Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകരം രാശിക്കാർ ഭാഗ്യലബ്‌ധിക്കായി അനുഷ്ഠിക്കേണ്ടവ

Capricorn

മകരം രാശിയിൽ പിറന്നവർ അഭിവൃദ്ധിക്കായി ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്നവർക്ക് അന്നദാനം നടത്തണം. ദാനങ്ങളിൽ വച്ച് ഏറ്റവും വിശേഷപ്പെട്ടതാണ് അന്നദാനം. മറ്റു ദാനങ്ങൾക്കൊന്നും ഇതിന്റെ  പതിനാറിലൊന്ന് മേന്മ ഇല്ലെന്ന് വിഷ്ണുധർമോത്തരത്തിൽ പറയുന്നു. അന്നദാന മാഹാത്മ്യത്തെക്കുറിച്ച് പത്മപുരാണത്തിലും സൂചനയുണ്ട്. വിശന്നിരിക്കുന്ന ആൾ ഭക്ഷണം കഴിച്ച് തൃപ്തിയടയുമ്പോൾ തോന്നുന്ന സന്തോഷം അന്നദാതാവിനുള്ള അനുഗ്രഹമായി മാറുമെന്നാണ് സങ്കൽപം. തടസ്സങ്ങൾ  മാറാനും  പുരോഗതിക്കുമായി  മകരം രാശിക്കാർ  അന്നദാനത്തിനൊപ്പം  ശനീശ്വര പ്രീതികരമായ കർമങ്ങളും അനുഷ്ഠിക്കണം. സാമ്പത്തിക രംഗം  മെച്ചപ്പെടണമെന്ന പ്രാർഥനയോടെ ശാസ്താ ക്ഷേത്ര ദർശനം  നടത്തുന്നതും  ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും  ഉത്തമഫലം നൽകും. 

ഇന്ദ്രനീലം, മരതകം, വജ്രം ഇവയാണ് ഭാഗ്യ രത്നങ്ങൾ. വിദഗ്ധ നിർദേശ പ്രകാരം വേണം  രത്നധാരണം. ഈ രാശി യിൽ പിറന്നവർക്ക് ഇന്ദ്രനീലം ആരോഗ്യപുഷ്ടിയും മരതകം    ഭാഗ്യലബ്ധിയും  ശത്രുനാശവും  വജ്രം  തൊഴിൽ പുരോ ഗതിയും ഏകുമെന്നാണ് വിശ്വാസം. മറ്റു രത്നങ്ങൾ ഇവർക്ക് ശുഭമല്ല. വിധിപ്രകാരം വേണം രത്നധാരണം.

മരതകം  ധരിക്കുന്നവർ ഭാഗ്യാനുകൂല്യം ലഭിക്കണമെന്ന പ്രാർഥനയോടെ ശ്രീകൃഷ്ണ ഭജനം നടത്തുന്നത് ശ്രേയസ്കരമാണ്.

ബിസിനസിലെ പുരോഗതിക്കായി കുജ (ചൊവ്വാ) പ്രീതികരമായ കർമങ്ങളും സന്താനങ്ങളുടെ അഭിവൃദ്ധിക്കായി ശുക്രപ്രീതികരമായ കർമങ്ങളുമാണ് ചെയ്യേണ്ടത്. ഇഷ്ടമംഗല്യ സിദ്ധിക്കായി മകരം രാശിക്കാർ ചന്ദ്രനെയാണ് ഭജിക്കേണ്ടത്. ഇതിനായി നിശ്ചിത  എണ്ണം  സങ്കൽപിച്ച് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും വ്രതസംഖ്യയിലെ അവസാന തിങ്കളാഴ്ച ചന്ദ്ര പൂജ നടത്തുകയും വേണം.കറുപ്പ്, കടും നീല, പച്ച, വെളുപ്പ് ഇവയാണ് അനുകൂല നിറങ്ങൾ. ശനി, ബുധൻ, വെള്ളി ആണ് അനുകൂല ദിനങ്ങ ൾ.  മകം, പൂരം, ഉത്രം ആദ്യപാദം  ഇവയാണ് ഈ രാശിക്കാരുടെ പ്രതികൂല നക്ഷത്രങ്ങൾ.

മകരം  രാശിക്കാർ  വ്യാഴ ദശയിലെ ചൊവ്വയുടെയും  ചൊവ്വയിലെ വ്യാഴാപഹാരകാലവും  ജാഗ്രത പുലർത്തണം. ഇക്കാലയളവിൽ മഹാമൃത്യുഞ്ജയ ജപവും ജന്മനക്ഷത്ര ദിവസം  മൃത്യുഞ്ജയ ഹോമവും  നടത്താം.  വാഹന ഉപയോഗത്തിലും  ഈ കാലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ശിവ ക്ഷേത്രദർശനവും  സൂര്യക്ഷേത്ര ദർശനവും ദോഷാധിക്യം  കുറയ്ക്കും.