Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധി വർധിക്കാൻ ബുധദേവപ്രീതി

Krishna

നവഗ്രഹങ്ങളിലൊന്നായ ബുധദേവൻ ഓർമശക്തി, ബുദ്ധിശക്തി, ജ്ഞാനം എന്നിവയ്ക്ക് അധിപനാണ്. അതിനാൽ വിദ്യാകാരകൻ എന്നും അറിയപ്പെടുന്നു. ജാതകപ്രകാരം ബുധൻ ദുർബലനാണെങ്കിൽ വിദ്യയിൽ ശോഭിക്കാനാവില്ല. എത്ര നന്നായി പരിശ്രമിച്ചാലും സമയമാവുമ്പോൾ എല്ലാം മറന്നുപോവുന്നതു മിക്കവരുടെയും പ്രശ്നമാണ്. ബുധന്റെ മൗഢ്യമാണിതിന് കാരണം. ഇക്കൂട്ടർക്ക് ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ വരിക, പലകാര്യങ്ങളും ഓർത്തെടുക്കാൻ ബുദ്ധിമുട്ട്‌ എന്നിവ അനുഭവപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ബുദ്ധി, ഓർമ്മ, വിദ്യ എന്നിവയുമായി ബുധഗ്രഹത്തിന് ബന്ധമുണ്ട്. 

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നാണല്ലോ. ബുധദേവന്റെ അനുഗ്രഹത്തോടെ വിദ്യയിൽ പ്രാവീണ്യം നേടിയാൽ ലക്ഷ്മീദേവി നമ്മിൽ താനേ വരും. ജാതകപ്രകാരം ബുധൻ ശക്തനെങ്കിൽ ജീവിതത്തിലെ എല്ലാമേഖലകളിലും ശോഭിക്കാൻ കഴിയും.

ബുധന് വക്രദൃഷ്ടിയുള്ളവർ കൗശലക്കാരും കുബുദ്ധി കാണിക്കുന്നവരുമായിരിക്കും. ജാതകത്തില്‍ ബുധന്‍ ദുർബലനായിരിക്കുന്നവർ ഏതു കാര്യത്തിനും ഉൽകണ്ഠാകുലരായിരിക്കും. ബുധന്റെ ബലമില്ലായ്മ വ്യക്തികളിൽ പലതരം ദുശീലങ്ങൾക്കും  കാരണമായേക്കാം.

ബുധദേവപ്രീതി വരുത്തുകയാണ് ഇതിനുള്ള പോംവഴി. ബുധനാഴ്ചദിവസം വ്രതം അനുഷ്ഠിക്കുന്നതും ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തുന്നതും പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ബുധപ്രീതിയ്ക്ക് ഉത്തമമാർഗ്ഗമാണ്. നിത്യേന ഗണപതി വന്ദനത്തിനുശേഷം ശ്രീകൃഷ്ണഭഗവാനെ ഭജിക്കുന്നത് ബുധദോഷത്തിന് പരിഹാരമാണ്. ഗുരുവായൂരപ്പന് പച്ചനിറത്തിലുള്ള പട്ടു സമർപ്പിക്കുന്നത് ഉത്തമമാണ്.

ബുധപ്രീതിക്കായി പച്ചനിറമുള്ള രത്നമായ മരതകം ധരിക്കാം. പാർശ്വഫലങ്ങൾ കുറഞ്ഞ ഈ രത്നം ധരിക്കുന്നതിലൂടെ ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവ വർധിക്കുമെന്നാണ് വിശ്വാസം. പക്ഷേ മേടം, കർക്കിടകം, വൃശ്ചികം എന്നീ ലഗ്നക്കാർ മരതകം ഒഴിവാക്കണം. ഗായത്രി മന്ത്രത്തോടൊപ്പം ബുധഗായത്രി നിത്യേന ജപിക്കുന്നതും ദോഷപരിഹാരമാണ്.

ബുധഗായത്രി

ഓം ഗജധ്വജായ വിദ്മഹേ

ശുകഹസ്തായ ധീമഹി

തന്നോബുധഃ പ്രചോദയാത്