Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറെ പ്രധാനം കുമാരഷഷ്ഠി, വ്രതം അനുഷ്ഠിച്ചാൽ സർവഭാഗ്യങ്ങളും

കുമാരഷഷ്ഠി

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ക്ഷേമത്തിനും സർവൈശ്വര്യങ്ങൾക്കും  സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് . എല്ലാമാസത്തിലെയും   കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് വ്രതമെടുക്കേണ്ടത്. ജൂലൈ 18  ബുധനാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ  അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലായതിനാൽ കുമാര ഷഷ്ഠി എന്നറിയപ്പെടുന്നു.

 ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കുക. തലേന്ന് അതായത് പഞ്ചമിനാളിൽ ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുക. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം,  ഒരിക്കലൂണ് എന്നിവ  അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണവിടുന്നു. 

Murugan

ഒരിക്കൽ പാർവ്വതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു. ദുഃഖിതയായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നു. താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു എന്നും ഐതിഹ്യമുണ്ട്.ജാതകവശാൽ ചൊവ്വ അനിഷ്ടസ്ഥാനത്തു നിൽക്കുന്നവരും ചൊവ്വയുടെ  ദോഷമുള്ളവരും ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിനു ഉത്തമമാണ്.

വ്രതദിനങ്ങളിൽ പ്രഭാത സ്നാനത്തിനു ശേഷം 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കുന്നത് സന്താനങ്ങളുടെ ഇഷ്ടം നേടാനും അവരുടെ ഉയര്‍ച്ചയ്ക്കും ഉത്തമമാണ് .മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും,  ജാതകത്തില്‍  മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാവുന്നതാണ്.  

സുബ്രഹ്മണ്യ ഗായത്രി:

"സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്"

സുബ്രഹ്മണ്യ മന്ത്രം

ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ "ഓം വചത്ഭുവേ നമഃ" 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ' ഓം ശരവണ ഭവ: ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. 

സുബ്രഹ്മണ്യസ്തുതി   

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം 

രുദ്രസ്യ സൂനും സുരലോക നാഥം 

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം 

സ്കന്ദം വിശാഖം സതതം നമാമി 

സ്കന്ദായ  കാർത്തികേയായ 

പാർവതി നന്ദനായ ച 

മഹാദേവ കുമാരായ 

സുബ്രഹ്മണ്യയായ തേ നമ