Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ തടസ്സം എന്തുകൊണ്ട്? പരിഹാരം!

Gemstones

വിവാഹ തടസ്സത്തിനു കാരണമാകുന്ന നവഗ്രഹയോഗങ്ങളും അവയ്ക്കുള്ള രത്നശാസ്ത്ര പ്രതിവിധികളും ഏതൊക്കെയെന്നു പരിശോധിക്കാം.

ചൊവ്വ, ശുക്രൻ, ചന്ദ്രൻ എന്നിവയാണ് വിവാഹവുമായി ബന്ധപ്പെട്ട ഗ്രഹങ്ങൾ. ഓരോരുത്തരുടെയും ജാതകപ്രകാരം ഏഴാം ഭാവാധിപൻ ആയ ഗ്രഹത്തിന് വിവാഹവുമായി ബന്ധമുണ്ട്. വിവാഹത്തെ സഹായിക്കാൻ തീരെ താല്‍പര്യമില്ലാത്ത ഗ്രഹമാണ് ശനി. ശനി ലഗ്നാൽ 5, 9, 7, 8 രാശികളിൽ നിന്നാൽ വിവാഹം നീണ്ടു പോയേക്കാം. മിഥുനം, കന്നി, ചിങ്ങം എന്നീ രാശികൾ ഏഴാം ഭാവം ആയി വന്ന് അവിടെ ശനി നിന്നാലും ജനിച്ച കൂറിൽനിന്നു മേൽപ്പറഞ്ഞ വിധം ശനി നിന്നാലും ഈ യോഗം വരും. ചൊവ്വ അഞ്ചാമത്തെ രാശിയിൽ നിന്നാൽ, പ്രേമകാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വിവാഹം നീണ്ടു പോകാം.

ജാതകത്തിലെ ഏഴാം ഭാവാധിപൻ ഒരു പാപഗ്രഹം ആകുകയും അത് മിഥുനം, കർക്കടകം, കന്നി, മീനം രാശികളിൽ നിൽക്കുകയും ചെയ്താലും വിവാഹതടസ്സം വരും. ഉദാഹരണം: ചിങ്ങലഗ്നത്തിന്റെ ഏഴാം ഭാവാധിപൻ ശനി. ഇത് ജ്യോതിഷഭാഷയിൽ പാപഗ്രഹമാണ്. ഈ ശനി മേൽപ്പറഞ്ഞ മിഥുനം, കർക്കടകം, കന്നി, മീനം രാശികളിൽ നിന്നാല്‍ വിവാഹതടസ്സമുണ്ടാകും. ലഗ്നാലോ ചന്ദ്രാലോ ഏഴിൽ ചൊവ്വ, ശനി എന്നീ ഗ്രഹങ്ങൾ നിന്നാലും ഈ ഗ്രഹങ്ങൾ ഒരുമിച്ച് ഏഴിൽ നിന്നാലും വിവാഹതടസ്സം ഉറപ്പ്. ജാതകൻ വിവാഹവിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്ന് കാലതാമസം വരുത്തും. ചൊവ്വയും രാഹുവും ചേർന്ന് 7, 8 ൽ നിന്നാലും ശുഭകരമായ ദാമ്പത്യം പറയാൻ പറ്റില്ല. ചൊവ്വ സൂര്യനുമായി യോഗം ചെയ്തോ മൗഢ്യം ബാധിച്ചോ മിഥുനം കന്നി രാശികളിൽ നിന്നാൽ വിവാഹം തടസ്സപ്പെടുകയും സ്ത്രീപുരുഷ ബന്ധത്തോടു തന്നെ വെറുപ്പു തോന്നുകയും ചെയ്തേക്കാം.

ശനിയോ ചൊവ്വയോ ലഗ്നാലോ ചന്ദ്രാലോ ഏഴിലോ എട്ടിലോ നിന്നാൽ വിവാഹതടസ്സം നേരിടുകയും തന്നെക്കാൾ വളരെയേറെ പ്രായം കൂടിയ വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്യും.

ശനി 9, 5 രാശികളിൽ ലഗ്നാലോ ചന്ദ്രാലോ നിൽക്കുന്നതും വിവാഹതടസ്സം വരുത്തും. സന്യാസയോഗം എന്നും പറയാം. ലഗ്നാലോ ചന്ദ്രാലോ 7, 8 രാശികളിൽ കുജൻ, ശനി, രാഹു എന്നീ ഗ്രഹങ്ങൾ വരുന്നതും വിവാഹം തടസ്സപ്പെടുത്തും.

ശുക്രന്റെയും ചൊവ്വയുടെയും ചന്ദ്രന്റെയും മൗഢ്യവും നീചത്വവും വിവാഹതടസ്സം വരുത്തും. കടുത്ത വൈവാഹിക തടസ്സം നേരിടുന്നവർ അവരുടെ ജാതകം വ്യക്തമായി പരിശോധിച്ച് വ്യാഴം ചന്ദ്രാൽ 2–4–5–9–10–11 രാശികളിൽ വരുന്ന സമയത്ത് ജ്യോതിഷ രത്ന ശാസ്ത്രവിധി പ്രകാരം, ജാതക ഗ്രഹനിലയ്ക്ക് അനുകൂലമാകുന്ന വിധം ചുവന്ന പവിഴം, മ‍ഞ്ഞപുഷ്യരാഗം, മുത്ത്, ചന്ദ്രകാന്തം, വജ്രം, സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കുക.

ചുവന്ന പവിഴം

ജാതകപ്രകാരം അനുയോജ്യമെങ്കിൽ ചുവന്ന പവിഴം ധരിക്കുന്നത് വിവാഹം വേഗം നടക്കാൻ സഹായിക്കും. യോഗകാരകനോ ലഗ്നാധിപമിത്രമോ ആയി ജാതകത്തില്‍ ചൊവ്വ വരുന്നവർക്ക് ചുവന്ന പവിഴം ധരിക്കാം. ചൊവ്വാദോഷം മൂലം വിവാഹം തടസ്സപ്പെടുന്നവർ പവിഴം ധരിച്ചാൽ അനുയോജ്യമായ ബന്ധം വന്നുചേരാം. എന്നാൽ ചൊവ്വാദോഷം മാറ്റാനായി പവിഴം ധരിക്കരുത്. തത്തുല്യ ചൊവ്വാദോഷം ഉള്ള ജാതകമോ പാപസാമ്യത കിട്ടുന്നതോ ചേർക്കണം. ചില ജ്യോത്സ്യന്മാർ അവകാശപ്പെടുന്നതുപോലെ ചൊവ്വാ ദോഷം ഇല്ല എന്ന പ്രമാണപ്രകാരം പറയുന്ന ചൊവ്വയ്ക്കും പ്രായോഗിക അനുഭവത്തിൽ ദോഷം ഉണ്ട് എന്നത് ഓർക്കുക.

മഞ്ഞ പുഷ്യരാഗം

വിവാഹതടസ്സം മാറാനും, ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനും സഹായിക്കും. സ്ത്രീകളുടെ ഭർതൃകാരക സ്ഥാനം വ്യാഴത്തിനാണ്. വില കൂടിയ മഞ്ഞ പുഷ്യരാഗത്തിന് പകരം ഗോൾഡൻ ടോപ്പാസ് എന്ന ഉപരത്നം ധരിച്ചാലും ഫലം കിട്ടും. വിവാഹം വേഗത്തിൽ നടക്കാൻ ഈ രത്നം സഹായകരമാണ്.

മുത്ത്

മനോകാരകനും സ്ത്രീജാതകത്തിന് സ്ത്രീത്വം നൽകുന്നവനും മാതൃകാരകനുമായ ചന്ദ്രന്റെ രത്നം സമുദ്രജന്യമാണ്. മുത്തുച്ചിപ്പികളിൽനിന്ന് മുത്ത് ലഭിക്കുന്നു. മനസ്സുമായും സ്ത്രീസൗന്ദര്യവുമാ.ും മുത്ത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീയിലെ സ്ത്രീത്വത്തെ ഉത്തേജിപ്പിക്കാൻ മുത്ത് ധരിക്കാം. വിവാഹം വേഗത്തിൽ നടക്കാൻ മുത്ത് സഹായകരമാകും.

ചന്ദ്രകാന്തം

മുത്തിനു പകരം ധരിക്കാവുന്ന രത്നമാണ് ചന്ദ്രകാന്തം. ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന് കേട്ടിട്ടില്ലേ. പുരുഷന് അനുയോജ്യമായ സ്ത്രീ വന്നു ചേരാൻ ചന്ദ്രകാന്തം ധരിക്കുന്നത് ഉത്തമമാണ്. വളരെ വിലകുറവുള്ള രത്നമാണ് ചന്ദ്രകാന്തം. ജാതകം നോക്കാതെതന്നെ വിവാഹം അനിശ്ചിതമായി നീളുന്ന പുരുഷന്മാർക്ക് ചന്ദ്രകാന്തം മോതിരമായിട്ടോ ലോക്കറ്റായിട്ടോ ധരിച്ച് വിവാഹജീവിതം പ്രാപ്തമാക്കാം. വിവാഹം വേഗത്തിൽ നടക്കാൻ സ്ത്രീകൾക്ക് മുത്തും പുരുഷന്മാർക്ക് ചന്ദ്രകാന്തവും ധരിക്കാം.

വജ്രം

രത്നങ്ങളുടെ മുൻനിരയിലാണ് വജ്രത്തിന്റെ സ്ഥാനം. ജാതകത്തിൽ ശനി, രാഹു എന്നിവയുടെ പാപയോഗസ്ഥിതികളാൽ വിവാഹം നടക്കാത്തവർക്കും സന്യാസയോഗം ഉള്ളവർക്കും ശുക്രന്റെ രത്നമായ വജ്രം ധരിച്ചാൽ വിവാഹം വേഗം നടക്കും. വജ്രം ധരിക്കുമ്പോൾ ജാതക പരിശോധന പ്രകാരം വജ്രം അനുകൂലമാണെങ്കിൽ മാത്രം ധരിക്കുക. അല്ലാത്തപക്ഷം മറ്റു രത്നങ്ങൾ ധരിക്കുക.

സിർക്കോൺ റിയൽ / അക്വാമറൈൻ

വജ്രം ധരിക്കാൻ സാമ്പത്തികസ്ഥിതി അനുവദിക്കാത്തവർക്ക് സിർക്കോൺ റിയൽ, അക്വാമറൈൻ എന്നീ രത്നങ്ങൾ ധരിക്കാം. മാർച്ച് മാസത്തിൽ ജനിച്ചവർക്ക് അക്വാമറൈൻൻ വിവാഹകാര്യത്തിനു ഫലപ്രദമാണ്. ശുക്രന്റെ രത്നമായ വജ്രം നൽകുന്ന അതേ ജ്യോതിഷ പരിഹാരഫലം തന്നെ സിർക്കോൺ റിയൽ എന്ന രത്നവും നൽകും. മൂന്നു മുതൽ നാലു വരെ കാരറ്റ് ധരിക്കണം എന്നു മാത്രം. അതുപോലെ തന്നയാണ് അക്വാമറൈൻ എന്ന രത്നത്തിന്റെയും ഫലം. ജ്യോതിഷ രത്നശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള ജ്യോത്സ്യന്മാരുടെ ഉപദേശപ്രകാരം മാത്രമേ രത്നങ്ങള്‍ ധരിക്കാവൂ. വിവാഹം വേഗം നടക്കാനും ദാമ്പത്യ വിജയത്തിനും രത്നങ്ങൾ ഫലപ്രദമാണ്. അനുയോജ്യമായത് ധരിക്കണം എന്നു മാത്രം. ലഗ്നാധിപയോഗകാരക ലഗ്നാധിപമിത്ര എന്ന രീതിയിൽ വേണം രത്നം നിശ്ചയിച്ച് ധരിക്കാൻ എന്ന കാര്യം പ്രത്യേകം ഓർക്കുക.

സഞ്ജീവ് കുമാർ ആർ.

ടി.സി. 24/1984, ലുലു അപ്പാർട്ട്മെന്റ്സ്

തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014

മൊബൈൽ: 9447251087, 9526480571