Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി തിരുവാതിര ഞാറ്റുവേലയെ പ്രണയിച്ചതു വെറുതെയല്ല!

മഴ

ഞായറിന്റെ വേല ഞാറ്റുവേല എന്നറിയപ്പെടുന്നു. ഞായറിന്റെ അധിപൻ സൂര്യനാണ്. അപ്പോൾ ഞാറ്റുവേല എന്നാൽ സൂര്യന്റെ വേല തന്നെ. സമയം അഥവാ കാലം എന്നർഥത്തിലുള്ള വേളയാണ് വേലയായി അറിയപ്പെടുന്നത്. സൂര്യനെ അടിസ്ഥാനമാക്കി വർഷത്തിലെ മുന്നൂറ്റിയറുപത്തഞ്ചു ദിവസങ്ങളെ പതിനാലു ദിനങ്ങളായി ഭാഗിച്ചതാണ് ഓരോ ഞാറ്റുവേലയും. ഇങ്ങനെ ഇരുപത്തേഴു ഞാറ്റുവേലകൾ ഒരു വർഷത്തിൽ സംഭവിക്കുന്നു. 

അശ്വതി മുതൽ രേവതിവരെയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളുടെ പേരാണ് ഓരോ ഞാറ്റുവേലയ്ക്കും നൽകിയിരിക്കുന്നത്. ആദ്യ ഞാറ്റുവേലയായ അശ്വതി ഞാറ്റുവേല മേടത്തിൽ ആരംഭിക്കും. ഇതിൽ ഏറ്റവും പ്രധാനമാണ് തിരുവാതിര ഞാറ്റുവേല. ഈ വർഷം ജൂൺ 22 നു കടന്നുവന്ന തിരുവാതിര ഞാറ്റുവേല ജൂലൈ 6 വരെ കുളിരു പകർന്ന് ഇവിടെയുണ്ടാകും. സമൃദ്ധമായ സൂര്യപ്രകാശത്തോടൊപ്പം പെയ്തൊഴിയാത്തമഴയും തെക്കുപടിഞ്ഞാറൻ കാറ്റും ഒത്തുചേർന്ന ഉത്തമമായ കാലാവസ്ഥയാണ് തിരുവാതിര ഞാറ്റുവേലയിൽ.

പണ്ടുകാലത്ത് ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ് കാർഷിക ചക്രം രൂപപ്പെടുത്തിയിരുന്നത്. "തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ" എന്നാണ് പറയുക. അതായത് തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ അവസാനം നല്ല മഴ ലഭിക്കും എന്നാണു വിശ്വാസം.

എല്ലാക്കൊല്ലവും മിഥുനമാസത്തിൽ 6-7 ദിവസം പിന്നിടുമ്പോഴാണു തിരുവാതിര ഞാറ്റുവേല ആരംഭിക്കുക, ജൂൺ 21-22ന് അടുത്ത്. ജൂലൈ 5-6ന് അടുത്ത ദിവസങ്ങളിൽ അവസാനിക്കുകയും ചെയ്യും. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തമാകുന്ന നാളുകൾ. തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ എന്നതു വെറുമൊരു പഴഞ്ചൊല്ലല്ല, മലയാളിയുടെ അനുഭവമാണ്. കൊമ്പൊടിച്ചുകുത്തിയാൽ പോലും പൊടിക്കുന്ന കാലം. ഒന്നാം വിള നെല്ലിന്റെ ഞാറു പറിച്ചു നടുന്ന നാളുകൾ. കുരുമുളകുവള്ളിക്കു മുള പൊട്ടാൻ പറ്റിയ വേള. മണ്ണിന്റെ മണമുള്ള മലയാളി തിരുവാതിര ഞാറ്റുവേലയെ പ്രണയിച്ചതു വെറുതെയല്ല.

പണ്ട് വിദേശികൾ  കുരുമുളകുവള്ളികൾ അവരുടെ രാജ്യത്തേക്ക് കൊണ്ടുപോകാൻ സാമൂതിരി രാജാവിനോട് അനുമതി ചോദിച്ചു. അനുമതികൊടുത്തശേഷം "വള്ളി കൊണ്ടുപൊയ്ക്കോട്ടെ, അവർക്കു നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ പറ്റില്ലല്ലോ" എന്നായിരുന്നു സാമൂതിരിയുടെ ന്യായം. കേരളത്തിന്റെ മാത്രം അനുഗ്രഹമാണു തിരുവാതിരയുടെ പെരുമഴക്കാലം എന്ന ശാസ്ത്രീയ സത്യമാണ് സാമൂതിരി അന്ന് പറഞ്ഞത്.

തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം മനസ്സിലാക്കി വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും നമുക്ക് ഫലവൃക്ഷങ്ങൾ നടാൻ തുടങ്ങാം.പ്ലാവ്, മാവ് ,പേര ,ചാമ്പ  തുടങ്ങിയ എല്ലാ ഫലവൃക്ഷങ്ങളും ഈ സമയത്തു നട്ടാൽ പരിചരണമൊന്നും  കൂടാതെ തന്നെ തഴച്ചു വളരും.കേരളീയർക്ക് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വേളയാണ് തിരുവാതിര ഞാറ്റുവേല.ഈ കാലഘട്ടം പരമാവധി പ്രയോജനപ്പെടുത്താൽ ഓരോരുത്തരും ശ്രമിക്കണം