Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവം ശനിപ്രദോഷം, അനുഷ്ഠിച്ചാൽ ഇരട്ടിഫലം!

shiva മേയ് 26 ശനിയാഴ്ച പ്രദോഷം വരുന്നു.സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം.

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട്  അർഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക്  പൗർണമി ദിനം പോലെ ,വിഷ്ണുവിന് ഏകാദശി പോലെ മഹാദേവന് പ്രാദാന്യമുള്ള ദിനമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ  നടത്തുന്നത് അതിവിശിഷ്ടമാണ്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്. മേയ് 26 ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ശനി പ്രദോഷം എന്ന് അറിയപ്പെടുന്നു. ശനി പ്രദോഷം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.  സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്.   

പ്രദോഷസന്ധ്യയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു. ഈ അവസരത്തിൽ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണു ശിവപുരാണത്തിൽ പറയുന്നത്.

പ്രദോഷ സമയത്ത് വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാകം ചെയ്യുക എന്നിവയൊന്നും പാടില്ല .പഞ്ചാക്ഷരീമന്ത്രം (ഓം നമഃ ശിവായ) കഴിയാവുന്നത്ര തവണ ജപിക്കുന്നത് ഉത്തമം.  

വ്രതാനുഷ്ഠാനം

പ്രദോഷദിനത്തിന്റെ തലേന്ന് മുതൽ വ്രതം ആരംഭിക്കണം .തലേന്ന്  ഒരിക്കലൂണ് നിർബന്ധമാണ്. പ്രദോഷദിനത്തിൽ രാവിലെ പഞ്ചാക്ഷരീജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തിലകൊണ്ട് അർച്ചന, കൂവളമാല സമർപ്പണം ,പുറകുവിളക്കിൽ എണ്ണ ,ജലധാര എന്നിവ  നടത്തുക  . പകൽ മുഴുവൻ ഉപവാസം നന്ന്, അതിനു സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറുണ്ണാം.  പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. ശിവപുരാണപാരായണം നടത്തുന്നതും നന്ന്. എണ്ണതേച്ചുകുളി പാടില്ല. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ , മലരോ , പഴമോ കഴിച്ച് ഉപവാസമവസാനിപ്പിക്കാം. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്.

പ്രാർഥനാ ശ്ലോകങ്ങൾ

ശിവം ശിവകരം ശാന്തം 

ശിവാത്മാനം ശിവോത്തമം 

ശിവമാർഗ്ഗ പ്രണേതാരം 

പ്രണതോസ്മി സദാശിവം

സംഹാരമൂര്‍ത്തിം ഹരമന്തകാരീം

വൃഷധ്വജം ഭൂതഗണാദിസേവ്യം

കൈലാസവാസം പരമേശ്വരം തം

നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ 

ഭസ്മാംഗരായായ മഹേശ്വരായ 

നിത്യായ ശുദ്ധായ ദിഗംബരായ 

തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ 

നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ 

മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ 

തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ 

സൂര്യായ ദക്ഷാധ്വര നാശകായ 

ശ്രീ നീലകണ്ഠായ വൃഷധ്വജായ 

തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ

മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ 

ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ 

തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ 

പിനാകഹസ്തായ സനാതനായ 

ദിവ്യായ ദേവായ ദിഗംബരായ 

തസ്മൈ യകാരായ നമഃ ശിവായ