Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ഒരു നക്ഷത്രവൃക്ഷമോ രാശിവൃക്ഷമോ നടൂ, ഐശ്വര്യം കൂടെപ്പോരും!

Star Tree

ഓരോ നക്ഷത്രങ്ങൾക്കും അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ആ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് ഓരോ വ്യക്തിക്കും നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നത്. ഇതുപോലെ ഓരോ രാശിക്കും ഓരോ വൃക്ഷങ്ങൾ ഉണ്ട്. മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി – മാവ്, തുലാം – ഇലഞ്ഞി, വൃശ്ചികം – കരിങ്ങാലി, ധനു – അരയാൽ, മകരം – കരിവീട്ടി, കുംഭം – വഹ്നി, മീനം – പേരാൽ ഇവ സ്വന്തം വീട്ടുവളപ്പിൽ നട്ടുപരിപാലിക്കാൻ കഴിയാത്തവർക്ക് ക്ഷേത്രവളപ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ചു പിടിപ്പിക്കാം.

അശ്വതി– കാഞ്ഞിരം, ഭരണി – നെല്ലി, കാർത്തിക – അത്തി, രോഹിണി – ഞാവൽ, മകയിരം – കരിങ്ങാലി, തിരുവാതിര – കരിമരം, പുണര്‍തം – മുള, പൂയ്യം – അരയാൽ, ആയില്യം – നാഗമരം, മകം – പേരാൽ, പൂരം – പ്ലാശ്, ഉത്രം – ഇത്തി, അത്തം – അമ്പഴം, ചിത്തിര – കൂവളം, ചോതി – നീർമരുത്, വിശാഖം – വയ്യങ്കത, അനിഴം – ഇലഞ്ഞി, തൃക്കേട്ട – വെട്ടി, മൂലം – വയനം, പൂരാടം – ആറ്റുവഞ്ചി, ഉത്രാടം – പ്ലാവ്, തിരുവോണം – എരുക്ക്, അവിട്ടം – വഹ്നി, ചതയം – കടമ്പ്, പൂരുരുട്ടാതി – തേന്മാവ്, ഉതൃട്ടാതി – കരിമ്പന, രേവതി – ഇലുപ്പ.

അനേകം ഔഷധസസ്യങ്ങളും നമുക്ക് വീട്ടുവളപ്പിൽ വച്ചു പിടിപ്പിക്കാം. അത്യാവശ്യം കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, മിന്റ് തുളസി, അഗസ്ത്യ തുളസി ഒക്കെയും മഞ്ഞളും ഇഞ്ചിയും പനിക്കൂർക്കയും ഒക്കെ ഒരു ജലദോഷത്തിനും പനിക്കും ഉള്ള മരുന്നിനുപകരിക്കും. ഓരോ വീട്ടിലും വേപ്പ്, ആര്യവേപ്പ്, കുരുമുളക്, അടയ്ക്കാമരം എന്നിവ നടാൻ ഒട്ടും സ്ഥലം ആവശ്യമില്ല.

സ്ഥലം ഉള്ളവർക്ക് തേക്ക്, ഈട്ടി, ചന്ദനം, രക്തചന്ദനം എന്നിവയും നട്ടുവളർത്താം. മാവ്, പ്ലാവ്, ആഞ്ഞിലി, ആത്ത, സപ്പോട്ട തുടങ്ങിയ നാടൻ പഴങ്ങൾ കൂടാതെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതും ആയ വിദേശ ബറിയായ അസായി,  ദുരിയാൻ തുടങ്ങി റമ്പുട്ടാൻ വരെയുള്ള ഫലവൃക്ഷങ്ങൾ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സുലഭമായി ലഭ്യമാണ്. വൃക്ഷസ്നേഹികളായ മലയാളികൾ അതൊക്കെ വച്ചു പിടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. ഒരേക്കർ സ്ഥലത്ത് മരം വച്ച് പിടിപ്പിച്ചാൽ ഏതാണ്ട് മൂന്നരലക്ഷം മുതൽ മുടക്കി ഒമ്പത് വർഷം കൊണ്ട് എൺപത്തഞ്ച് ലക്ഷം വരെ തിരിച്ച് കിട്ടുന്ന കാർഷിക രീതികളും പ്രചാരത്തിലായി തുടങ്ങിയിട്ടുണ്ട്. മരം ഒരു വരമാണെന്ന് നമുക്ക് മുമ്പേ അറിയാം. പ്രകൃതിക്ക് വേണ്ടി പാരിസ്ഥിതിക സംരക്ഷണത്തിനും ഉപകരിക്കുന്ന സർപ്പക്കാവുകള്‍ നമ്മുടെ പൂർവ്വികർ വച്ചു പിടിപ്പിച്ചതും മരങ്ങളിൽ വിശ്വാസവും ഭക്തിയും കൂട്ടിക്കലർത്തിയതും അറിഞ്ഞോ അറിയാതെയോ ദീർഘദർശനത്തോടെയോ ചെയ്തുവച്ച നല്ല സംസ്കാരമാണ്.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ എല്ലാവരും ഒരു നക്ഷത്ര വൃക്ഷമോ രാശി വൃക്ഷമോ നട്ടുകൊണ്ട് ഈ വർഷം നമുക്ക് ഒരു പുതിയ തുടക്കം കുറിക്കാം.

ലേഖകൻ :  Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com   

Phone : 9846033337, 0484 2546421