ദേവി മഹാദേവനോട് അദ്ദേഹത്തിന്റെ അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. തന്റെ അമരത്വത്തിന്റെ രഹസ്യം കേൾക്കുന്നവർക്ക് വീണ്ടും ജന്മമെടുക്കേണ്ടി വരുന്നതിനാൽ ഭഗവാൻ ദേവിയെയും കൂട്ടി ഹിമാലയത്തിന്റെ ഒഴിഞ്ഞകോണിലേക്ക് യാത്ര തിരിച്ചു. പോകുന്ന വഴി ഭഗവാന്റെ വാഹനമായ നന്ദിയെ പഹല്‍ഗാമിലും പാമ്പിനെ ശേഷ്നാഗിലും പഞ്ചഭൂതങ്ങളെ പഞ്ച്തര്‍ണിയിലും  ഉപേക്ഷിച്ച ശേഷം പാർവതിയെയും കൂട്ടി അമര്‍നാഥ് ഗുഹയില്‍ എത്തി . ഗുഹയില്‍ ആരും ഇല്ല  എന്ന് ഉറപ്പുവരുത്തിയ ശേഷം ശിവൻ പാർവതീദേവിയോടു ആ മഹാരഹസ്യം വെളിപ്പെടുത്തി . യാദൃശ്ചികമായി രണ്ട് പ്രാവിന്‍റെ മുട്ടകള്‍ ആ ഗുഹയിൽ ഉണ്ടായിരുന്നു.മുട്ടകള്‍ വിരിയുകയും അമരത്വത്തിന്‍റെ രഹസ്യം കേള്‍ക്കുകയും ചെയ്തതിനാൽ  പ്രാവുകൾക്ക്  വീണ്ടും ജന്മമെടുക്കേണ്ടി വന്നത്രെ. അമര്‍നാഥിലേക്ക് പോകും വഴി ഇപ്പോഴും ആ പ്രാവുകളെ കാണാം.

India Kashmir Hindu Pilgrimage

ഗുഹാക്ഷേത്രം കണ്ടെത്തിയത് ആട്ടിടയൻ?

ഏകദേശം 5000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഒരിക്കൽ ഒരു ആട്ടിടയൻ യാദൃശ്ചികമായി അമർനാഥ് ഗുഹയിൽ അകപ്പെട്ടു. അവിടെ കണ്ടുമുട്ടിയ മുനി ആട്ടിടയന്  ഒരു സഞ്ചി നിറയെ കല്‍ക്കരി നല്‍കി. വീട്ടില്‍ എത്തി സഞ്ചി തുറന്നുനോക്കിയപ്പോൾ കല്‍ക്കരി മുഴുവന്‍ സ്വര്‍ണമായി മാറിയിരിക്കുന്നു. മുനിയോട്‌ നന്ദി പറയാനായി തിരിച്ചെത്തിയ ആട്ടിടയൻ മുനിശ്രേഷ്ഠന് പകരം മഞ്ഞില്‍ രൂപം കൊണ്ട ശിവലിംഗമാണ്‌ കണ്ടത്.  ഗുഹാ ക്ഷേത്രം കണ്ടെത്തിയത് ഈ ആട്ടിടയനാണെന്നാണ് വിശ്വാസം. പിന്നീട് എല്ലാ വര്‍ഷവും സ്വയംഭൂവായ ഭഗവാനെ ആരാധിക്കാൻ  ഭക്തർ എത്തി തുടങ്ങി.

INDIA-RELIGION-ICE

ശ്രാവണമാസത്തില്‍ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഗുഹാമുഖം തെക്കോട്ടായതിനാൽ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തിൽ സ്പർശിക്കില്ല. അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്‌ലിം മതസ്ഥർക്കാണ്. ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്‌ലിം മതവിശ്വാസികൾക്ക് ഈ അവകാശങ്ങൾ നൽകപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.