Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലേശവും ദോഷവുമകറ്റും ഹനൂമാൻ ചാലിസ

Hanuman

രാമഭക്തനും പ്രശസ്തകവിയുമായ  തുളസീദാസ് ആണ് ഹനൂമാൻ ചാലിസ രചിച്ചത്. നാൽപതു ശ്ലോകങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് ചാലിസ എന്ന നാമധേയം വന്നത്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ  ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും ആവണം ജപം എന്നു മാത്രം. ഹനൂമാൻ സ്വാമിക്ക്  എല്ലാ സന്ധ്യയിലും തർപ്പണമുള്ളതിനാൽ സന്ധ്യാസമയത്ത് ചാലിസജപം ഒഴിവാക്കണം. നിത്യേന പ്രഭാതത്തിൽ ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് ഊർജം നമ്മിൽ  നിറയുമെന്നും ആ ദിനം ഗുണപ്രദമാകുമെന്നുമാണ് വിശ്വാസം. തുടർച്ചയായി ജപിച്ച് കഴിയുമ്പോൾ അറിയാതെ തന്നെ ഇവ ഓർമയിൽ  തെളിയും. നിഗൂഢ ദിവ്യത്വം നിറഞ്ഞതാണ് ഈ നാൽപതു ശ്ലോകങ്ങളും 

ഹനൂമാൻ ചാലിസ ജപിക്കുന്നതിലൂടെ ശനിയുടെ  ദോഷകാഠിന്യം  കുറയും. ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന്  ശനിയാഴ്ച തോറും ചാലിസ ജപിച്ചാൽ ജീവിതത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കുമെന്നു ഭക്തർ കരുതുന്നു. ശത്രുദോഷം, ബാധദോഷം എന്നിവയിൽനിന്നു മുക്തി ലഭിക്കും. ഹനൂമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിനു പിന്നിലൊരു  കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനൂമാനാണ്. ആ സന്തോഷത്തിൽ ഹനൂമദ്‌‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്.

ഭയപ്പെടുത്തുന്ന ചിന്തകൾ അകറ്റാനും ദുഃസ്വപ്നം കാണാതിരിക്കാനും ചാലിസ ജപം നന്ന്. ഹനൂമാൻ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങൾ  ജപിക്കുന്നതിലൂടെ ഈജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളിൽനിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉത്തമഭക്തിയോടെ ജപിച്ചാൽ തന്റെ ഭക്തനെ യാതൊരുവിധത്തിലുള്ള ക്ലേശങ്ങളിലും അകപ്പെടാതെ ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം . 

ഹനൂമാനു ചാലിസ ജപിക്കുന്നതുപോലെതന്നെ ഉത്തമമത്രേ ഭക്തിയോടെ ആ ജപം കേൾക്കുന്നതും. ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണത്. ചാലിസ നിത്യേന ജപിച്ചാൽ ദൈവികമായ ആത്മജ്ഞാനം, ധൈര്യം, മനോനിയന്ത്രണം, ബുദ്ധിശക്തി എന്നിവ സ്വായത്തമാകുമെന്നും അലസതയും മടിയും നീക്കി ജീവിതം കാര്യക്ഷമമാകുമെന്നും ജീവിതശൈലീ രോഗങ്ങൾപോലും മാറി നിൽക്കുമെന്നും കരുതപ്പെടുന്നു.

ചാലിസ ജപത്തിലൂടെയോ ശ്രവണത്തിലൂടെയോ ലഭ്യമാകുന്ന ഊർജം ദുഷ്ടചിന്തകളെയും ദുശ്ശീലങ്ങളെയും നീക്കി വ്യക്തികളെ നവീകരിക്കുമെന്നും വിയോജിപ്പുകളും തർക്കങ്ങളും വഴക്കുകളും നീക്കി കുടുംബജീവിതത്തിൽ ഐക്യവും സന്തോഷവും സമാധാനവും നിറയ്ക്കുമെന്നും വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.