ആ ആചാരങ്ങളൊക്കെയും വെറുതെയായിരുന്നില്ല!

പഴമക്കാർ വീട്ടിൽ ഭക്ഷണം തയാറാക്കിക്കഴിഞ്ഞാൽ അൽപമെടുത്തു അടുപ്പിലും പുറത്തേക്കും തൂകുന്ന പതിവുണ്ടായിരുന്നു. കൊതികിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുമെങ്കിലും യഥാർഥത്തിൽ അഗ്നിദേവനും ഭൂമിദേവിക്കും ആദരവോടെയുള്ള സമർപ്പണമായിരുന്നു ഈ ആചാരം. അന്നം തരുന്ന ഭൂമിദേവിയെയും അഗ്നിദേവനെയുമൊക്കെ ആരാധിച്ച് അവർക്കു സമർപ്പിച്ചതിനു ശേഷം മാത്രം നാം ഭക്ഷിക്കുക എന്നതായിരുന്നു ഇത്തരം ആചാരങ്ങളുടെ കാതൽ. അത്രയേറെ ആദരവോടെയാണ് പഴമക്കാർ ഭക്ഷണം കഴിച്ചിരുന്നത്.

എന്നാൽ, കാലം മാറി. ഇത്തരം ആചാരങ്ങൾ ഇല്ലാതായി. നാം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ മണ്ണിലേക്ക് അലക്ഷ്യമായി വലിച്ചെറിയുകയെന്ന ‘ആചാരം’ ആണ് ഇപ്പോഴുള്ളത്. ഇവിടെയാണ് പഴമക്കാരുടെ ആചാരങ്ങളുടെ പ്രസക്തി. പഴമക്കാർ പ്രകൃതിയിലെ എന്തിനെയും ആരാധിച്ചിരുന്നു. 

നാം കഴിക്കുന്ന ആഹാരത്തെപ്പോലും ദൈവമായി സങ്കൽപിച്ചവരാണു പൂർവികർ. അന്നമയമാണു ശരീരമെന്ന്  അവർക്കറിയാമായിരുന്നു. ഭക്ഷണത്തിനു മുൻപും ഭക്ഷണ ശേഷവും പ്രാർഥിക്കുന്നത് ആചാരത്തിന്റെ ഭാഗമായിരുന്നു .അതുപോലെ അമിതമായി വാരി വലിച്ചു കഴിക്കാതെ പ്രാതല്‍ രാജാവിനെ പോലെയും ഊണ് രാജകുമാരനെ പോലെയും അത്താഴം ദരിദ്രനെ പോലെയും കഴിക്കുന്നതായിരുന്നു പഴമക്കാരുടെ രീതി. ഇന്ന് ഭക്ഷണം കഴിക്കുന്നതിനു സമയവും കാലവുമില്ലാതായിരിക്കുന്നു.

ഭക്ഷണത്തിനു മുൻപായി പ്രാർഥിക്കേണ്ട മന്ത്രം

അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ 

ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി 

ഭക്ഷണശേഷം ജപിക്കേണ്ട മന്ത്രം

അമൃതാഭി ധാനമസി അന്നദാതാ  സുഖീ ഭവ:

ഒരു നേരത്തെ വിശപ്പടക്കാൻ പോലും ആഹാരമില്ലാത്ത ആയിരങ്ങൾ നമുക്കു ചുറ്റും ജീവിക്കുമ്പോൾ, അന്നം പാഴാക്കരുത്.