Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടകശ്ശനിയെ ഭയക്കേണ്ടതുണ്ടോ?

ശനി

‘കണ്ടകശ്ശനി കൊണ്ടേ പോകൂ’ എന്നൊരു ചൊല്ലുണ്ട്. ഇതു മനസ്സിൽ വച്ച്, കണ്ടകശ്ശനി വന്നാൽ മരിച്ചുപോകും എന്നാണു പലരുടെയും പേടി. പേടിക്കേണ്ട കാര്യമൊന്നുമില്ല. ഒരു വ്യക്തിയുടെ ജീവിതത്തിനിടയിൽ പലതവണ കണ്ടകശ്ശനി വന്നും പോയുമിരിക്കും. ശനി എന്ന ഗ്രഹം വ്യക്തിയുടെ ജന്മക്കൂറിലോ നാല്, ഏഴ്, പത്ത് രാശികളിലോ വരുന്നതിനെയാണു കണ്ടകശ്ശനി എന്നു പറയുന്നത്. ശനി ഒരു രാശിയിൽ ഏകദേശം രണ്ടരക്കൊല്ലമാണു നിൽക്കുക. ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും എല്ലാവർക്കും കണ്ടകശ്ശനി വരും. ഇക്കാലത്തു ജോലിരംഗത്തും കുടുംബകാര്യങ്ങളിലും പൊതുവേ മന്ദത അനുഭവപ്പെടും. ഇതിനെ മറികടക്കാനായി ചെയ്യാവുന്നത് ഈശ്വരഭജനം തന്നെയാണ്. എന്നാൽ, കണ്ടകശ്ശനി പോലുള്ള ദോഷകാലങ്ങളിൽ പ്രത്യേക ഈശ്വരാരാധന ചെയ്യേണ്ടത് ആവശ്യമാണ്. 

കണ്ടകശ്ശനിദോഷം നീങ്ങാൻ പ്രധാനമായും അയ്യപ്പസ്വാമിയെയാണ് ഭജിക്കേണ്ടത്. ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തി നീരാജനം വഴിപാട് സമർപ്പിക്കുന്നതും ഉപവാസത്തോടെ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതും കണ്ടകശ്ശനിദോഷത്തിന് ഒരു പരിഹാരമാണ്. ശനിയാഴ്ചതോറും കറുത്ത വസ്ത്രം ധരിക്കുന്നതും കാക്കയ്ക്ക് അന്നം നൽകുന്നതും ശനിപ്രീതിക്ക് ഉത്തമമാണ്. എള്ളെണ്ണയുടെയും എള്ളിന്റെയും കാരകനാണു ശനിഭഗവാൻ. ശാസ്താവിന് ശനിയാഴ്ച തോറും എള്ളുപായസം നിവേദിക്കുന്നതും നന്ന്.  

നിത്യേന 

‘ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര

രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ’

എന്ന അയ്യപ്പമന്ത്രം ചൊല്ലിയാല്‍ ശനിദോഷം വിട്ടകന്നുപോകും.  

ഗണേശപ്രീതിയും ഹനുമത് പ്രീതിയുമാണു മറ്റു രണ്ടു ദോഷപരിഹാര മാർഗ്ഗങ്ങൾ. സാധ്യമാകുന്ന അവസരങ്ങളിൽ ഹനുമാൻക്ഷേത്രത്തിൽ ദർശനം നടത്തി നെയ്‌വിളക്കു തെളിക്കുന്നതും വെറ്റിലമാല സമർപ്പിക്കുന്നതും ഉത്തമം. ഗണേശപ്രീതിക്കായി കറുകമാല സമർപ്പണവും മാസത്തിലൊരിക്കൽ ഗണപതിഹോമം വഴിപാടായി നടത്തുന്നതും ഉത്തമം.

ദോഷകാലയളവിൽ നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നതു ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒറ്റമൂലിയാണ്. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ ശനിദോഷം അലട്ടുകയില്ല.

ശനി സ്തോത്രം:

നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം 

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.