Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലമ്പല ദർശനം കർക്കിടകത്തിലെ പുണ്യം

രാമായണപുണ്യവുമായി വീണ്ടുമൊരു കർക്കിടകം കടന്നു വരുന്നു. കര്‍ക്കിടകമെന്ന് കേൾക്കുമ്പോൾ സാമാന്യ ജനങ്ങളുടെ ജീവിത ശൈലിയിൽ വ്യതിയാനങ്ങൾ വന്നുഭവിച്ചു. പഞ്ഞമാസമായ കർക്കിടകത്തിലാണ് ശരീരപുഷ്ടിക്ക് ആവശ്യമായ ആയുർവേദ ചികിത്സാ വിധികൾ, പിളളാരോണമായ തിരുവോണം, പിതൃക്കൾക്ക് കർക്കിടവാവു ബലി എന്നിവയെല്ലാം നടക്കുന്നത്. 41 ദിവസം ഭജനവും, ഗണപതി ഹോമവും, സുദർശന ഹോമവും, ഭഗവതി സേവയും ചില സ്ഥലങ്ങളിൽ ശ്രീചക്ര പൂജയും ചണ്ഡികാഹോമവും രാമായണപാരായണവും ഈ മാസത്തിൽ നിറഞ്ഞുനിൽക്കുന്നു. കർക്കിടമാസത്തിൽ ദശരഥ പുത്രന്മാരായ നാല് പേരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായി കരുതുന്നു. കേരളക്കരയിൽ ഇവർ നാല് പേരെയും തൊഴാൻ പറ്റുന്ന അമ്പലങ്ങള്‍ ചുരുക്കമാണ്. തൃശൂർ, കോട്ടയം, കണ്ണൂർ,മലപ്പുറം എന്നീ ജില്ലകളിൽ നാലമ്പല ദർശന സൗകര്യമുണ്ട്. 

തൃശൂർ നാലമ്പല മാഹാത്മ്യം

തൃശൂരിലെ നാലമ്പലത്തിന്റെ ഐതീഹ്യം ദ്വാരകയിൽ വസുദേവരും, ദേവകിയും പൂജിച്ചിരുന്ന ബാല വിഷ്ണു വിഗ്രഹവും, ശ്രീകൃഷ്ണ നും രുക്മിണി ദേവിയും, ദർശിച്ചു പോന്ന നാലമ്പല വിഗ്രഹങ്ങളും, ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണ ശേഷ പ്രളയം വന്നപ്പോൾ കടലിൽ കിടന്നു. കലിയുഗാരംഭത്തിൽ ബാലവിഷ്ണു വിഗ്രഹം ദേവഗുരുവും, വായു ദേവനും കൂടി കടലിൽ നിന്നും കണ്ടെടുത്തു ഗുരുവായൂരിൽ പ്രതിഷ്ഠ നടത്തി ഗുരുവായൂരപ്പനായി ആചരിച്ചു പോരുന്നു. പടിഞ്ഞാറൻ കടലിൽ ഒഴുകിയെത്തിയ 4 വിഗ്രഹങ്ങള്‍ മീൻപിടിക്കാൻ പോയ മുക്കുവരുടെ വലയിൽ പെടുകയും ആ വിഗ്രഹങ്ങളെ അയിരൂർ കോവിലകത്തെ കാര്യസ്ഥനായ വാകയിൽ കൈമള്‍ക്ക് സമ്മാനിക്കുകയും കൈമൾ ദേവപ്രശ്നം വെപ്പിച്ചപ്പോൾ ആ വിഗ്രഹങ്ങൾ ദ്വാരകയിൽ ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ചിരുന്ന ദശരഥ പുത്ര വിഗ്രഹങ്ങളാണെന്ന് തെളിയുകയും എവിടെയാണെന്ന് പ്രതിഷ്ഠിക്കേണ്ടതെന്ന് സംശയമുദിച്ചപ്പോൾ നാല് വിഗ്രഹങ്ങളിൽ നിന്നും ഓരോ പ്രാവുകൾ ഉയർന്നു വരുകയും ' ഈ പ്രാവുകൾ പറന്നു ചെന്നിരിക്കുന്നിടങ്ങളിൽ അതാതു വിഗ്രഹം പ്രതിഷ്ഠിക്കുക ' എന്ന അശരീരി ഉണ്ടാവുകയും ചെയ്തു. ശ്രീരാമ വിഗ്രഹത്തിൽ നിന്നും പറന്ന പ്രാവു ചെന്നിരുന്നത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ ഗുരുവായൂർ പാദയില്‍ നാട്ടികഗ്രാമത്തിൽ, ശ്രീപ്രിയ നദിയെന്നറിയപ്പെടുന്ന തൃപ്രയാർ പുഴയുടെ തീരത്താണ്, ഇന്നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രമെന്ന് അറിയപ്പെടുന്നു. ഭരത വിഗ്രഹത്തിൽ നിന്നും ഉയർന്ന പ്രാവ് ചെന്നിരുന്നത് തൃശൂർ കൊടുങ്ങല്ലൂർ പാദയിൽ ഇരിങ്ങാലക്കുടയിലാണ്, കൂടൽ മാണിക്യ ക്ഷേത്രമെന്ന് അറിയപ്പെടുന്നു. ലക്ഷ്മണ വിഗ്രഹത്തിലെ പ്രാവ് ചെന്നിരുന്നത് എറണാകുളം ജില്ലയില്‍ ആലുവ മാളറൂട്ടിൽ മൂഴിക്കുളത്താണ്, ഇന്നു തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രമെന്ന് അറിയപ്പെടുന്നു . ശത്രുഘ്ന വിഗ്രഹത്തിലെ പ്രാവ് ചെന്നിരുന്നത് തൃശൂർ ജില്ലയിലെ അരിപ്പാലത്ത് കൊടുങ്ങല്ലൂരിൽ ഇരിങ്ങാലക്കുട റൂട്ടിൽ വെള്ളാങ്ങല്ലൂർ കവലയിൽ നിന്നും 6 കി.മി. അകലെ പൂമംഗലം പഞ്ചായത്തിലാണ്. ഇന്നു പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നും അറിയപ്പെടുന്നു . ഇവയാണ് പിൽക്കാലത്ത് നാലമ്പലങ്ങളായി അറിയപ്പെടുന്നവ. 

ഒരേ ദിവസം വേണം നാലമ്പലദർശനം നടത്താനെന്നാണ് വിധി. ശ്രീകൃഷ്ണഭഗവാൻ അങ്ങനെയാണ് ദർശിച്ചു പോന്നത്. ശ്രീരാമനിൽ തുടങ്ങി ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ കൂടി ദർശിച്ച് സമാപിക്കുന്നു. തൃപ്രയാർ മുതൽ പായമ്മേൽ വരേയുളള ദൂരം 80 കി.മീ വരും ഇന്ന് വാഹന സൗകര്യങ്ങളുണ്ട്. എല്ലാ സമയത്തും നാലമ്പല ദർശനം പുണ്യമാണെങ്കിലും ദക്ഷിണായനവും രാമന്റെ അയനവുമായ രാമായണമാസത്തിൽ നാലമ്പല ദർശനം നടത്തുന്നതാണ് പുണ്യപ്രദം. ആദ്യം പിതൃക്കളെ ധ്യാനിച്ച ശേഷം ഹനുമാൻ ദർശനവും നടത്തിയ ശേഷമേ നാലമ്പല ദർശനം ആരംഭിക്കാവൂ. 

ഐതിഹ്യമായി മറ്റൊരു കഥ കൂടിയുണ്ട്. വാക്കയിൽ കൈമള്‍ക്ക് സമുദ്രത്തിൽ 4 വിഗ്രഹങ്ങൾ‌ ഒഴുകി നടക്കുന്നതായി സ്വപ്നദർശനമുണ്ടായി. അങ്ങനെ വാക്കയിൽ കൈമളുടെ നിർദേശപ്രകാരമാണ് മുക്കുവർ കടലിൽ നിന്ന് നാല് വിഗ്രഹങ്ങൾ കണ്ടെടുത്തതും നാല് സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചതും. വിഗ്രഹങ്ങളുടെ സവിശേഷതകൾ ദ്വാരകയിൽ ഭഗവാൻ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന ദശരഥ പുത്രരുടെ വിഗ്രഹങ്ങള്‍ നിർമ്മിച്ചത് ദേവശില്പിയായ വിശ്വകർമ്മാവാണ്. ഭൂമി പിളർന്ന് അന്തർദാനം ചെയ്ത സീതയെ കണ്ട് വസുന്ധരേ ' എനിക്കെന്റെ സീതയെ തരൂ' എന്നപേക്ഷിക്കുന്ന ഏകപതിയുടെ രൂപമാണ് ദേവശില്പി ശ്രീരാമ വിഗ്രഹത്തിൽ കല്പിച്ചത്. ഭരതനാകട്ടെ , യുദ്ധത്തിനായി ചിത്രകൂടത്തിലെത്തുന്ന രൂപമാണ്. രാമന്റെ വനവാസത്തിനു കാരണം മന്ഥരയാണെന്നു കേട്ട് അവരെ വധിക്കാനൊരുങ്ങിയ ശത്രുഘ്നനെ ഭരതൻ സമാധാനിപ്പിക്കുന്നതാണ് ശത്രുഘ്ന വിഗ്രഹം. പശ്ചാത്തപിക്കുന്ന സൗമിത്രിയുടെ ഭാവമാണ് ലക്ഷ്മണ വിഗ്രഹത്തിന്. ഇവ കൂടാതെ രുക്മിണിക്ക് പൂജിക്കാനായി ഒരു ആഞ്ജനേയ വിഗ്രഹം കൂടി ദേവശില്പി നിർമ്മിച്ചു. ദിവസവും പ്രഭാതത്തിൽ ധർമ്മ പത്നിയായ രുക്മിണി ദേവിയുമൊന്നിച്ച് ഭഗവാൻ ദ്വാരകയിലെ ഈ അഞ്ച് വിഗ്രഹങ്ങളും കണ്ടിരുന്നു. പിതൃക്കളെ മനസ്സിൽ വിചാരിച്ച്, ഹനുമാനെ ദർശിച്ചശേഷമാണ് ദശരഥ പുത്രരെ കണ്ടിരുന്നത്. ഇന്ന് അമൃത സ്വരൂപികളായ ഭക്ത ജനങ്ങളും നാലമ്പലദർശനത്തിന് പുറപ്പെടും മുമ്പ് പിതൃക്കളെയും ഹനുമാനെയും തൊഴണമെന്നത് നിർബന്ധമാണ്.

തൃപ്രയാർ ശ്രീരാമക്ഷേത്രം

thriprayar.jpg.image.784.410

തൃപ്രയാർ ശ്രീരാമൻ കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും പ്രസിദ്ധവും പ്രാചീനവുമായ രാമക്ഷേത്രമാണിത്. തൃശൂർ നഗരത്തിൽ നിന്നും 25 കി.മീ പടിഞ്ഞാറായി ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും മധ്യേ തീരദേശീയ പാതയിൽ കനോലിപ്പുഴയുടെ തീരത്ത് അമ്പലം സ്ഥിതി ചെയ്യുന്നു. ഇവിടെ തൊഴുതതിനു ശേഷമേ മറ്റു സ്ഥലങ്ങളില്‍ പോകാൻ പാടുളളൂ. ശാന്തമായ അന്തരീക്ഷവും പ്രകൃതി പശ്ചാത്തലവും ഭക്തരുടെ നീറുന്ന മനസ്സുകൾക്ക് സ്വസ്ഥതയും സമാധാനവുമേകുന്നു. അമ്പലത്തിന് 600 ൽ പരം വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ശ്രീരാമ വിഗ്രഹപ്രതിഷ്ഠയെക്കുറിച്ച് ചിന്തിക്കവേ ഒരു അശരീരി കേൾക്കാനിടയായത്രേ. സമയമാവുമ്പോൾ ഒരു പക്ഷി പറന്നു വരുമെന്നും അത് വട്ടമിട്ടു പറക്കുന്നതിന് താഴെ വേണം പ്രതിഷ്ഠ നടത്തേണ്ടതെന്നുമായിരുന്നു അശരീരി. മതാചാരപ്രകാരം നിർമ്മിച്ച പ്രതിഷ്ഠാ ദിനം സമാഗതമായെങ്കിലും പക്ഷിയെ കാത്തു നിന്ന പണ്ഡിതർക്ക് പക്ഷിയെ കാണാൻ സാധിക്കാതെ വരികയും നിരാശരരായി മഹൂർത്തത്തിൽ തന്നെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. അപ്പോൾ പക്ഷി പ്രത്യക്ഷപ്പെട്ട് അത് വട്ടമിട്ടതിന്റെ താഴെയാണ് വലിയ ബലിക്കല്ല് സ്ഥിതി ചെയ്യുന്നത് എന്ന് പൂർവ്വികർ പറയുന്നു. അതുകൊണ്ട് ഈ ബലിക്കല്ലിന് പ്രധാന പ്രതിഷ്ഠയുടെ മഹത്വമാണു കല്പിക്കുന്നത്. പിൽക്കാലത്ത് ബലിക്കല്ല് ഇളകിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് പറച്ചി പെറ്റ പന്തീരുകുലത്തിൽ പ്രമുഖരായ നാറാണത്തു ഭ്രാന്തൻ തൃപ്രയാർ ക്ഷേത്രത്തില്‍ ദർശനത്തിനെത്തുകയും ബലിക്കല്ലിളകുന്നതു കണ്ട് അദ്ദേഹം അതുറപ്പിക്കപ്പെട്ടെന്നും ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം വില്വമംഗലം സ്വാമിയാർ ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ശ്രീദേവിയും ഭൂമിദേവിയും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടത്തിലൂടെ ശ്രീരാമനെ പൂജിക്കാൻ വരുന്നത് കണ്ട് അദ്ഭുതപ്പെട്ടത്രേ. പ്രതിഷ്ഠ

യുടെ അപാകത നികത്തുന്നതിനായി ഈ രണ്ടു ദേവിമാരെയും അദ്ദേഹം ഇടത്തും വലത്തുമായി പ്രതിഷ്ഠിച്ച് പടിഞ്ഞാറേ കവാടം അടച്ചിട്ടു പോകുകയും ചെയ്തു. ഇന്നും ശ്രീകോവിലിന്റെ പടിഞ്ഞാറെ കവാടം അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നും ശ്രീകൃഷ്ണ ദർശനം സ്വാമിയാർക്ക് കിട്ടിയതായും ഐതിഹ്യങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയതും പഴക്കമുളളതുമായ വലിയവട്ടശ്രീകോവിലിൽ കിഴക്കു ദർശനമായി ശംഖ് ചക്ര ഗദയും അക്ഷരമാലയുമായി ശ്രീരാമന്റെ ചതുർബാഹുവായ വിഗ്രഹവുമാണ് പ്രതിഷ്ഠ. വടക്കു ഭാഗത്തായി ഗോശാല കൃഷ്ണന്റെയും ക്ഷേത്രമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതിയും. ധർമ്മശാസ്താവും, ദക്ഷിണാ മൂർത്തിയും ഹനുമാന്റെ സാന്നിദ്ധ്യവുമുണ്ട്. ചാത്തന്റെയും സങ്കല്പമുണ്ട്. മീനൂട്ട്, വെടിവഴിപാട്, അവൽ നിവേദ്യം, നെയ്പ്പായസം, തട്ടം എന്നിവയാണ് പ്രധാനവഴിപാടുകൾ. മഹാബലിയിൽ നിന്നും മൂന്നടി മണ്ണ് ദാനം വാങ്ങിയ വാമനൻ വിശ്വരൂപം പൂണ്ട് ആദ്യത്തെ അടി അളക്കാൻ ഉയർത്തിയ വേളയിൽ സത്യലോകത്തിലേക്ക് ഉയർന്നു പൊങ്ങിയ പാദത്തിലെ പെരുവിരലിലെ നഖം കൊണ്ട് അണ്ഡകടാഹത്തിന്റെ മുകൾ ഭാഗത്ത് ചെറിയ ക്ഷതമുണ്ടായി. ആ വിളളലിലൂടെ ആദി ഗംഗാ തൃപ്പാദങ്ങളിൽ വീണ ശേഷം താഴേക്കൊഴുകി ഭൂമിയിലെത്തി തൃപ്പയാറായി. ഇത് ലോപിച്ച് തൃപ്രയാറായി. അത് കുടികൊളളുന്ന ദേവൻ തൃപ്രയാറ്റു ദേവനായി.

പൂജ : കർക്കിടകമാസത്തിൽ 3.30ന് നടതുറക്കും 12.30 ന് അടക്കും. പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ച് പൂജകളും മൂന്ന് ശീവേലികളുമുണ്ട്. നിർമ്മാല്യ ദർശനവും, അത്താഴപൂജ തൊഴുന്നതും ശ്രേയസ്കരമാണ്. അത്താഴ ശീവേലിക്ക് സ്വർഗലോകത്തെ ദേവന്മാരെല്ലാം ഈ സമയത്തിവിടെത്തുന്നു എന്നാണ് വിശ്വാസം. കൊടിയേറി ഉത്സവം പതിവില്ല. ആറാട്ടു പുഴ പൂരത്തിന്റെ നായകത്വം ശ്രീരാമനാണ്. 108 ദേവീ ദേവന്മാർ പങ്കെടുത്തിരുന്നെന്ന് ഐതീഹ്യം. ഇപ്പോൾ 23 ക്ഷേത്രങ്ങളാണ് പങ്കെടുക്കുന്നത്. തൃപ്രയാറപ്പനെ ഭജിക്കുന്നത് കഠിന ശത്രുദോഷങ്ങളിൽ നന്നും മോചനവും, ബാധാ ഉപദ്രവത്തിൽ നിന്നും രക്ഷ നേടാനും സാധിക്കും. നേരിട്ടെത്തി തൊഴാൻ സാധിക്കാത്തവർ ഗ്രഹത്തിലിരുന്ന് തൃപ്പയാറപ്പനെ പ്രാർത്ഥിച്ചാൽ ദുരിത മോചനവും ഐശ്വര്യ വർദ്ധനവും ഉറപ്പ്. 

കൂടൽമാണിക്യ ഭരതക്ഷേത്രം 

koodalmanikyam.jpg.image.784.410

തൃപ്രയാറിൽ നിന്നും ഭക്തർ എത്തേണ്ടത് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലാണ്. ഭരതനാണ് വിഗ്രഹം. ഉപദേവതമാരില്ല. മൂന്ന് കൈകളിൽ കോദണ്ഡം, ചക്രം, ശംഖ് എന്നിവയും അഭയ മുദ്രയോടു കൂടിയതുമായ പ്രതിഷ്ഠ. ഇരുനില വട്ട ശ്രീകോവില്‍ കിഴക്ക് ദർശനമായി നിലകൊളളുന്നു. പ്രതിഷ്ഠ ഭരതന്റേതെങ്കിലും പൂജകൾ മഹാവിഷ്ണിവിനാണ്. വിഗ്രഹത്തിൽ കണ്ട മാണിക്യകാന്തി പരിരക്ഷിക്കാൻ കായംകുളം രാജധാനിയിൽ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തു വച്ചപ്പോൾ അത് വിഗ്രഹത്തിൽ ലയിച്ചു ചേർന്നു എന്നാണ് ഐതിഹ്യം. അന്ന് മുതലാണ് കൂടൽമാണിക്യക്ഷേത്രമെന്നറിയപ്പെടുന്നതത്രേ. പൂജയ്ക്ക് ചന്ദനത്തിരിയും കര്‍പ്പൂരവും ഉപയോഗിക്കില്ല. ഉപദേവതയില്ല, ദീപാരാധനയില്ല, വിഷ്ണു ക്ഷേത്രമെങ്കിലും പ്രദക്ഷിണം ശിവനെപ്പോലെ അപൂർണ്ണമാണ്. വയറു വേദനയ്ക്കും മലബന്ധത്തിനുമുള്ള വഴുതനങ്ങ നിവേദ്യം, ശ്വാസകോശരോഗത്തിന് മീനൂട്ട്, അഭീഷ്ടസിദ്ധിക്ക് താമരമാല, ആൺകുട്ടിക്ക് കടുംപായസം, പെൺകുട്ടിക്ക് വെളള നിവേദ്യം എന്നിവയാണ് ഇവിടുത്തെ വഴിപാട്. തെറ്റി തുളസി എന്നിവ ഇവിടെ വളരില്ല. ക്ഷേത്രക്കുളത്തിൽ മത്സ്യമൊഴികെ മറ്റൊരു ജലജന്തുക്കളും ഉണ്ടാകാറില്ലെന്നത് പ്രത്യേകതയാണ്. ഹനുമാൻ പ്രതിഷ്ഠയില്ല. പുത്തരിനേദ്യം പ്രസിദ്ധമാണ്.

തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം

thirumuzhikkulam-lakshmana-temple

എറണാകുളം ജില്ലയിൽ ആലുവാമാള റൂട്ടിൽ മൂഴിക്കുളത്താണ് ലക്ഷ്മണന്റെ ഈ ക്ഷേത്രം. വൈഷ്ണവ ഭക്തരായ ആഴ്വാന്മാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ തിരുപ്പദികളിലൊന്നാണിതും. ഇരുനിലവട്ട ശ്രീകോവിലിൽ കിഴക്കു ദർശനമായി ആറടിയോളം ഉയരമുണ്ട്. ചതുർബാഹു വിഗ്രഹമാണ് പ്രതിഷ്ഠ. പീഠത്തിൽ തന്നെ ഹനുമാന്റെ സാന്നിധ്യമുണ്ട്. ആദിശേഷന്റെ അവതാരമായി ഈ തിരുമൂഴിക്കുളത്തപ്പനെ കാണുന്നു. ശിവന്‍, ഗണപതി, ശ്രീരാമൻ, സീത, ശാസ്താവ്, ഭഗവതി, ഗോശാല കൃഷ്ണൻ എന്നിവർ ഉപദേവതകൾ. പാൽപ്പായസം, ഒറ്റയപ്പം, അവൽ അരവണ, കദളിപ്പഴം എന്നിവ വഴിപാട്. ക്ഷിപ്ര കോപിയാണെങ്കിലും തിരുമൂഴിക്കുളത്തപ്പൻ ക്ഷിപ്ര പ്രസാദിയുമാണ്. ഇവിടെ ദർശിക്കാനാണ് ഏറെ ബുദ്ധിമുട്ട്. കൂടൽമാണിക്യക്ഷേത്ര ത്തിൽ നിന്നും പ്രഭാത പൂജ കഴിഞ്ഞ് തിടുക്കത്തിൽ പോന്നാലെ മൂഴിക്കുളത്ത് പ്രഭാതപൂജയ്ക്ക് എത്താൻ കഴിയൂ. മൂഴിക്കുളത്തെ ഉച്ചപൂജയ്ക്കു നിന്നാൽ പായമ്മേൽ ഉച്ചപൂജ തൊഴാൻ പ്രയാസപ്പെടും. നടക്കാത്ത കാര്യം പോലും നടത്തി തരുന്നയാളാണ് ഇവിടുത്തെ ദേവൻ. സന്താനലബ്ധിക്കും, സർപ്പദോഷ നിവാരണത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും മൂഴിക്കുളത്തപ്പൻ പ്രസിദ്ധമാണ്. 

പായമ്മൽ ശത്രുഘ്നക്ഷേത്രം 

payammal-sathrugna-temple

തൃശൂർ ജില്ലയിലെ അരിപ്പാലത്ത് കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടിൽ വെളളാങ്ങല്ലൂർ കവലയിൽ നിന്നും ആറു കിലോ മീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ് പായമ്മൽ ശത്രുഘ്നക്ഷേത്രം. ചതുരാകൃതിയിലുളള ശ്രീകോവിലിൽ കിഴക്കു ദർശനമായി മൂന്നര അടിയോളം ഉയരമുളള ശത്രുഘ്ന വിഗ്രഹം. സുദർശന ചക്രത്തിന്റെ അവതാരമെന്ന് ഐതിഹ്യം. പ്രായത്തിൽ അവസാനമാണെങ്കിലും ലവണാസുരന വധിച്ച ഈ ദശരഥപുത്രൻ നാലമ്പലദർശനത്തിന്റെ അവസാന പാദത്തിലാണ് കുടികൊളളുന്നത്. ദേവശില്പി ഒരേ വലിപ്പത്തിലുള്ള നാല് വിഗ്രഹങ്ങളുണ്ടാക്കാനാണ് തീരുമാനിച്ചത്. മറ്റു മൂന്നും ആറടിയിൽ ഉണ്ടാക്കിയപ്പോൾ ശത്രുഘ്നനൻ ദേവ ശില്പിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞുവത്രേ - എന്റെ ജ്യേഷ്ഠന്മാരെല്ലാം എല്ലാം കൊണ്ടും എന്നെക്കാൾ വലിയവരാണ്. അവർക്കൊപ്പം എനിക്ക് വലിപ്പം വേണ്ട. അങ്ങനെ മൂന്നര അടിയിൽ വിഗ്രഹം പണിയുകയായിരുന്നത്രേ. ശ്രീകോവിലിനുമുണ്ട് പ്രത്യേകത. മറ്റു മൂന്ന് പേരുടെയും വട്ടശ്രീകോവിലാണെങ്കിൽ ഇവിടെ ചതുര ശ്രീകോവിലാണ്, ശാന്തസ്വഭാവമാണ്. ധർമ്മ പത്നിയായ ശ്രുതകീർത്തി സാന്നിദ്ധ്യവുമുണ്ട്. പിൻവിളക്കു കത്തിക്കേണ്ടതാണ്. ഉപദേവനായി വിഘ്നേശ്വരൻ മാത്രമേ ഉളളൂ. ശത്രുദോഷത്തിനും ശാന്തിക്കും സുദര്‍ശനപുഷ്പാ‍ഞ്ജലിയും, സുദർശന സമർപ്പണവുമുണ്ട്. 

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24,

Neyyasseri Puthen Veedu Kothalam Road,

Kannimel Fort Trivandrum -695023

Phone Number- 9497009188