Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഖ്യാശാസ്ത്രം പറയും നിങ്ങളുടെ സ്വഭാവ രഹസ്യങ്ങൾ

Numerology

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം. മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ, അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ  സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത്. 

ഒരു വ്യക്തിയുടെ വ്യക്തിത്വം എന്താണെന്നതിനെപ്പറ്റിയും അയാളുടെ ജീവിതത്തെക്കുറിച്ചും ഏതു തൊഴിൽ തെരെഞ്ഞെടുക്കണമെന്നതിനെ സംബന്ധിച്ചുമെല്ലാം വലിയ ധാരണ നല്കാൻ സംഖ്യാശാസ്ത്രത്തിനു കഴിയും. മനുഷ്യർ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന, അല്ലെങ്കിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ പ്രധാനമായും സ്വന്തം ആരോഗ്യത്തെക്കുറിച്ചും സാമ്പത്തികമായ ഉയർച്ചയെക്കുറിച്ചും വൈവാഹിക കാര്യങ്ങളെക്കുറിച്ചുമെല്ലാമാണ് അതിനുള്ള ഉത്തരങ്ങളെല്ലാം നിഷ്പ്രയാസം നൽകാൻ കഴിയുന്ന ഒരു സുപ്രധാന ശാസ്ത്രമാണിത്. 

സംഖ്യാശാസ്ത്രം ഇന്ത്യയിൽ കണക്കുകൂട്ടുന്നത്  ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾക്ക് ഓരോ അക്കങ്ങൾ നൽകിയാണ്. അതിപ്രകാരമാണ്– A, I, J, Q, Y എന്നീ അക്ഷരങ്ങൾക്ക്  1ഉം  B, K, R - 2ഉം, C, G, L, S -3ഉം ,D, M, T- 4ഉം, E, H, N, X- 5ഉം, U, V, W- 6ഉം,  O, Z-7, F, P- 8ഉം. ഈ അക്കങ്ങളാണ് ഓരോ വ്യക്തിയുടെയും ഭാഗ്യനിർഭാഗ്യങ്ങൾ നിർണയിക്കുന്നത്.  സംഖ്യാശാസ്ത്രത്തെ കൂടുതലറിയാനും ആ ശാസ്ത്രത്തിന്റെ ഗുണപരമായ കാര്യങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും പലരുമിപ്പോൾ ശ്രമിക്കുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോൾ അതിന്റെ പേരിടലുമായി ബന്ധപ്പെട്ടാണ് കൂടുതൽപേരും സംഖ്യാശാസ്ത്രത്തെ ആശ്രയിക്കുന്നത്. ഒരു പേരിന്റെ ആദ്യത്തെ അക്ഷരം, വ്യക്തിയുടെ വ്യക്തിത്വത്തെയും  ആഗ്രഹങ്ങളെയും ചിന്തകളെയുമാണ് സൂചിപ്പിക്കുന്നത്. വ്യക്തിയുടെ സ്വഭാവവും  കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനവും വീട്ടുപേരിൽ നിന്നും വ്യക്തമാകും. 

സംഖ്യാശാസ്ത്ര പ്രകാരമാണ് ഒരു കുഞ്ഞിന് പേരിട്ടിരിക്കുന്നതെങ്കിൽ, ആ സംഖ്യ വെളിപ്പെടുത്തി തരും അവൻ/അവൾ  ജീവിതത്തിൽ വിജയിക്കുമോ? സ്വഭാവം എപ്രകാരമായിരിക്കും? ശുഭാപ്തിവിശ്വാസമുള്ള ആളാണോ അല്ലയോ എന്നീകാര്യങ്ങളെല്ലാം. അവന്റെ/അവളുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുക ഏതു തരത്തിലുള്ള ആളുകളായിരിക്കും എന്നുള്ള കാര്യങ്ങളും അറിയാൻ സാധിക്കും. ഏതു തരത്തിലുള്ള ജീവിതമായിരിക്കും ആ കുഞ്ഞ് നയിക്കുക, എന്ത് തരത്തിലുള്ള ഭീഷണികളാണ് നേരിടേണ്ടി വരുക, എന്തെല്ലാം അവസരങ്ങൾ അവർക്കു ലഭിക്കും എന്നീ കാര്യങ്ങളെക്കുറിച്ചും  വ്യക്തമായ ധാരണ വളർത്തിയെടുക്കാൻ  സംഖ്യാശാസ്ത്രം സഹായിക്കും. 

ജനന തീയതിയിലൂടെ ലഭിക്കുന്ന സംഖ്യയും പേരിലൂടെ ലഭിക്കുന്ന സംഖ്യയും സംഖ്യാശാസ്ത്രത്തിൽ വ്യത്യസ്‍തമാണ്. ജനനതീയതി സമ്മാനിക്കുന്ന സംഖ്യയ്ക്കാണ് പേര് നൽകുന്ന സംഖ്യയെക്കാളും പ്രാധാന്യം. ജനനസംഖ്യയ്ക്ക് അനുസരിച്ചാണ്, ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഏതുപേരാണ് നൽകേണ്ടതെന്ന തീരുമാനമെടുക്കുന്നത്.

വളരെ അർത്ഥവത്തും ശക്തവുമായ ഒരു പേര് കുഞ്ഞിന് നല്കുന്നത് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വിജയം കൈവരിക്കാൻ അവരെ സഹായിക്കും. വേദങ്ങൾ നിർദ്ദേശിക്കുന്ന ചില സംഖ്യകൾ, ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 3 എന്ന വേദസംഖ്യ പുതുമകൾ അന്വേഷിക്കുന്ന ഒരു വ്യക്തിയെയും 7 എന്ന വേദസംഖ്യ അധ്യയനം നടത്തുന്ന വ്യക്തിയെയുമാണ് സൂചിപ്പിക്കുന്നത്. പേരിലെ ഓരോ അക്ഷരങ്ങളും അർത്ഥവത്താണ്. S എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്, സ്നേഹപൂർവവും വികാരപരവുമായി പ്രതികരിക്കുന്ന ഒരു വ്യക്തിയെയാണ്. R എന്ന അക്ഷരത്തിനുടമ  ഉത്സാഹഭരിതനും തൊഴിൽക്കാര്യങ്ങളിൽ നീതിപുലർത്തുന്നയാളുമായിരിക്കും. T എന്ന അക്ഷരം നിശ്ചയദാർഢ്യത്തെയും ശീഘ്ര കോപത്തെയുമാണ് സൂചിപ്പിക്കുന്നത്. 

ഒരു പേരിലെ  ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെ അക്ഷരം, ഒരു വ്യക്തി എന്തെങ്കിലും പ്രശ്‍നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പറയുമ്പോൾ, ഒരു ലക്‌ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി വ്യക്തി കൈക്കൊള്ളുന്ന നിശ്ചയദാർഢ്യത്തെയാണ് അവസാന അക്ഷരം സൂചിപ്പിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെങ്കിൽ, അതുപ്രകാരമുള്ള  ഒരു പേര് നിങ്ങളുടെ കുഞ്ഞിന് സമ്മാനിക്കുന്നത് ജീവിതത്തിൽ വിജയിക്കാൻ ആ കുഞ്ഞിനെ സഹായിക്കുമെന്നുറപ്പാണ്.