Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതങ്ങൾ ഒഴിയാൻ കർക്കടകത്തിൽ ഭഗവതിസേവ

Devi

വ്രതാനുഷ്ഠാനങ്ങൾക്കു ഉത്തമമായ മാസമാണ് കർക്കടകം. കർക്കടക മാസത്തിൽ നടത്തുന്ന വഴിപാടുകൾക്കും പൂജകൾക്കും പ്രത്യേക ഫലസിദ്ദിയുണ്ടെന്നാണ് വിശ്വാസം . പണ്ടുകാലങ്ങളിൽ വർഷത്തിലൊരിക്കൽ സ്വന്തം ഗൃഹത്തിൽ വെച്ചു ഗണപതിഹോമവും ഭഗവതി സേവയും നടത്തിപോന്നിരുന്നു. ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർധിക്കാൻ കർക്കിടകമാസത്തിൽ ഭഗവതി സേവ നടത്തുന്നത് അത്യുത്തമമാണ്.ഭഗവതി സേവ മാത്രമായി ഭവനത്തിൽ നടത്തരുത്. വിഘ്‌നനിവാരണനായ ഗണപതിപ്രീതിക്കായി ഗണപതിഹോമവും ഭഗവതിസേവയോടപ്പം  നടത്തണം. സാധാരണയായി ഗണപതിഹോമം പുലർച്ചെയും ഭഗവതിസേവ സന്ധ്യയ്ക്കു ശേഷവുമാണ് ഭവനത്തിൽ നടത്തുന്നത്.

പൂജ ചെയ്യുന്നതിന്റെ തലേന്ന് മുതൽ ഒരുക്കങ്ങൾ ആരംഭിക്കണം.വീട് അടിച്ചു തുടച്ചു വൃത്തിയാക്കി പുണ്യാഹം  തളിച്ച് ശുദ്ധി വരുത്തുക.പൂജയുടെ തലേന്നും പിറ്റേന്നും ഭവനത്തിൽ മത്സ്യമാംസാദികൾ ഒഴിവാക്കണം. പൂജാമുറിയിലോ ഭവനത്തിന്റെ വടക്കു കിഴക്കു ഈശാനകോണിൽ പൂജക്കായി പ്രത്യേക സ്ഥാനം നിർണ്ണയിക്കണം.ഭഗവതിയെ വാൽക്കണ്ണാടിയിലോ പ്രത്യേക പീഠത്തിലോ സങ്കൽപിച്ചാണ് പൂജ നടത്തുന്നത്. കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കുചേരണം. 

ദേശഭേദങ്ങൾ അനുസരിച്ച് ചടങ്ങിൽ വ്യത്യാസങ്ങൾ കാണാറുണ്ട്. ചിലയിടങ്ങളിൽ  രാവിലെ ഗണപതിഹോമവും ഉച്ചയ്ക്ക് വിഷ്ണുപൂജയും വൈകിട്ടു ഭഗവതിസേവയും ഉൾക്കൊള്ളുന്ന  ത്രികാലപൂജയും നടത്താറുണ്ട് .ഒരു വർഷത്തേക്കുള്ള  എല്ലാ ദോഷങ്ങളും ദുരിതങ്ങളും ഒഴിയുക എന്ന സങ്കൽപ്പത്തിലാവാം  കർക്കിടകമാസത്തിൽ  ഈ പൂജകൾ ഭവനത്തിൽ  നടത്തിയിരുന്നത്. കാലക്രമേണ ഈ അനുഷ്ഠാനങ്ങൾക്കു പ്രചാരം കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ  ഇന്നും ഇവ നടത്താറുണ്ട്.