Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശനി തൊടില്ല, അത്യുത്തമം ഈ ദിനം!

shani മേയ് 15 ചൊവ്വാഴ്ചയാണ് ശനിജയന്തി

വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ വർഷം മേയ് 15 ചൊവ്വാഴ്ചയാണ് ശനിജയന്തി . സൂര്യപുത്രനായ ശനി ആയുസ്സിന്റെ കാരകനാണ്. ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം നൽകുന്ന പൂജയും ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം. ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.

ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാവുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ഒരു വ്യക്തിയുടെ ജീവിത കാലഘട്ടമെടുത്താൽ മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല.

ശനിജയന്തി ദിനത്തില്‍ രാവിലെ സ്‌നാനന്തരം നവഗ്രഹസ്തോത്രം ജപിക്കുന്നത് ശനിപ്രീതികരമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക. ശനിയുടെ അധിദേവതയായ ശാസ്താക്ഷേത്ര ദർശനവും ഉത്തമഫലം നൽകും .ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.  പറ്റാവുന്നത്ര തവണ ശനീശ്വരസ്‌തോത്രം ,ശാസ്താമന്ത്രം എന്നിവ ജപിക്കുക.

ശനീശ്വരസ്‌തോത്രം

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

ശാസ്താമന്ത്രം

ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര

രക്ഷ രക്ഷ മഹാബാഹോ  ശാസ്ത്രേതുഭ്യം നമോ നമഃ

ഇപ്പോൾ ചാരവശാല്‍ കണ്ടകശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:  

1. മിഥുനക്കൂറ് (മകയിരം-അവസാനപകുതി‍, തിരുവാതിര, പുണര്‍തം-ആദ്യ മൂന്നു പാദങ്ങള്‍) 

2. കന്നിക്കൂറ് (ഉത്രം-അവസാന മൂന്നു പാദങ്ങള്‍, അത്തം, ചിത്തിര-ആദ്യപകുതി‍) 

3 മീനക്കൂറ് (പൂരുരുട്ടാതി-അവസാന പാദം, ഉത്തൃട്ടാതി, രേവതി) 

ഏഴരശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ: 

1. വൃശ്ചികക്കൂറ് (വിശാഖം-അവസാന പാദം, അനിഴം, തൃക്കേട്ട) 

2. മകരക്കൂറ് (ഉത്രാടം-അവസാന മൂന്നു പാദങ്ങള്‍, തിരുവോണം, അവിട്ടം-ആദ്യപകുതി)

3. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) –   ഏഴരശ്ശനിയിലെ ജന്മശ്ശനി

അഷ്ടമശ്ശനി ബാധിക്കുന്ന നക്ഷത്രങ്ങൾ:

1.  ഇടവക്കൂറ് (കാര്‍ത്തിക-അവസാന മൂന്നു പാദങ്ങള്‍, രോഹിണി, മകയിരം ആദ്യപകുതി‍)