Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തു ചോർത്തുന്ന കർക്കടകം: മറികടക്കാം രാമായണ മാസാചരണത്തിലൂടെ...

രാമായണമാസാചരണം

ജ്യോതിശാസ്‌ത്ര പ്രകാരം സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കുമ്പോൾ ചന്ദ്രന്റെ ബലം കുറയും. ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കടകം പിറക്കുന്നതോടെ ചന്ദ്രന്റെ ശക്‌തിക്ഷയം മൂലം മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കൽപം. അതിനാൽ ഈ മാസത്തിലുടനീളം വ്യക്‌തികൾക്കു സഹിഷ്‌ണുത, സഹനശക്‌തി, മനോനിയന്ത്രണം എന്നിവ കുറവായിരിക്കും. ‘ഇടവം, മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു; കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു’ എന്നൊരു ചൊല്ലു തന്നെയുണ്ട്. 

കർക്കടകത്തിൽ പൊതുവെ ഇടമുറിയാത്ത മഴയാണ്. സൂര്യകിരണങ്ങൾക്കു ശക്‌തി കുറയുന്നതിനാൽ രോഗാണുക്കൾ പെരുകുകയും രോഗസാധ്യത ഏറുകയും ചെയ്യും. കൃഷിപ്പണികളൊന്നും സാധ്യമല്ല. ഉൽസവങ്ങളോ ആഘോഷങ്ങളോ മംഗളകർമങ്ങളോ ഇല്ല. അതിനാൽ പഞ്ഞക്കർക്കിടകമെന്ന പേരും  ലഭിച്ചു.

രാമായണ മാസാചരണം കർക്കടകത്തിലെ ദുസ്ഥിതികൾ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ്. രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്പോൾ അതിലെ ശോകഭാവം നാം ഉൾക്കൊള്ളുകയാണ്. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നിൽ സാധാരണ മനുഷ്യരുടെ ആകുലതകൾക്ക് എന്തു പ്രസക്‌തിയാണുള്ളത്? ഈ ചിന്ത തന്നെ നമുക്ക് ആത്മീയ ബലം പകരും. കർക്കടകത്തിലെ രാമായണ പാരായണത്തിന്റെ ദൗത്യം ഈ ആത്മബലം ആർജിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുകയെന്നതാണ്.

കർക്കടകത്തിലുടനീളം രാമായണ പാരായണത്തോടൊപ്പം ലളിത ജീവിതചര്യയും ശീലമാക്കണം. വരുന്ന ഒരു വർഷത്തേക്കുള്ള ഊർജം ആവാഹിക്കാനുള്ള അവസരമാണിത്. പ്രത്യേക ഔഷധക്കൂട്ടുകൾ ചേർത്ത കഞ്ഞി, സുഖ ചികിൽസ, പത്തിലത്തോരൻ എന്നിവയൊക്കെ ഇക്കാലത്തു പതിവുണ്ട്. കാലാവസ്‌ഥാമാറ്റത്തിനനുസരിച്ച് മിതമായ ഭക്ഷണം, വിശ്രമം എന്നിവ അനിവാര്യമാണ്.

കർക്കടകം ദക്ഷിണായന കാലഘട്ടത്തിന്റെ  ആരംഭമാണ്. ഉത്തരായന കാലഘട്ടം  ദേവന്മാരുടെ വാസസ്‌ഥാനവും പുണ്യകാലമാണെന്നും ദക്ഷിണായന കാലം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം. പിതൃക്കൾക്ക് വളരെ പ്രിയപ്പെട്ട ദക്ഷിണായന കാലത്തു പിതൃപ്രീതിക്കായി പിതൃതർപ്പണം നടത്തണം. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തിൽ വരുന്ന കർക്കടകവാവ് ദിനത്തിലാണു തർപ്പണം നടത്തേണ്ടത്.