Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭദ്രകാളി ജയന്തി; കുടുംബഭദ്രതയ്ക്കായി ദേവീപൂജ

ഭദ്രകാളി ദേവിയുടെ ജന്മദിനമായ ഭദ്രകാളി ജയന്തി മെയ് 11 വെള്ളിയാഴ്ചയാണ്

ലോകത്തിലുള്ള സർവ്വജീവജാലങ്ങളുടേയും ക്ഷേമത്തിനും രക്ഷയ്ക്കുമായി ദേവി പരാശക്തി ജന്മമെടുക്കുന്നു എന്നാണ് വിശ്വാസം. ദേവി പരാശക്തിയുടെ അവതാരങ്ങളിലൊന്നാണ് ഭദ്രകാളി. ദേവിയുടെ ജന്മദിനമായ ഭദ്രകാളി ജയന്തി മെയ് 11 വെള്ളിയാഴ്ചയാണ് വരുന്നത്. ഇന്ത്യയുടെ പലഭാഗത്തും ഭദ്രകാളി ജയന്തി വളരെ ആഘോഷപൂർവ്വം നടത്തുന്നു. ഈ ദിവസം ചില സ്ഥലങ്ങളിൽ ‘അപര’ ഏകാദശിയായും ആഘോഷിക്കുന്നു. ദേവീമാഹാത്മ്യത്തിൽ പറയുന്നത് ഭദ്രകാളിയിൽ നിന്നും ഭിന്നിച്ച ശക്തികളാണ് അറിവിന്റെ ദേവതയായ സരസ്വതിയും സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയും ശക്തിയുടെ ദേവതയായ പാർവ്വതിയും. 

മാർക്കണ്ഡേയ പുരാണപ്രകാരം സത്യയുഗത്തിൽ ദക്ഷന്റെ മകളായി പിറന്ന സതി ദക്ഷന്റെ യാഗാഗ്നിയിൽ ദേഹത്യാഗം ചെയ്തതിൽ രോഷം പൂണ്ട പരമശിവൻ തന്റെ ജട നിലത്തടിച്ച് സൃഷ്ടിച്ചതാണ് ഭദ്രകാളി എന്നും പറയപ്പെടുന്നുണ്ട്. ദാരികനെ നിഗ്രഹിക്കാനായി ശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്ന് ഉത്ഭവിച്ചതാണ് ഭദ്രകാളി എന്നും പറയുന്നുണ്ട്. ഭദ്രകാളിയുടെ അമ്പലങ്ങൾ ഇന്ത്യയുടെ പലഭാഗത്തും ഉണ്ട്. കാളിയുടെ പ്രസിദ്ധമായ ഒരു അമ്പലം ‘കാളിഘട്ട്’ ബംഗാളിലാണ്. കൊടുങ്ങല്ലൂർ, ആറ്റുകാൽ, ചെട്ടികുളങ്ങര, തിരുമാന്ധാംകുന്ന്, ചോറ്റാനിക്കര എന്നിവ പ്രസിദ്ധമായ ഭദ്രകാളി അമ്പലങ്ങളാണ്. 

ഭദ്രം എന്നാൽ മംഗളം എന്നാണ് അർത്ഥം. മംഗളത്തെ പ്രദാനം ചെയ്യുന്നവൾ എന്നർത്ഥത്തില്‍ ഭദ്രകാളിയെ ഭക്തർ ആരാധിക്കുന്നു. പ്രപഞ്ചത്തിന്റെ മാതാവാണ് ദേവി. ചൊവ്വ ഗ്രഹത്തിന്റെ അധിദേവതയാണ് ഭദ്രകാളി. ദേവിയെ ആരാധിച്ചാൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കാനും ഗ്രഹദോഷങ്ങൾ മാറ്റാനും ദേവി അനുഗ്രഹിക്കുന്നു. ഭദ്രകാളിദേവി അനുഗ്രഹിച്ചാൽ സാധിക്കാത്തതായ ഒരു കാര്യവും ഈ ഭൂമിയിലില്ല എന്നാണ് വിശ്വാസം. ദേവിയെ ആരാധിക്കുന്ന ഭക്തരെ നല്ല ആരോഗ്യവും ഭാഗ്യവും സമ്പത്തും നൽകി ദേവി അനുഗ്രഹിക്കുന്നു. ഭദ്രകാളി ജയന്തി ദിവസം ദേവിയെ പ്രാർഥിച്ചാൽ കുടുംബഭദ്രതയും സന്തോഷവും നൽകി ദേവി തന്റെ ഭക്തരെ അനുഗ്രഹിക്കും എന്നാണ് വിശ്വാസം.