Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5–ാം ഭാവത്തിലെ ശനി മനോരോഗകാരകൻ

x-default, Saturn x-default

“നാനാ പ്രയോഗോ വിനയ പ്രബന്ധ

വിനേയ വിദ്യാ നയ ബുദ്ധിമന്ത്രാഃ

സന്താന ഗർഭാംഗ ഭവാദികം ച

പ്രജ്ഞാ സുതാർത്ഥസ്യ ച പഞ്ചമേ സ്യാത്”

അഞ്ചാംഭാവം കൊണ്ട് പലതരത്തിലുള്ള പ്രവൃത്തികള്‍, വിനയം, ആസൂത്രണം, വിദ്യ, നയചാതുര്യം, ബുദ്ധി, മന്ത്രം, സിദ്ധി, ഗർഭം, സന്താനം, പുത്രാദികാര്യങ്ങൾ എന്നിവ മനസ്സിലാക്കണം. 

ഇനി ശനിയുടെ കാരകത്വങ്ങളെന്തെല്ലാമെന്ന് നോക്കാം.

“അലസ പ്രേഷ്യ ദുഃഖ നിര്യാണാദി കാരകോ മന്ദഃ” 

അലസത, അടിമത്തം, ദുഃഖം, നിര്യാണം തുടങ്ങിയവ ശനിയിൽ നിക്ഷിപ്തങ്ങളാകുന്നു.

ശാരീരികമായി കുറവുകളൊന്നുമില്ലെങ്കിലും അൽപബുദ്ധിയും വിവേകശൂന്യനുമായാൽ ഒരു വ്യക്തി ഈ ലോകത്തിൽ എന്തു നേടാനാണ്? മനോരോഗിയായ ഒരാളുടെ ജാതകം പരിശോധിച്ചാൽ, ദുർബലനായ ചന്ദ്രൻ ശനിയോടു ചേർന്നോ, അല്ലെങ്കിൽ 5–ാം ഭാവത്തിൽ ദുർബലതയുള്ള ശനിയോ, 5–ാം ഭാവം പാപക്ഷേത്രമായി അവിടെ ശനി നിൽക്കുകയോ നോക്കുകയോ ചെയ്യുകയോ, അല്ലെങ്കിൽ ഈ ഭാവത്തിനോ കാരക ഗ്രഹത്തിനോ ശനിയുമായി പഞ്ചപ്രകാരത്തിലുള്ള ശക്തിയേറിയ ബന്ധമോ ഉള്ളതായി കാണാം.

അഞ്ചാംഭാവത്തിലെ ശനിബന്ധം ഒരു വ്യക്തിയെ വിവേകശൂന്യനാക്കുക മാത്രമല്ല അവനെ അക്രമകാരിയും വിനയമില്ലാത്തവനും ഗൂഢപ്രവൃത്തികൾ ആലോചിക്കുന്നവനും വിദ്യാവിഹീനനും ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ പരാജിതനും സിദ്ധമന്ത്രങ്ങളോട് കൂടാത്തവനും ചീത്ത പ്രവൃത്തികളെപ്പറ്റി ആലോചിക്കുന്നവനും ആക്കുന്നു. ഇക്കൂട്ടർ സമൂഹത്തിൽനിന്ന് അകന്ന് ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളോടു കൂടാത്തവരും നിന്ദ്യമായ ഭാഷ പ്രയോഗിക്കുന്നവരും ലഹരിക്ക് അടിമപ്പെട്ടവരുമായിരിക്കും. അലഞ്ഞു തിരി‍ഞ്ഞ് നടക്കുന്നവരും മലിനമായ പ്രദേശങ്ങളിൽ താൽപര്യം ഉള്ളവരും ഏകാന്തവാസികളുമായിരിക്കും. ഇവർക്ക് സഹോദരാദികളിൽ താൽപര്യമോ ബന്ധങ്ങളോ ഉണ്ടായിരിക്കുകയില്ല. അല്ലെങ്കിൽ സഹോദരനാശമോ സഹോദരങ്ങൾക്കു രോഗമോ ഉണ്ടായിരിക്കും. ലാഭം ലഭിക്കാത്തവരും ചെലവ് ഏറിയവരും സാമ്പത്തിക കാര്യങ്ങളിൽ പരാജിതരുമായിരിക്കും. വിദ്യാഭ്യാസക്കുറവ്, ഉറക്കമില്ലായ്മ, നയനരോഗം, വാക്കുപിഴയ്ക്കൽ, സംസാരത്തിന് വ്യക്തത ഇല്ലായ്മ എന്നിവ ഇക്കൂട്ടരിൽ കാണാവുന്നതാണ്. ശരീരവളർച്ചയ്ക്ക് ഒത്ത ബുദ്ധിവികാസം ഇവർക്കുണ്ടായിരിക്കില്ല.

അഞ്ചാംഭാവത്തിൽ ശനി നിൽക്കുന്ന ജാതകന് സന്താന ദുഃഖമുണ്ടാകും. അയാൾക്ക് ദൈവിക കാര്യങ്ങളിൽ താൽപര്യമുണ്ടാവില്ല. ആഭിചാര പ്രവർത്തനങ്ങളുടെ ഫലമായി ഉദരരോഗം ഉണ്ടായിരിക്കും. 5 ലെ ശനി സുഖവും ദുഃഖവും ധനവും ദാരിദ്ര്യവും മാറി മാറി വരുത്തുന്നു. പൂർവജന്മത്തിലോ പൂർവപുണ്യത്തിലോ വിശ്വാസമുണ്ടാകാത്തതിനാൽ ജീവിതത്തിൽ മോക്ഷചിന്തയോ വിശുദ്ധമായ മാനസികാവസ്ഥകളോ ഉണ്ടാവുകയില്ല. പിതൃക്കൾക്ക് ബലികർമങ്ങൾ ചെയ്യില്ല. തൻനിമിത്തം കുലക്ഷയം സംഭവിച്ച് കുലം മുടിയും.

ശനിക്ക് പാപസംബന്ധം വന്നാലും ബലക്കുറവായാലും കൊള്ള, കൊല എന്നിവയിൽ താൽപര്യം ഉണ്ടാകും. ബലമുള്ള ശനിയായാൽ സാമാന്യം ഭേദമായ മാനസികാവസ്ഥയായിരിക്കും. എങ്കിലും ബന്ധുക്കളുമായി നിസ്സഹകരിക്കുക പതിവായിരിക്കും. വയറുവേദന, ദഹനക്കുറവ് തുടങ്ങിയ ഉദരവ്യാധികളുണ്ടാകും. വ്യാഴം, ചന്ദ്രൻ, ലഗ്നം ഇവയുടെ അഞ്ചിൽ ശനി നിന്നാൽ സന്താനനാശം ഉണ്ടാകും. 5ലെ ശനിയെ വ്യാഴം നോക്കിയാൽ 2 ഭാര്യമാരുണ്ടാകും. ശനി ശത്രുക്ഷേത്ര രാശിയിലോ നീചത്തിലോ ആവുകയും അത് 5–ാം ഭാവമായി വരുകയും ചെയ്താൽ ദുഷ്ടനും ക്രൂരനും ആചാരാനുഷ്ഠാനങ്ങൾ ഇല്ലാത്തവനുമായിരിക്കും. ബലവാനും ശുഭദൃഷ്ടിയുള്ളതുമായ ശനി മേൽപറഞ്ഞ ദോഷങ്ങൾ നൽകുകയില്ല. മാത്രമല്ല ശുഭഫലം ഏറിയും ഇരിക്കും.

ജാതകം വിദ്വാനും ഗ്രഹപൂജാതൽപരനും ശാസ്ത്രജ്ഞനുമായ ഒരു ദൈവജ്ഞനെക്കൊണ്ടു പരിശോധിപ്പിച്ച് ദോഷങ്ങളുണ്ടെങ്കിൽ വിധി പ്രകാരമുള്ള പ്രായശ്ചിത്തം, ദാനം, ജപം, ഹോമം എന്നിവ ചെയ്താൽ ദോഷങ്ങൾ മാറി ജീവിതസുഖാനുഭവവും മോക്ഷസിദ്ധിയും കൈവരും.

ജ്യോത്സ്യൻ: ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

പെരിങ്ങോട് പി.ഒ

Email: astronetpgd100@gmail.com

whatsapp: 8547019646

Ph: 9846309646

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.