Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകാര്യവിജയത്തിനും സമൃദ്ധിക്കും ഈ വഴിപാട്

ഹനൂമാൻ

തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി. ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനൂമാനെ പ്രാർഥിച്ചാൽ അവയുടെ ദോഷ കാഠിന്യത്തിൽനിന്നു ഹനൂമാൻ തന്റെ ഭക്തരെ കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

ഹനൂമാന് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. വെറ്റിലമാല വഴിപാട് നൽകി പ്രാർഥിച്ചാൽ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങൾ മാറി പെട്ടെന്നു വിവാഹം നടക്കും. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം. ഹനൂമാന് തുളസിമാല അണിയിച്ച് പ്രാർഥിച്ചാൽ തീരാവ്യാധികൾ അകലുമത്രേ. ഹനൂമാൻ സന്നിധി വലംവെച്ചു പ്രാർഥിച്ചാൽ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലും.

ഉറങ്ങുന്നതിനു മുൻപ് ഹനൂമാൻ കവചം ചൊല്ലിയാല്‍ ദുഃസ്വപ്നങ്ങൾ കാണുകയില്ല. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി മാല കോർത്ത് ഹനൂമാന്റെ കഴുത്തിൽ അണിയിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയം ഉണ്ടാകും. ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനൂമാൻ സന്നിധിയിൽ ചെന്ന് പ്രാർഥിച്ചാൽ സർവവിധ ദോഷങ്ങളും അകന്ന് സർവകാര്യജയം സാധ്യമാകും. ഭക്തിയോടെയും സമർപ്പണത്തോടെയും പ്രാർഥിക്കുന്ന തന്റെ ഭക്തരെ സർവദുഃഖദുരിതങ്ങളിൽ നിന്നും ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം.

ഹനൂമൽ സ്തുതി

മനോജവം മാരുത തുല്യവേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥ മുഖ്യം

ശ്രീരാമ ദൂതം ശിരസാ നമാമി 

ബുദ്ധിർ ബലം യശോധൈര്യം

നിർഭയത്വമരോഗത

അജയ്യം വാക് പടുത്വം ച

ഹനൂമത് സ്മരണാത് ഭവേത്

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)