ഈ ക്ഷേത്രത്തിൽ എത്തുന്നത് പോലും അതീവ പുണ്യം!

കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ  ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം.മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്.കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ  അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് .പുഴയുടെ തെക്കു ഭാഗത്തുള്ള  ഇക്കരെ കൊട്ടിയൂരിൽ  സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ  കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. 

അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം.ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത്  മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.   

ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു. 

ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥലത്തിന് മണിത്തറയെന്ന് പേര്. ഭഗവൽ പത്‌നിയും ദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീ ദേവി പിതാവിൽ നിന്നുണ്ടായ അവഹേളനം സഹിക്കാതെ യാഗാഗ്‌നിയിൽ ആത്‌മാഹുതി ചെയ്ത സ്ഥാനത്തെ അമ്മാറക്കൽ തറയെന്നും വിളിക്കും. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിക്ക് പേര് തിരുവൻചിറ. രുധിരമൊഴുകിയ ചാലാണ് പിന്നീട് തിരുവൻചിറയായി പരിണമിച്ചത്.

വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ  ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

ഓടപ്പൂപ്രസാദം

വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ  വീരഭദ്രൻ കാറ്റിൽ പറത്തി.  ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും  പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ   തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.  

വൈശാഖ മഹോത്സവ വിശേഷ ദിനങ്ങൾ 

27-May-2018, ഞായർ  - നെയ്യാട്ടം

28-May-2018, തിങ്കൾ  - ഭണ്ഡാരം എഴുന്നള്ളത്ത്‌

4-June-2018, തിങ്കൾ - തിരുവോണം ആരാധന

5-June-2018, ചൊവ്വ  - ഇളനീർ വെയ്പ്

6-June-2018, ബുധൻ  - അഷ്ടമി ആരാധന ഇളനീരാട്ടം

9-June-2018, ശനി  - രേവതി ആരാധന

13-Thursday-2018, ബുധൻ  - രോഹിണി ആരാധന

15-June-2018, വെള്ളി  - തിരുവാതിര ചതുശ്ശതം

16-June-2018, ശനി  - പുണർതം ചതുശ്ശതം

17-June-2018, ഞായർ  - ആയില്യം ചതുശ്ശതം

18-June-2018, തിങ്കൾ  - മകം കലം വരവ്

21-June-2018, വ്യാഴം  - അത്തം ചതുശ്ശതം, വാളാട്ടം, കലശാ പൂജ

22-June-2018, വെള്ളി  - തൃക്കലശാട്ട്